Thursday, March 28, 2024
HomeIndia'ഞാന്‍ പാകിസ്താനിലേക്ക് പോകുന്നു, ആരൊക്കെ എന്നോടൊപ്പം വരുന്നു?'; പാക് ക്രിക്കറ്റിന് പിന്തുണയുമായി ക്രിസ് ഗെയ്ല്‍

‘ഞാന്‍ പാകിസ്താനിലേക്ക് പോകുന്നു, ആരൊക്കെ എന്നോടൊപ്പം വരുന്നു?’; പാക് ക്രിക്കറ്റിന് പിന്തുണയുമായി ക്രിസ് ഗെയ്ല്‍

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ പലകുറി പാക്കിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും സുരക്ഷാ പ്രശ്‌നം ഉള്ളതായി തോന്നിയിട്ടില്ലെന്നായിരുന്നു ഡാരന്‍ സമിയുടെ പ്രതികരണം.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്പ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് ടീം പര്യടനത്തില്‍ നിന്ന് പിന്മാറിയത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. താരങ്ങളുടെ സുരക്ഷ ചൂണ്ടിക്കാണിച്ച് വിദേശ ടീമുകള്‍ പാകിസ്താനില്‍ പര്യടനം നടത്താന്‍ വിമുഖത കാണിക്കുന്നതിനിടെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് മുന്‍കയ്യെടുത്ത് വിവിധ പര്യടനങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ പദ്ധതിയിട്ടത്. പര്യടനത്തിന് തയ്യാറായ ടീമുകള്‍ക്ക് അതീവ സുരക്ഷയും ഒരുക്കിയിരുന്നു.

പാകിസ്താന്‍ പര്യടനം ഉപേക്ഷിച്ച് ന്യൂസീലന്‍ഡ് ടീം മടങ്ങിയ സംഭവം വിവാദമായിരിക്കെ വ്യത്യസ്തമായ രീതിയില്‍ പ്രതികരിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒറ്റ വരി കുറിപ്പിലാണ് താന്‍ പാക്കിസ്ഥാനിലേക്കു പോകുകയാണെന്നാണ് ഗെയ്‌ലിന്റെ പ്രഖ്യാപനം.

‘ഞാന്‍ നാളെ പാക്കിസ്താനിലേക്ക് പോകുകയാണ്. ആരെങ്കിലും എനിക്കൊപ്പം പോരുന്നുണ്ടോ?’ – ഇതായിരുന്നു ട്വിറ്ററില്‍ ഗെയ്ല്‍ കുറിച്ചിട്ട വാചകം. ഐപിഎല്‍ 14ആം സീസണ്‍ ഇന്ന് പുനരാരംഭിക്കാനിരിക്കെ പഞ്ചാബ് കിങ്‌സ് താരമായ ഗെയ്‌ലിന്റെ പ്രഖ്യാപനം ക്രിക്കറ്റ് ആരാധകരെ വളരെയധികം ആകാംക്ഷയിലാഴ്ത്തി. മാത്രമല്ല, എല്ലാവരും പാകിസ്താന്‍ ക്രിക്കറ്റിനെ കയ്യൊഴിയുന്ന സാഹചര്യത്തില്‍ ഗെയ്‌ലിന്റെ ട്വീറ്റ് ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്.

പാകിസ്താന്‍ താരം മുഹമ്മദ് ആമിര്‍ ഗെയ്‌ലിന്റെ ട്വീറ്റിനോട് പ്രതികരിച്ചതും കൗതുകമായി. പാകിസ്ഥാനില്‍വച്ച് കാണാമെന്നായിരുന്നു ആമിറിന്റെ പ്രതികരണം.

നേരത്തേ, വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്യാപ്റ്റനായ ഡാരന്‍ സമിയും പാക്കിസ്താന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ പലകുറി പാക്കിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും സുരക്ഷാ പ്രശ്‌നം ഉള്ളതായി തോന്നിയിട്ടില്ലെന്നായിരുന്നു സമിയുടെ പ്രതികരണം.

അവസാന നിമിഷം പര്യടനത്തില്‍ നിന്ന് പിന്മാറിയ ന്യൂസിലന്‍ഡ് ടീമിനെതിരെ രൂക്ഷ വിമര്‍ശനമാണ് പാകിസ്താന്‍ ക്രിക്കറ്റ് ലോകത്ത് നിന്നും ഉണ്ടാകുന്നത്. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും മുന്‍ താരവുമായ റമീസ് രാജ അടക്കമുള്ളവര്‍ ശക്തമായ രീതിയില്‍ ന്യൂസിലന്‍ഡ് ടീമിന്റെ നടപടിക്കെതിരെ തുറന്നടിച്ചു.

മൂന്ന് ഏകദിനങ്ങളും രണ്ട് ടി-20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉണ്ടായിരുന്നത്. 18 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്താനിലെത്തിയത്. സെപ്റ്റംബര്‍ 17 മുതല്‍ തുടങ്ങുന്ന മൂന്നു മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും അഞ്ച് ടി20 യും കളിക്കാനായിരുന്നു സന്ദര്‍ശനം. സെപ്റ്റംബര്‍ 17, 19, 21 ദിവസങ്ങളില്‍ റാവല്‍പിണ്ടിയില്‍ ഏകദിന മത്സരങ്ങളും ലാഹോറില്‍ ടി 20 മത്സരങ്ങളുമാണ് സംഘടിപ്പിച്ചിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular