Thursday, April 18, 2024
HomeUSA2024ൽ ബൈഡനും വേണ്ട ട്രംപും വേണ്ട: വോട്ടർമാർ

2024ൽ ബൈഡനും വേണ്ട ട്രംപും വേണ്ട: വോട്ടർമാർ

അടുത്ത യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ മത്സരിക്കുന്നതിനെ പത്തിൽ ഏഴു അമേരിക്കൻ വോട്ടർമാർ എതിർക്കുന്നു: 71%. ഏതാണ്ട് അത്രയും തന്നെ — 61% ഡൊണാൾഡ് ട്രംപിനെയും തള്ളിക്കളയുന്നു.

ഇവർ രണ്ടു പേരുമല്ലാതെ ഒരു മിതവാദിയെ ആണ് ഹാർവാഡ് ക്യാപ്സ്-ഹാരിസ് പോൾ സർവേയിൽ ഭൂരിപക്ഷവും അനുകൂലിക്കുന്നത്. ‘ദ ഹിൽ’ പുറത്തു വിട്ട സർവ്വേയിൽ കാണുന്നത് ബൈഡൻ പരാജയപ്പെട്ട പ്രസിഡന്റാണ് എന്ന ഭൂരിപക്ഷ അഭിപ്രായമാണ്. പ്രായാധിക്യവും ചിലർ ചൂണ്ടിക്കാട്ടുന്നു. വീണ്ടും മത്സരിക്കുന്നതിനെ 29% മാത്രമാണ് അനുകൂലിക്കുന്നത്.

ബൈഡന്റെ ജോലിയിൽ മികവ് കാണുന്ന 38% പേരേയുള്ളൂ. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ 28% മാത്രം. സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ 32. എന്നാൽ തൊഴിൽ ലഭ്യമാക്കുന്നതിൽ അദ്ദേഹത്തെ 43% പിന്തുണയ്ക്കുന്നു. കോവിഡ് നിയന്ത്രണ ശ്രമങ്ങൾക്ക് 50 ശതമാനവും.

ട്രംപിന് റിപ്പബ്ലിക്കൻ പാർട്ടിയിൽ ഏറെ സ്വാധീനമുണ്ടെന്നു കാണുന്നവരും അദ്ദേഹം വീണ്ടും പ്രസിഡന്റാകുന്നതിനെ അനുകൂലിക്കുന്നില്ല. ജനുവരി 6 കലാപത്തിന്റെ സാക്ഷി മൊഴികൾ ആണ് അതിനൊരു കാരണമെന്നു കരുതുന്നവരുണ്ട്.

എന്നാൽ എമേഴ്സൺ കോളേജ് നടത്തിയ മറ്റൊരു വോട്ടെടുപ്പിൽ ബൈഡനെ 2024 ൽ തോൽപിക്കാൻ ട്രംപിനു കഴിയുമെന്നാണ് വിലയിരുത്തൽ. ബൈഡനു 39% പിന്തുണയുള്ളപ്പോൾ ട്രംപിന് 44 ഉണ്ട്. മേയിൽ നടത്തിയ വോട്ടെടുപ്പിലും ഇതേ നിലയായിരുന്നു.

ഡെമോക്രാറ്റിക്‌ പാർട്ടിയിൽ 64% പേര് ബൈഡൻ വീണ്ടും പ്രസിഡന്റാവണം എന്ന് അഭിപ്രായപ്പെടുന്നു.

സ്ത്രീകളോടൊപ്പം

ഗർഭഛിദ്ര അവകാശം എടുത്തു കളഞ്ഞതു നവംബർ തിരഞ്ഞെടുപ്പിൽ ചൂട് പിടിച്ച വിഷയമായി മാറുന്നതിനിടെ, നിരോധനമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഗർഭഛിദ്രം ലഭ്യമായ സംസ്ഥാനങ്ങളിലേക്കു യാത്ര ചെയ്യുന്ന സ്ത്രീകൾക്കു സംരക്ഷണം നൽകുമെന്ന് ബൈഡൻ വെള്ളിയാഴ്ച ആവർത്തിച്ചു. തിരഞ്ഞെടുപ്പിൽ ഈ വിഷയം പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ഡെമോക്രറ്റുകളുടെ പ്രതീക്ഷ.

ഡെമോക്രറ്റിക് ഗവർണർമാരുമായി ഓൺലൈൻ സംഭാഷണത്തിലാണ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഏതെങ്കിലും സംസ്ഥാനം ഗർഭഛിദ്രം തേടി എത്തുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചാൽ ഇടപെടേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ന്യു ജേഴ്സിയിൽ ഗവർണർ ഫിൽ മർഫി വെള്ളിയാഴ്ച ഒപ്പു വച്ച രണ്ടു ബില്ലുകളിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പുനരുൽപാദന സുരക്ഷ തേടി എത്തുന്നവരെ സംരക്ഷിക്കാൻ വ്യവസ്ഥയുണ്ട്. നിയമാനുസൃതമായി ഗർഭഛിദ്രം അനുവദിക്കുന്ന സംസ്ഥാനത്തു അതിനു എത്തുന്നവരെ തടഞ്ഞു തിരിച്ചയക്കാൻ ശ്രമിക്കുന്നത് ഡെമോക്രാറ്റിക്‌ ഗവർണർ നിരോധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular