Friday, April 19, 2024
HomeUSAജനുവരി 6 അക്രമം തടയാൻ ട്രംപ് വിസമ്മതിച്ചെന്നു മുൻ സഹായികൾ

ജനുവരി 6 അക്രമം തടയാൻ ട്രംപ് വിസമ്മതിച്ചെന്നു മുൻ സഹായികൾ

2021 ജനുവരി 6 നു ക്യാപിറ്റോൾ ആക്രമിച്ച ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സ്വന്തം മക്കൾ അപേക്ഷിച്ചിട്ടു പോലും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയാറായില്ലെന്നു യു എസ് കോൺഗ്രസിന്റെ അന്വേഷണ സമിതി വ്യാഴാഴ്ച അദ്ദേഹത്തിന്റെ ഉറ്റ സഹായികളിൽ നിന്നു കേട്ടു. അക്രമികളെ സ്നേഹിക്കുന്നുവെന്ന് ട്വീറ്റ് ചെയ്യാനും ട്രംപ് മടിച്ചിരുന്നില്ല എന്ന് അവർ മൊഴി നൽകി.

ജോ ബൈഡൻ പ്രസിഡന്റായി എന്ന് ജനുവരി 6 നു കോൺഗ്രസ് അംഗീകരിച്ച ശേഷം തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നു എന്ന വാദത്തിൽ പിറ്റേന്നും ഉറച്ചു നില്പായിരുന്നു അധികാരം കൈയിലുള്ള പ്രസിഡന്റ്.

ട്രംപ് ഇടപെടാൻ വിസമ്മതിച്ചതു കൊണ്ട് കലാപം നടന്ന 187 മിനിറ്റിൽ അക്രമം അനിയന്ത്രിതമായി. വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെയും നിരവധി കോൺഗ്രസ് അംഗങ്ങളുടെയും ജീവൻ അപകടത്തിലായി. ബൈഡന്റെ വിജയം തിരസ്കരിക്കണമെന്ന ട്രംപിന്റെ ആവശ്യം തള്ളിയ പെൻസിനെ തൂക്കിക്കൊല്ലണം എന്നാണ് ട്രംപിന്റെ അനുയായികൾ ആക്രോശിച്ചത്.

ജനുവരി 6 ഉച്ചയ്ക്ക് 1.21 മുതൽ 4.03 വരെയുള്ള സമയത്തു പ്രസിഡൻഷ്യൽ ഡയറിയിൽ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഫോൺ വിളികളുടെ രേഖകൾ 8 മണിക്കൂറോളം ശൂന്യമാണ്. ട്രംപിന്റെ ചിത്രങ്ങൾ എടുക്കാൻ ഫോട്ടോഗ്രാഫർക്ക് അനുമതി ലഭിച്ചില്ല.

ആക്രമണത്തെ കുറിച്ച് ട്രംപിനു വിവരം കിട്ടിയിരുന്നു. ജനക്കൂട്ടത്തെ ആവേശം കൊള്ളിച്ച ട്രംപ് പക്ഷെ അത് നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചില്ല. കോൺഗ്രസിലെ നടപടികൾ തടയാൻ അംഗങ്ങളെ വിളിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ട്രംപിന്റെ അഭിഭാഷകൻ റൂഡി ജൂലിയാനിയും അതു തന്നെയാണ് ചെയ്തത്.

ട്രംപിന്റെ പുത്രി ഇവൻകയും മകൻ ഡോൺ ജൂനിയറും പിതാവിനോട് ജനക്കൂട്ടത്തെ ശാന്തരാക്കാൻ അപേക്ഷിച്ചു. ഒടുവിൽ 2.38നു ഇവങ്കയ്‌ക്കു വഴങ്ങി ട്രംപ് ഒരു ട്വീറ്റിന് സമ്മതിച്ചു. “ശാന്തരാവുക” എന്നു മാത്രം. എന്നാൽ പിരിഞ്ഞു പോകാനുള്ള ആഹ്വാനം ഉണ്ടായില്ല.

ട്രംപിന്റെ മാധ്യമ സഹായി സാറാ മാത്യൂസ് ഈ നിലപാടുകളിൽ പ്രതിഷേധിച്ചു അന്ന് രാജി വച്ചിരുന്നു. അവരും ദേശ സുരക്ഷാ ഉപ ഉപദേഷ്ടാവായിരുന്ന മാത്യു പോട്ടിൻഗറുമാണ് വ്യാഴാഴ്ച ഈ വിവരങ്ങൾ സ്ഥിരീകരിച്ചു മൊഴി നൽകിയവർ.

കോൺഗ്രസിന്റെ ആസ്ഥാനം ആക്രമിച്ചവരെ പിരിച്ചു വിടാൻ ട്രംപ് വിസമ്മതിച്ചതിന്റെ പേരിലാണ് താൻ രാജി വച്ചതെന്നു മാത്യൂസ് പറഞ്ഞു. “4.17നു ട്രംപ് തന്റെ വീഡിയോ സന്ദേശം ആരംഭിച്ചത് തന്നെ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു എന്ന നുണ പറഞ്ഞു കൊണ്ടാണ്. ജനക്കൂട്ടത്തോട് പിരിഞ്ഞു പോകാൻ അദ്ദേഹം പറഞ്ഞപ്പോൾ ചെറിയൊരു ആശ്വാസം തോന്നി. എന്നാൽ അതിനു പിന്നാലെ ട്രംപ് പറഞ്ഞത് ‘നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾ സ്പെഷ്യലാണ് എന്നാണ്.

“അദ്ദേഹത്തെ മാധ്യമങ്ങളുടെ മുന്നിൽ ന്യായീകരിക്കാൻ കഴിയില്ല എന്ന് ഉറപ്പായതോടെ ഞാൻ രാജി വച്ചു.”

അക്രമത്തെ അപലപിക്കുന്നതു തെറ്റാണെന്നു അഭിപ്രായം മീഡിയ ഓഫീസിൽ ചിലർക്കുണ്ടായിരുന്നുവെന്നു മാത്യൂസ് പറഞ്ഞു. “വെസ്റ്റ് വിംഗിൽ ഇത്തരം വാദങ്ങൾ ഉണ്ടായത് എനിക്ക് അത്ഭുതമായി.

“സമാധാന ആഹ്വാനം വേണ്ട എന്നാണ് ട്രംപിന്റെ നിലപാടെന്നു പ്രസ് സെക്രട്ടറി കെയ്‌ലി മക്എനാനി എന്നോട് രഹസ്യമായി പറഞ്ഞു.”

ലൈവായിരുന്ന മൊഴിയിൽ പോട്ടിൻഗർ പറഞ്ഞത് ജനുവരി 6നു ഉച്ചതിരിഞ്ഞു 2.24നു പെൻസിനെ ഭീരുവെന്നു വിളിക്കുന്ന ട്വീറ്റ് ട്രംപ് അയച്ച ശേഷമാണു താൻ രാജി വയ്ക്കാൻ തീരുമാനിച്ചതെന്നാണ്. “ഭരണഘടന അനുസരിച്ചുള്ള ഉത്തരവാദിത്തം നിറവേറ്റിയതിനു  വൈസ് പ്രസിഡന്റിനെ പ്രസിഡന്റ് ആക്രമിക്കുന്ന സന്ദേശം എന്നെ വളരെ അസ്വസ്ഥനാക്കി. കാര്യങ്ങൾ പിടിവിട്ടു പോകുന്നത് തടയേണ്ട സമയത്ത് അത് വഷളാകുമെന്നു എനിക്കു  തോന്നി.

“എരിതീയിൽ എണ്ണ ഒഴിക്കുകയായിരുന്നു പ്രസിഡന്റ്. അന്ന് ഞാൻ രാജി വയ്ക്കാൻ തീരുമാനിച്ചു.”

പാനലിന്റെ അധ്യക്ഷൻ റെപ്. ബെന്നി തോംസൺ പറഞ്ഞു: “സ്വന്തം കുടുംബാംഗങ്ങൾ — ഇവൻകയും ഡോൺ ജൂനിയറും — പറഞ്ഞിട്ടും ഡൊണാൾഡ് ട്രംപ് ഇളകിയില്ല.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular