Friday, April 19, 2024
HomeKeralaവാഹനാപകടത്തില്‍ മരിച്ചയാള്‍ക്ക് പോലീസ് കുറ്റപത്രം; പിഴയടക്കാന്‍ ആവശ്യപ്പെട്ട് കുടുംബത്തിന് നോട്ടീസ്

വാഹനാപകടത്തില്‍ മരിച്ചയാള്‍ക്ക് പോലീസ് കുറ്റപത്രം; പിഴയടക്കാന്‍ ആവശ്യപ്പെട്ട് കുടുംബത്തിന് നോട്ടീസ്

കണ്ണൂര്‍ | വാഹനാപകടത്തില്‍ മരണപ്പെട്ടയാള്‍ക്കെതിരെ കണ്ണൂര്‍ മയ്യില്‍ പോലീസ് കുറ്റപത്രം നല്‍കിയത് വിവാദമാകുന്നു.

അശ്രദ്ധമായി വാഹനമോടിച്ച്‌ അപകടം വരുത്തിയതില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 279 വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം ചെയ്തിരിക്കുവെന്നും പിഴയൊടുക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. കൈവരിയില്ലാത്ത കനാലിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞാണ് കണ്ണൂര്‍ കൊളച്ചേരി സ്വദേശി ചെങ്ങിനി ഒതയോത്ത് സി ഒ ഭാസ്‌കരന്‍ മരിച്ചത്. ഈ സംഭവത്തിലാണ് പരേതനെതിരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റം ചുമത്തിയത്.

കഴിഞ്ഞ മാര്‍ച്ച്‌ എട്ടിനാണ് അപകടമുണ്ടായത്. താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ നിന്നാണ് ബന്ധുക്കള്‍ക്ക് കത്ത് ലഭിച്ചത്. താങ്കള്‍ പ്രതിയായ കേസ് വിചാരണക്ക് വെച്ചിരിക്കുകയാണെന്നും നേരിട്ടോ വക്കീല്‍ മുഖാന്തരമോ ഹാജരായി പിഴയടക്കണമെന്നുമാണ് കത്തിലുള്ളത്. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന് ലഭിക്കേണ്ട ഇന്‍ഷ്വറന്‍സ് തുകയും ഇതോടെ കിട്ടില്ലെന്ന അവസ്ഥയായി.

അപകടത്തിന് ദൃക്സാക്ഷികളാരുമില്ല. സി സി ടി വി ദൃശ്യങ്ങളുമില്ല. എന്നിട്ടും മരിച്ചയാള്‍ക്കെതിരെ ഇത്തരത്തിലുള്ള നോട്ടീസ് അയച്ചതില്‍ കടുത്ത അമര്‍ഷത്തിലാണ് ഭാസ്‌കരന്റെ ബന്ധുക്കളും നാട്ടുകാരും. എന്നാല്‍ സംഭവത്തില്‍ പോലീസിന് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും സാധാരണ രീതിയില്‍ തന്നെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നുമാണ് മയ്യില്‍ പോലീസ് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular