നവംബർ തിരഞ്ഞെടുപ്പിൽ യു എസ് കോൺഗ്രസിന്റെ അധോസഭയായ ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടുമെന്നു പുതിയ പോളിംഗ്. ഭൂരിപക്ഷത്തിന് 218 വേണ്ടപ്പോൾ ജി ഓ പി 230 നേടുമെന്നാണ് സി ബി എസ് ന്യൂസ് ബാറ്റിൽഗ്രൗണ്ട് ട്രാക്കർ പറയുന്നത്.
ഇപ്പോൾ 220 സീറ്റോടെ നേരിയ ഭൂരിപക്ഷത്തിൽ നിൽക്കുന്ന ഡെമോക്രറ്റ്സ് 205 ലേക്ക് ഒതുങ്ങും. പോളിംഗിന്റെ പിഴവ് സാധ്യത 12 സീറ്റാണ്.
ഡെമോക്രറ്റിക് ഭരണം ആവേശം ഉയർത്താത്തതു കൊണ്ട് പാർട്ടിയെ അനുകൂലിക്കുന്നവർ നല്ലൊരു ശതമാനം വോട്ട് ചെയ്യാതിരിക്കാം എന്നും കാണുന്നു. കോൺഗ്രസിൽ ഡെമോക്രാറ്റിക് പാർട്ടി വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നു 16% ഡെമോക്രറ്റുകളും 43% റിപ്പബ്ലിക്കൻ വോട്ടർമാരും പറഞ്ഞു. എന്നാൽ 67% ഡെമോക്രറ്റുകൾ പറയുന്നത് പാർട്ടി കുറെ വാഗ്ദാനങ്ങൾ നടപ്പാക്കി എന്നാണ്. 17% ചിന്തിക്കുന്നത് മിക്കവാറും എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കി എന്നും.
ഒട്ടേറെ ഡെമോക്രറ്റുകൾ പറയുന്നത് ഡൊണാൾഡ് ട്രംപിനെതിരെ വോട്ടു ചെയ്യാൻ ഉറച്ചിരിക്കുന്നു എന്നാണ്. ജോ ബൈഡൻ അവരെ അതിനു ആവേശം കൊള്ളിക്കുന്നില്ല.
റെജിസ്റ്റർ ചെയ്ത 1,743 വോട്ടർമാരാണ് ജൂലൈ 27 മുതൽ 29 വരെ നടത്തിയ പോളിംഗിൽ പങ്കെടുത്തത്. പിഴവ് സാധ്യത മൂന്ന് പോയിന്റ്.
രണ്ടാഴ്ച മുൻപ് സി എൻ എൻ/എസ് എസ് ആർ എസ് നടത്തിയ പോളിംഗിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരത്തെ ഉണ്ടായിരുന്ന മെച്ചം കുറയുന്നു എന്നാണ് കണ്ടത്. മേയിൽ രണ്ടു സി എൻ എൻ സർവേകളിൽ നാലു പോയിന്റിന് അവർ മുന്നിലായിരുന്നു. എന്നാൽ ജൂലൈ മധ്യത്തോടെ ഇരു കക്ഷികളും ഒപ്പത്തിനൊപ്പമായി.
അതിനു കാരണം റിപ്പബ്ലിക്കൻ പാർട്ടിയെയും ജനങ്ങൾക്ക് ഇഷ്ടമില്ലാതായി എന്നതാണെന്നു സി എൻ എൻ പറയുന്നു. പ്രത്യേകിച്ച് ട്രംപ് അവരുടെ നായകനായി വീണ്ടും വരും എന്ന സാധ്യത നിലനിൽക്കുമ്പോൾ.