Saturday, April 20, 2024
HomeIndiaവിശ്വാസ വോട്ടെടുപ്പ്: ഗവര്‍ണറുടെ ഉത്തരവിനെതിരെ ശിവസേന സുപ്രീംകോടതിയില്‍

വിശ്വാസ വോട്ടെടുപ്പ്: ഗവര്‍ണറുടെ ഉത്തരവിനെതിരെ ശിവസേന സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസ വോട്ട് തേടണമെന്ന ഗവര്‍ണര്‍ ഭഗത്സിങ് കോശിയാരിയുടെ ഉത്തരവിനെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചു.

16 എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള നടപടി ചോദ്യം ചെയ്തുള്ള ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സേന നേതാവും ചീഫ് വിപ്പുമായ സുനില്‍ പ്രഭു കോടതിയില്‍ ഹരജി നല്‍കിയത്. അയോഗ്യത നോട്ടീസ് ചോദ്യം ചെയ്തുള്ള ഹരജിയില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ വിശ്വാസ വോട്ട് നടത്താന്‍ അനുവദിക്കരുതെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

ഹരജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്നും ചീഫ് വിപ്പ് ആവശ്യപ്പെട്ടു. ഹരജി ബുധനാഴ്ച വൈകീട്ട് കോടതി പരിഗണിച്ചേക്കും. ഉദ്ധവ് താക്കറെ സര്‍ക്കാറിനോട് വ്യാഴാഴ്ച പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാനും സഭ നടപടികള്‍ ചിത്രീകരിക്കാനും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു.

രാവിലെ 11ന് ചേരുന്ന സഭയുടെ അജണ്ട വിശ്വാസ വോട്ടെടുപ്പ് മാത്രമായിരിക്കണം. വൈകീട്ട് അഞ്ചിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നുമാണ് ഉത്തരവ്. ഗുവാഹതിയിലെ ഹോട്ടലില്‍ കഴിയുന്ന ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതസംഘവും ഉടന്‍ മുംബൈയിലെത്തിയേക്കും. മുംബൈക്കു സമീപം ഏതെങ്കിലും ഹോട്ടലില്‍ എം.എല്‍.എമാരെ എത്തിക്കാനാണ് നീക്കം.

പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ചൊവ്വാഴ്ച രാത്രി ഗവര്‍ണറെ കണ്ട് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യ മഹാവികാസ് അഘാഡി സര്‍ക്കാറിന് ഭൂരിപക്ഷമില്ലെന്ന് അറിയിച്ചതോടെയാണ് വിശ്വാസ വോട്ടിന് കളമൊരുങ്ങിയത്. 16 എം.എല്‍.എമാരാണ് ഔദ്യോഗികപക്ഷത്തുള്ളത്. എന്‍.സി.പിയുടെ 52ഉം കോണ്‍ഗ്രസിലെ 44ഉം ശേഷിച്ച അഞ്ച് സ്വതന്ത്രരും ചേര്‍ന്നാല്‍ 117 പേരെ അഘാഡിയിലുള്ളൂ.

145 ആണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. എട്ട് സ്വതന്ത്രരടക്കം 114 പേരാണ് ബി.ജെ.പിക്കുള്ളത്. ഷിന്‍ഡെ പക്ഷത്തെ 16 പേരെ അയോഗ്യരാക്കിയാലും ശേഷിച്ച 34 പേരുടെ പിന്തുണയുണ്ടെങ്കില്‍ ബി.ജെ.പിക്ക് ഭരണം പിടിക്കാനാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular