Thursday, April 18, 2024
HomeEurope'ബെയര്‍ സ്റ്റോ'പ്പില്ലാത്ത 'റൂട്ടി'ല്‍ ഇംഗ്ലണ്ടിന് ഏഴുവിക്കറ്റിന്റെ ആവേശജയം

‘ബെയര്‍ സ്റ്റോ’പ്പില്ലാത്ത ‘റൂട്ടി’ല്‍ ഇംഗ്ലണ്ടിന് ഏഴുവിക്കറ്റിന്റെ ആവേശജയം

ബിര്‍മിങ്ഹാം: വിജയത്തിലേക്കെന്നുതോന്നിച്ച വമ്ബന്‍ ​ടോട്ടല്‍ വെച്ചുനീട്ടിയിട്ടും എജ്ബാസ്റ്റണില്‍ ഇന്ത്യ കീഴടങ്ങി.

ഋഷഭ് പന്തും രവീന്ദ്ര ​ജദേജയും ഒന്നാമിന്നിങ്സില്‍ നടത്തിയ ​തേരോട്ടത്തിന് മറുപടിയായി ജോ റൂട്ടിന്റെയും ജോണി ​ബെയര്‍സ്റ്റോയുടേയും അശ്വമേധം..ഉരുളക്കുപ്പേരിയെന്നോണം, ഇന്ത്യക്ക് മറുപടി നല്‍കാന്‍ ഇംഗ്ലണ്ടിനത് ധാരാളമായിരുന്നു. എജ്ബാസ്റ്റണില്‍ ആശങ്കവേളകളെ അതിര്‍വരക്കപ്പുറത്തേക്ക് അടിച്ചകറ്റി വമ്ബന്‍ വിജയലക്ഷ്യം എത്തിപ്പിടിക്കാന്‍ ഇരുവരും പാഡണിഞ്ഞ് അജയ്യരായപ്പോള്‍ ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഏഴു വിക്കറ്റിന്റെ ആവേശ ജയം കുറിച്ചു. റൂട്ടും (142 നോട്ടൗട്ട്) ബെയര്‍സ്റ്റോയും (114 നോട്ടൗട്ട്) രണ്ടാമിന്നിങ്സില്‍ നേടിയ തകര്‍പ്പന്‍ അപരാജിത ശതകങ്ങളുടെ പിന്‍ബലത്തിലായിരുന്നു പരാജയഭീതിയില്‍നിന്ന് ആതിഥേയര്‍ ഗംഭീരജയത്തിലേക്ക് പൊരുതിക്കയറിയത്. ടെസ്റ്റില്‍ ഇന്ത്യ ഇതോടെ പരമ്ബര 2-2ന് തുല്യനിലയില്‍ കലാശിച്ചു.

ജയിക്കാന്‍ ഏഴു വിക്കറ്റ് കൈയിലിരിക്കേ 119 റണ്‍സ് മതിയെന്ന നിലയില്‍ ക്രീസിലിറങ്ങിയ ആതിഥേയ ബാറ്റ്സ്മാന്മാര്‍ ജസ്പ്രീത് ബുംറക്കും കൂട്ടുകാര്‍ക്കും ഒരു പഴുതും നല്‍കിയില്ല. 378 റണ്‍സെന്ന വമ്ബന്‍ ലക്ഷ്യത്തിലേക്ക് വിജയതൃഷ്ണയും ആത്മവിശ്വാസവും ചാലിച്ച്‌ ബാറ്റുവീശിയ ഇംഗ്ലീഷുകാര്‍ ഇന്നിങ്സിന്റെ ഒരു ഘട്ടത്തിലും തോല്‍വി ഭയക്കേണ്ട അവസ്ഥയിലായിരുന്നില്ല.

അലക്സ് ലീസും (56) സാക്ക് ക്രോളിയും (46) ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കത്തിന്റെ അടിത്തറയില്‍നിന്നാണ് റൂട്ട്-ബെയര്‍സ്റ്റോ സഖ്യം തേരോട്ടം നടത്തിയത്. ഇതിനിടയില്‍ ഒലീ പോപ് പൂജ്യത്തിന് കൂടാരം കയറിയതൊന്നും അവരെ അലട്ടിയതേയില്ല. അഭേദ്യമായ നാലാം വിക്കറ്റില്‍ 316 പന്തില്‍ 269 റണ്‍സിന്റെ അത്യുജ്വല കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്.

ഒന്നാമിന്നിങ്സില്‍ 132 റണ്‍സിന്റെ ലീഡ് വഴങ്ങിയശേഷമാണ് ഇംഗ്ലണ്ടിന്റെ വീരോചിത തിരിച്ചുവരവ്. ഒന്നാമിന്നിങ്സിലും സെഞ്ച്വറി നേടിയ ബെയര്‍സ്റ്റോ രണ്ടാമിന്നിങ്സില്‍ റൂട്ടിനൊത്ത കൂട്ടായി. റൂട്ട് 173 പന്തില്‍ 19 ഫോറും ഒരു സിക്സുമടക്കം 142ലെത്തിയപ്പോള്‍ 145 പന്തില്‍ 15 ഫോറും ഒരു സിക്സുമടങ്ങിയതായിരുന്നു ബെയര്‍സ്റ്റോയുടെ ഇന്നിങ്സ്. ഇംഗ്ലണ്ട് 284 റണ്‍സിന് പുറത്തായ ഒന്നാമിന്നിങ്സില്‍ 106 റണ്‍സായിരുന്നു ബെയര്‍സ്റ്റോയുടെ സംഭാവന.

ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ ബുറം 74 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ബെയര്‍സ്റ്റോയാണ് ​െപ്ലയര്‍ ഓഫ് ദ മാച്ച്‌. റൂട്ടാണ് െപ്ലയര്‍ ഓഫ് ദ സീരീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular