Friday, March 29, 2024
HomeKeralaവർക്ക്ഷോപ്പുകളും തദ്ദേശസ്ഥാപനങ്ങളുടെ വാഹനങ്ങളുടെ പരിപാലനത്തിലായി ഉപയോഗിക്കുമെന്നും ബിജുപ്രഭാകർ പറഞ്ഞു

വർക്ക്ഷോപ്പുകളും തദ്ദേശസ്ഥാപനങ്ങളുടെ വാഹനങ്ങളുടെ പരിപാലനത്തിലായി ഉപയോഗിക്കുമെന്നും ബിജുപ്രഭാകർ പറഞ്ഞു

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർമാരെ തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യനീക്ക – വാഹനങ്ങൾ ഓടിക്കാൻ വിന്യസിക്കാനുള്ള  തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് എംഡി ബിജുപ്രഭാകർ. സ്ഥിരം ജീവനക്കാർ തയ്യാറായില്ലെങ്കിൽ ജോലിയില്ലാതെ നിൽക്കുന്ന എംപാനൽ ജീവനക്കാരെ ഇതിനായി ഉപയോഗിക്കും. വർക്ക്ഷോപ്പുകളും തദ്ദേശസ്ഥാപനങ്ങളുടെ വാഹനങ്ങളുടെ പരിപാലനത്തിലായി ഉപയോഗിക്കുമെന്നും  ബിജുപ്രഭാകർ ന്യൂസ് 18 നോട് പറഞ്ഞു.
മൂന്ന് നിർദ്ദേശങ്ങളാണ് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ തദ്ദേശസ്വയംഭരണ വകുപ്പിന് മുന്നിൽ വച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ വാഹനം ഓടിക്കാൻ ഡ്രൈവറെ വിട്ടു നൽകൽ, അല്ലെങ്കിൽ ഡ്രൈവറും പരിപാലനവും, അല്ലെങ്കിൽ വാഹനം, പരിപാലനം, ഇന്ധനം എന്നിവ കെഎസ്ആർടിസി പാക്കേജായി മുന്നോട്ട് വയ്ക്കും. നിശ്ചിത തുക കെഎസ്ആർടിസിയ്ക്ക് തദ്ദേശ സ്ഥാപനം നൽകണം.

ആയിരം വാഹനമെങ്കിലും എങ്കിലും ഈ രീതിയിൽ കെഎസ്ആർടിസി ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ. അധികമുള്ള ഡ്രൈവർമാരെ ഈ രീതിയിൽ ഉപയോഗിക്കാനാകുമെന്നും എംഡി ബിജു പ്രഭാകർ പറഞ്ഞു.തൊഴിലാളി യൂണിയനുകൾ എതിർത്താലും തീരുമാനത്തിൽ നിന്ന് പിന്നോട്ട് ഇല്ല.

സ്ഥിരം ജീവനക്കാരെ ലഭിച്ചില്ലെങ്കിൽ എംപാനൽ ജീവനക്കാരെ ഉപയോഗിച്ച് പ്രത്യാക വിഭാഗമായി തദ്ദേശ സ്ഥാപനങ്ങളുമായുള്ള സഹകരണം നടപ്പാക്കുമെന്നും എംഡി ബിജു പ്രഭാകർ പറഞ്ഞു.
പക്ഷേ കെഎസ്ആർടിസിയിൽ ജീവനക്കാരുടെ എണ്ണം അധികമാണെന്നും, കുറയ്ക്കാൻ മറ്റ് വഴികൾ തേടേണ്ടി വരുമെന്നും എംഡി മുന്നറിയിപ്പ് നൽകുന്നു.  തദ്ദേശ സ്വയംഭരണ വകുപ്പിന് കെഎസ്ആർടിസി എംഡി ജൂലൈ ഏഴിനാണ് ശുപാർശ നൽകിയത്.  ടിക്കറ്റിനു പുറത്തുള്ള വരുമാനം വർദ്ധിപ്പിക്കാനാണ് പുതിയ ശുപാർശകൾ മുന്നോട്ട് വച്ചത്.

കെഎസ്ആർടിസിക്ക് മികച്ച വർക്ഷോപ്പും പരിചയ സമ്പന്നരായ ജീവനക്കാരും ഉണ്ട്. പാപ്പനംകോട് സെൻട്രൽ വർക്സ് ഉൾപ്പെടെ 25 വർക്ഷോപ്പുകൾ കേരളത്തിൽ ഉടനീളമുണ്ട്. ജീവനക്കാരുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തുകയാണെങ്കിൽ, മിതമായ നിരക്കിൽ തദ്ദേശ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താം. അറ്റകുറ്റ പണികൾ നടത്തുന്നതിലെ അഴിമതി ശ്രമങ്ങളും ഒഴിവാകും. ഡ്രൈവർ, അറ്റകുറ്റപ്പണി, ഡീസൽ എന്ന പാക്കേജ് ആയും കരാറിൽ ഏർപ്പെടാൻ തയ്യാറാണെന്നും കെഎസ്ആർടിസി നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നു.

അതേസമയം മാലിന്യനീക്കത്തിന് കെഎസ്ആർടിസി ഡ്രൈവർമാരെ ഉപയോഗിക്കാമെന്ന ശുപാർശയ്ക്കെതിരെയാണ് തൊഴിലാളി സംഘടനകൾ രംഗത്തെത്തിയത്. ജീവനക്കാരെ കെഎസ്ആർടിസി മാനേജ്മെന്റ് അപമാനിക്കുകയാണെന്ന് കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടന നേതാവ്  ആർ ശശിധരൻ പറഞ്ഞു. ശമ്പള പരിഷ്കരണം അട്ടിമറിക്കാൻ വേണ്ടിയുള്ള നീക്കമാണ് മാനേജ്മെന്റ് നടത്തുന്നതെന്ന് ബിഎംഎസ് നേതാവ് ആർഎൽ രാജേഷ് പറഞ്ഞു.പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ അനുകൂല സംഘടനയായ ട്രാൻസ്പോർട്ട് എംപ്ളോയീസ് യൂണിയൻ എംഡിക്ക് കത്തെഴുതി.

ഡ്രൈവർമാരെ മാത്രമല്ല, പഴയ ബസുകൾ റീമോഡൽ ചെയ്ത് മാലിന്യ നീക്കത്തിന് ഉപയോഗിക്കാമെന്നും ശുപാർശയുള്ളതായി ജീവനക്കാരുടെ പ്രതിനിധികൾ പറയുന്നു. നാലു വശവും അടച്ചു കെട്ടി മാലിന്യം നീക്കാൻ പഴയ ബസുകൾ ഉപയോഗിക്കാമെന്നും ഇത് കെഎസ്ആർടിസി ഡ്രൈവർമാർ തന്നെ ഓടിക്കാമെന്നുമാണ് ശുപാർശയെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. എന്ത് വില നൽകിയും നീക്കം തടയുമെന്ന് ട്രാൻസ്പോർട്ട് എംപ്ളോയീസ് യൂണിയൻ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular