Sunday, October 17, 2021
HomeKeralaസ്കൂൾ തുറക്കൽ: രണ്ട് ദിവസത്തിനുള്ളിൽ വിശദമായ പദ്ധതി തയ്യാറാക്കും : മന്ത്രി വി ശിവൻകുട്ടി

സ്കൂൾ തുറക്കൽ: രണ്ട് ദിവസത്തിനുള്ളിൽ വിശദമായ പദ്ധതി തയ്യാറാക്കും : മന്ത്രി വി ശിവൻകുട്ടി

ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകളെങ്കിലും സമാന്തരമായി ഓൺലൈൻ ക്ലാസുകൾ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നവംബർ ഒന്നിന് സ്കൂളുകൾ തുറക്കാൻ തീരുമാനമായിരുന്നത്. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളും നവംബർ ഒന്നിന് ആരംഭിക്കും. ബാക്കിയുള്ള ക്ലാസുകൾ നവംബർ 15ന് തുടങ്ങും. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസമന്ത്രി വി  ശിവൻകുട്ടി എങ്ങനെയായിരിക്കും വിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ എന്ന് വിശദീകരിച്ചത്.

വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ വലിയ വെല്ലുവിളികളും കടമ്പകളും ഉണ്ടെന്ന് സൂചിപ്പിച്ചായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. സംസ്ഥാനത്ത് 7000 കുട്ടികൾ വരെ പഠിക്കുന്ന സ്കൂളുകൾ ഉണ്ട്. അതിനാൽ പ്രത്യേക സാഹചര്യത്തിൽ പഴുതടച്ചുള്ള ക്രമീകരണങ്ങൾ തന്നെ ഏർപ്പെടുത്തേണ്ടതുണ്ട്. ഇതിനായി ആരോഗ്യവകുപ്പുമായി വിശദമായ കൂടിയാലോചനകൾ നടത്തും. വിദ്യാഭ്യാസ – ആരോഗ്യ ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ചകൾ നടത്തും. രണ്ടുദിവസത്തിനുള്ളിൽ ചർച്ചകൾ നടത്തി വിശദമായ പദ്ധതി തയാറാക്കി അത് മുഖ്യമന്ത്രിക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു.

ഈ പദ്ധതിയുടെ അടിസ്ഥാനത്തിലാകും സ്കൂൾ തുറക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുക. സ്കൂളുകളിൽ ഏതൊക്കെ രീതിയിൽ ക്രമീകരണങ്ങൾ നടത്തണമെന്ന്  ആരോഗ്യ വകുപ്പുമായുള്ള ചർച്ചയിൽ  തീരുമാനിക്കും. സ്കൂൾ തുറക്കുന്നതിനു വിവിധ തലങ്ങളിലുള്ള ചർച്ചകൾ അനിവാര്യമാണ്. അതിനാൽ ഷിഫ്റ്റ് അടക്കമുള്ള കാര്യങ്ങളിൽ അധ്യാപക സംഘടനകളുമായി ചർച്ച നടത്തിയതിന് ശേഷം തീരുമാനമെടുക്കും. കളക്ടർമാരുമായിട്ടും ചർച്ചകൾ നടത്തും. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകളെങ്കിലും സമാന്തരമായി ഓൺലൈൻ ക്ലാസുകൾ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ഗതാഗത സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കാനുള്ള ബദൽ മാർഗങ്ങൾ എങ്ങനെ വേണമെന്നുള്ളത് ചർച്ച ചെയ്ത് തീരുമാനിക്കും. അതേസമയം വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാതെയാണ് സ്കൂൾ തുറക്കൽ പ്രഖ്യാപനം എന്ന വാർത്തകൾ വിദ്യാഭ്യാസ മന്ത്രി തള്ളി. കഥയെഴുതുന്നവരുടെ മനസ്സിൽ തോന്നിയ കാര്യങ്ങളാണ് വിവാദം സൃഷ്ടിച്ചത്. മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണ്. സ്കൂൾ തുറക്കൽ പ്രഖ്യാപനത്തിന് മുൻപ് കൃത്യമായ കൂടിയാലോചനകൾ നടന്നു. വിദ്യാഭ്യാസ വകുപ്പുമായി പല ഘട്ടങ്ങളിലായി ചർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ എല്ലാ ചർച്ചകളുടെയും വിശദാംശങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നും  വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular