Thursday, April 25, 2024
HomeUSAപാക്കിസ്ഥാനി അമേരിക്കൻ ഖിസർ ഖാന് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം

പാക്കിസ്ഥാനി അമേരിക്കൻ ഖിസർ ഖാന് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം

അമേരിക്കയുടെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ഈ വർഷം ലഭിക്കുന്ന 17 പേരിൽ ഇതാദ്യമായി പാക്കിസ്ഥാനി അമേരിക്കനും. ഇറാഖ് യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ഹുമയൂൺ ഖാന്റെ പിതാവ് ഖിസർ ഖാനാണ് (71) ജൂലൈ 7 നു പ്രസിഡന്റ് ജോ ബൈഡനിൽ നിന്ന് ബഹുമതി സ്വീകരിക്കുക.

ദക്ഷിണേഷ്യയിൽ നിന്ന് തന്നെ മെഡൽ നേടുന്ന മൂന്നാമനാണ് ഖാൻ. ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്ന അൽബേനിയൻ മിഷനറി മദർ തെരേസ (1985), ബംഗ്ളദേശിൽ ഗ്രാമീൺ ബാങ്ക് സ്ഥാപിച്ച സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് യൂനുസ് എന്നിവരാണ് ഇതിനു മുൻപ് ലഭിച്ചവർ.

“യു എസിന്റെ പുരോഗതിക്കോ മൂല്യങ്ങൾക്കോ  സുരക്ഷയ്ക്കോ ലോക സമാധാനത്തിനോ മറ്റു സുപ്രധാന സാമൂഹ്യ-പൊതു-സ്വകാര്യ സംരംഭങ്ങൾക്കോ ശ്രേഷ്‌ഠമായ സംഭാവന നൽകിയിട്ടുള്ള വ്യക്തികൾക്കാണ്” ഈ ബഹുമതി നൽകുന്നതെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.

പ്രസിഡന്റ് ജോൺ കെന്നഡി 1963 ൽ ഏർപ്പെടുത്തിയ പുരസ്‌കാരം ഇക്കുറി മെഡൽ നേടിയവരിൽ അന്തരിച്ച സെനറ്റർ ജോൺ മക്കെയ്ൻ, പ്രഗത്ഭ നടൻ ഡെൻസൽ വാഷിംഗ്‌ടൺ, ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ്, ജിംനാസ്റ് സിമോണെ ബിലെസ് എന്നിവരും ഉൾപ്പെടുന്നു.

വിർജീനിയയിലെ ഷാർലോട്ടസ്‌വിലെ നിവാസിയായ ഖാൻ 2016 ലെ ഡെമോക്രാറ്റിക്‌ നാഷണൽ കൺവെൻഷനിൽ പ്രസിഡന്റ് ഡോലാൻഡ് ട്രംപിനെ വിമർശിച്ചു ശ്രദ്ധ നേടിയിരുന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം പരിമിതപ്പെടുത്താനുള്ള ട്രംപിന്റെ നീക്കം പരാമർശിച്ചു ഖാൻ പറഞ്ഞു: “അമേരിക്കയുടെ പ്രതിരോധത്തിനു വേണ്ടി ജീവൻ കൊടുത്ത ധീരന്മാരായ ദേശസ്നേഹികളുടെ ശവകുടീരങ്ങൾ പോയി കാണുക. എല്ലാ മത വിശ്വാസങ്ങളും വംശങ്ങളും  ലിംഗഭേദമില്ലാതെ നിങ്ങൾക്കവിടെ കാണാം. നിങ്ങൾ സ്വന്തമായി ഒന്നും ത്യജിച്ചിട്ടില്ല.”

ഖാന്റെയും ഭാര്യ ഗസലാ ഖാന്റെയും പുത്രൻ ക്യാപ്റ്റൻ ഹുമയൂൺ ഖാൻ സ്വന്തം ജീവൻ ബലി  കഴിച്ചത് മറ്റു സൈനികരെ രക്ഷിക്കാനാണ്. 2004 ൽ ഇറാഖ് യുദ്ധഭൂമിയിൽ വച്ച് സൈനികർക്കു നേരെ പാഞ്ഞടുത്ത ടാക്സി കാർ തടയാൻ ശ്രമിക്കുമ്പോഴാണ് അദ്ദേഹത്തിനു ദുരന്തമുണ്ടായത്. കാറിലുണ്ടായിരുന്ന ബോംബ് പൊട്ടി ഖാൻ മരിച്ചു. മറ്റു സൈനികർ രക്ഷപെട്ടു. അദ്ദേഹത്തിന് പർപ്പിൾ ഹാർട്ടും ബ്രോൺസ് സ്റ്റാറും മരണാന്തര ബഹുമതിയായി നൽകി.

കോൺസ്റ്റിട്യൂഷൻ, ലിറ്ററസി ആൻഡ് യൂണിറ്റി സെന്ററിന്റെ സ്ഥാപകനായ ഖിസാർ ഖാൻ ഹാർവാഡിൽ പഠിച്ച അഭിഭാഷകനാണ്. നിയമവാഴ്ചയ്ക്കും മത സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന അദ്ദേഹം ബൈഡനു കീഴിൽ അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുള്ള കമ്മീഷനിൽ പ്രവർത്തിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular