Monday, August 8, 2022
HomeUSAഗർഭഛിദ്ര അവകാശത്തെ കുറിച്ചുള്ള കമല ഹാരിസിന്റെ ട്വീറ്റ് വിവാദമായി

ഗർഭഛിദ്ര അവകാശത്തെ കുറിച്ചുള്ള കമല ഹാരിസിന്റെ ട്വീറ്റ് വിവാദമായി

ഗർഭഛിദ്ര അവകാശം സംരക്ഷിക്കാൻ പൊരുതുമെന്ന പ്രഖ്യാപനത്തോടെ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഈ വിഷയത്തിൽ ആളിക്കത്തുന്ന വിവാദങ്ങളുടെ നടുവിലേക്കു നടന്നു കയറി. സുപ്രീം കോടതി വിധി വന്ന വെള്ളിയാഴ്ച ഇല്ലിനോയിലേക്കു പറക്കുമ്പോൾ എയർ ഫോഴ്‌സ് 2 ൽ സി എൻ എൻ വാർത്ത കാണുന്ന ചിത്രം ഹാരിസ് തന്റെ ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തിരുന്നു.

വ്യക്തമായൊരു നടപടിയും പ്രഖ്യാപിക്കാത്ത ട്വീറ്റിനെ വിമർശിച്ചവർ ആ ചിത്രത്തെയും അപലപിച്ചു. ടെക്സസ് സ്കൂളിലെ കൂട്ടക്കൊലയ്ക്കു ശേഷം ചില നേതാക്കന്മാർ ചടങ്ങിന് അയച്ച ‘ചിന്തകളും പ്രാർത്ഥനകളും കൂട്ടിനുണ്ട്’ എന്ന സന്ദേശം പോലെ നിർജീവമാണത് എന്നായിരുന്നു വിമർശനം.

ഇരു പക്ഷത്തും നിൽക്കുന്നവർ അവരെ ഒരു പോലെ ആക്രമിക്കുന്നു എന്ന് ഫോക്സ് ന്യൂസ് ചൂണ്ടിക്കാട്ടി.

ഹാരിസ് പറഞ്ഞത് ഇങ്ങിനെ: “ഭീതിയിലായ സ്ത്രീകളുണ്ടെന്നു എനിക്കറിയാം. ഒറ്റപ്പെട്ടു പോയെന്ന ചിന്തയും അവർക്കുണ്ടാവാം. അവരോടായി ഞാൻ പറയുന്നു, പ്രസിഡന്റും ഞാനും നിങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്നവരാണ്. നമ്മൾ ഈ പോരാട്ടത്തിൽ ഒന്നിച്ചാണ്.”

തീരെ അവ്യക്തവും നിരർത്ഥകവുമാണ് ഈ ട്വീറ്റെന്നു ചില ഡെമോക്രറ്റുകൾ വരെ പറഞ്ഞു. ന്യുയോർക്ക് മാഗസിൻ ലേഖിക ഹിലരി കെല്ലി ചോദിച്ചു: “കൂടുതൽ വ്യക്തമായി പറയാമോ? എങ്ങിനെയാണ് നിങ്ങൾ പൊരുതുക? തന്ത്രങ്ങൾ വിശദീകരിക്കൂ. നയങ്ങളും.”

നടൻ ജെയിംസ് അർബനയ്‌ക് പരിഹസിച്ചു: “നിങ്ങൾ മനസിലാക്കുക, ഞങ്ങളും ടി വി കാണുന്നുണ്ട്.”

അനുചിതമായ സമയത്തും സ്ഥലത്തുമാണ് ഹാരിസിന്റെ ട്വീറ്റ് ഉണ്ടായതെന്നാണ് പ്രധാന ആക്ഷേപം. എന്നാൽ ഗർഭഛിദ്ര അവകാശത്തിനു വേണ്ടി ഹാരിസ് പ്രവർത്തിച്ച പശ്ചാത്തലം അജ്ഞാതമൊന്നുമല്ല.

യുണൈറ്റഡ് ചർച്ച് ഓഫ് ക്രൈസ്റ്റ് പ്രസിഡന്റ് റെവറന്റ് ജോണ് ഡോർഹാർ അടുത്തിടെ ഹാരിസിന്റെ ഈ വിഷയത്തിലുള്ള ഓൺലൈൻ മീററ്റിൽ പങ്കെടുത്ത ശേഷം പറഞ്ഞത്, മറ്റു ചില ഉന്നത ഡെമോക്രറ്റുകളെക്കാൾ നിർഭയമായി അവർ നിലപാടെടുത്തു എന്നാണ്. “രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്നു അങ്ങിനെ കേൾക്കാൻ ഇടയായതിൽ സന്തോഷമുണ്ട്.”

ടെക്സസിൽ ആറാഴ്ചയ്ക്കു ശേഷം ഗർഭഛിദ്രം പാടില്ലെന്ന പുതിയ നിയമത്തെ ഹാരിസ് അപലപിച്ചിരുന്നു. സ്ത്രീകൾക്കു സ്വന്തം ശരീരത്തെ കുറിച്ചു തീരുമാനമെടുക്കാനുള്ള അവകാശത്തെപ്പറ്റി വില പേശേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു.

ആ നിയമം വന്ന അന്നു തന്നെ ടെക്സസ്, മിസിസിപ്പി, കെന്റക്കി, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിൽ ഗർഭഛിദ്രം നടത്തുന്നവരെയും രോഗികളെയും ഹാരിസ് കണ്ടിരുന്നു. ആറാഴ്ചയ്ക്കുള്ളിൽ സ്ത്രീകൾക്ക് ഗർഭമുണ്ടെന്നു സ്വയം തിരിച്ചറിയാൻ കഴിയണമെന്നില്ല എന്ന വാദം കേട്ട അവർ പറഞ്ഞു: “സ്വന്തം ശരീരത്തെ കുറിച്ച് തീരുമാനം എടുക്കാനുള്ള അവകാശം സ്ത്രീകൾക്കുള്ളതാണ്. അത് അവരുടെ ശരീരമാണ്.”

ഒരു പ്രസ്താവനയിൽ അവർ പറഞ്ഞു: “സുരക്ഷിതവും നിയമാനുസൃതവുമായ ഗർഭഛിദ്രം നടത്താൻ കഴിയുന്ന വിധം സ്ത്രീകളുടെ അവകാശത്തെ കാത്തു സൂക്ഷിക്കാൻ ഞങ്ങൾ ഭരണത്തിന്റെ എല്ലാ ആയുധങ്ങളും ഉപയോഗിക്കും.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular