Monday, May 6, 2024
HomeUSAആബട്ടും ക്രൂസും ഉവാൽഡെയുടെ വേദനകൾ പങ്കിടാൻ എത്തിയില്ല

ആബട്ടും ക്രൂസും ഉവാൽഡെയുടെ വേദനകൾ പങ്കിടാൻ എത്തിയില്ല

ടെക്സസിലെ ഉവാൽഡെയിൽ കൂട്ടക്കൊലയ്ക്കിരയായ 19 സ്കൂൾ കുട്ടികളിൽ ആരുടെയും സംസ്കാരത്തിനു ഗവർണർ ഗ്രെഗ് ആബട്ട് എത്തിയില്ലെന്നു അദ്ദേഹത്തിന്റെ സഞ്ചാര പട്ടിക കണ്ട എ ബി സി ന്യൂസ് പറയുന്നു. ജൂൺ 5 നു ശേഷം ആബട്ട്  ഉവാൽഡെയിൽ  പോയിട്ടില്ല.

മെയ് 24നു കൂട്ടക്കൊല നടന്ന ശേഷം അദ്ദേഹം മൂന്നു പ്രാവശ്യം അവിടെ പോയി. അതിലൊന്നു പ്രസിഡന്റ് ജോ ബൈഡൻ എത്തിയപ്പോഴാണ്. ഒഴിവാക്കാൻ പറ്റാത്ത ഔദ്യോഗിക ചടങ്ങ്. കൂടാതെ, മെയ് 25നും 27നും പത്രസമ്മേളനം നടത്തി.

ഉവാൽഡെയിൽ ‘നിരവധി തവണ കൂടി’ പോകാൻ ഉദ്ദേശിക്കുന്നുവെന്നു ആബട്ട് വ്യാഴാഴ്ച്ച പറയുകയുണ്ടായി. അവിടെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ പണി വിലയിരുത്താനുണ്ട്. “ഞാൻ പല കാര്യങ്ങൾക്കായി നിരവധി തവണ അവിടെ പോയിരുന്നു. ചില പൊതുയോഗങ്ങൾ, പിന്നെ മരിച്ച കുട്ടികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരാൻ.. അങ്ങിനെ പല കാര്യങ്ങൾ.”

ആബട്ടിനെ കാണാൻ ആഗ്രഹിച്ച എല്ലാ കുടുംബങ്ങളെയും ഗവർണർ സന്ദർശിച്ചുവെന്നു അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. “പല കുടുംബങ്ങളും സ്വകാര്യത ആവശ്യപ്പെട്ടു. അവർക്കു പൂക്കൾ അയക്കുക മാത്രം ചെയ്തു.”

സെനറ്റർ റ്റെഡ് ക്രൂസിന്റെ വക്താവ് പറയുന്നത് അദ്ദേഹം ചില കുടുംബങ്ങളോട് സംസാരിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അതു നടന്നില്ല എന്നാണ്.

മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങൾ ഗവർണറെയും സെനറ്ററെയും വിമർശിച്ചു. “ആബട്ട് എത്തിയില്ല, റ്റെഡ് ക്രൂസ് എത്തിയില്ല, വോട്ട് ചെയ്യാൻ പോകുന്ന എല്ലാവരും ശ്രദ്ധിക്കുക,” കൊല്ലപ്പെട്ട 10 വയസുകാരി അമേരി ജോ ഗ്രാസയുടെ പിതാവ് ഏഞ്ചൽ ഗ്രാസ പറഞ്ഞതായി എ ബി സി റിപ്പോർട്ട് ചെയ്യുന്നു. “ഇവർക്കൊന്നും അനുകമ്പയില്ല, കരുതലില്ല.”

അതേ സമയം, ഡെമോക്രാറ്റിക്‌ ഗവർണർ സ്ഥാനാർഥി ബെറ്റോ ഓ റൂർക്കിയെയും ഉവാൽഡെ ഉൾപ്പെട്ട ഡിസ്ട്രിക്ടിലെ ഡെമോക്രാറ്റിക്‌ സെനറ്റർ റോളണ്ട് ഗറ്ററസിനെയും കുറിച്ച് ഏഞ്ചൽ ഗ്രാസയ്ക്കു നല്ല വാക്കുകളുണ്ട്. “അവർ ഞങ്ങളോട് കരുതൽ കാണിച്ചു. അത് പ്രധാനമാണ്. ഇതു കഥയല്ല, യഥാർത്ഥ ജീവിതമാണ്. ഇതു ഞങ്ങളുടെ വേദനയാണ്. ഞങ്ങളാരും സാധാരണ ജീവിതമല്ല ഇപ്പോൾ നയിക്കുന്നത്.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular