Friday, April 19, 2024
HomeUSAമഹാഭാരതത്തെ നാടകരൂപത്തിൽ ലോകവേദികളിൽ അവതരിപ്പിച്ച നാടക സംവിധായകൻ പീറ്റർ ബ്രുക്ക് അന്തരിച്ചു

മഹാഭാരതത്തെ നാടകരൂപത്തിൽ ലോകവേദികളിൽ അവതരിപ്പിച്ച നാടക സംവിധായകൻ പീറ്റർ ബ്രുക്ക് അന്തരിച്ചു

പ്രമുഖ ഇംഗ്ലീഷ് നാടക – ചലച്ചിത്ര സംവിധായകനായിരുന്ന പീറ്റർ ബ്രൂക്ക് (peter brook) അന്തരിച്ചു. 97 വയസ്സായിരുന്നു. ഫ്രാൻസ് ആസ്ഥാനമാക്കിയാണ് ബ്രൂക്ക് പ്രവർത്തിച്ചിരുന്നത്. തന്റെ പതിനെട്ടാമത്തെ വയസിൽ ആദ്യത്തെ നാടക സംരംഭവുമായി രംഗത്തെത്തിയ ബ്രൂക്ക് പിന്നീട് തിയേറ്റർ രംഗത്തെ അതികായനായി പരിണമിക്കുകയായിരുന്നു. ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ട നിരവധി നാടകങ്ങളിലൂടെ വിശ്വമൗലീക സംവിധായകനായി പരിഗണിക്കപ്പെട്ടു.

1970 ൽ പാരീസിൽ അദ്ദേഹം സ്ഥാപിച്ച ഇന്റർനാഷണൽ സെന്റർ ഫോർ തിയേറ്റർ റിസർച്ച് ലോക നാടക ഗവേഷണ രംഗത്തെ അതുല്യ സ്ഥാപനങ്ങളിലൊന്നാണ്. അത് മുതലാണ് ബ്രൂക്ക് ഫ്രാൻസ് തന്റെ തട്ടകമാക്കിയത്.

റോയൽ ഷേക്സ്പിയർ കമ്പനിയ്ക്കൊപ്പം ബ്രൂക്ക് 1964ൽ മറാട്ട് സേഡിന്റ് ആദ്യ ഇംഗ്ലീഷ് ഭാഷാ നിർമ്മാണം സംവിധാനം ചെയ്തു. ഇത് 1965 ൽ ബ്രോഡ് വേയിലേക്ക് മാറ്റുകയും മികച്ച നാടകത്തിനുള്ള ടോണി അവാർഡു നേടുകയും മികച്ച സംവിധായകനായി ബ്രൂക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ദ മഹാഭാരത എന്ന പേരിൽ പീറ്റർ ബ്രൂക്ക് സംവിധാനം ചെയ്ത മഹാഭാരതത്തിന്റെ നാടകരൂപം ലോകശ്രദ്ധ ആകർഷിച്ച വർക്ക് ആണ്. 9 മണിക്കൂർ ദൈർഘ്യമുള്ള ഈ നാടകം 1985 ൽ ആദ്യം പാരീസിലാണ് അരങ്ങേറുന്നത്.

കലയ്ക്ക് നൽകിയ വിലപ്പെട്ട സംഭാവനകൾക്ക് 2021-ൽ ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീയും അദ്ദേഹത്തിന് ലഭിച്ചു.

1921 മാർച്ച് 21 ന് ലണ്ടനിലാണ് ബ്രൂക്കിന്റെ ജനനം. ടോണി, എമ്മി അവാർഡുകൾ, ലോറൻസ് ഒലിവിയർ അവാർഡ്, പ്രീമിയർ ഇംപീരിയൽ അവാർഡ്,പ്രിക്സ് ഇറ്റാലിയ അവാർഡ് തുടങ്ങി ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ നാടക സംവിധായകൻ എന്നാണ് അറിയപ്പെട്ടിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular