ബൈഡൻ ഭരണകൂടത്തിന്റെയും ചൈനയുടെയും താക്കീതുകൾ അവഗണിച്ചു ഹൗസ് സ്പീക്കർ നാൻസി പെലോസി ചൊവാഴ്ച രാത്രി തായ്‌വാനിൽ എത്തുമെന്നും അവിടെ രാത്രി തങ്ങുമെന്നും തായ്‌വാൻ ഉദ്യോഗസ്ഥർ പറഞ്ഞതായി ചില യു എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം, സിംഗപ്പൂരും മലേഷ്യയും ജപ്പാനും ദക്ഷിണ കൊറിയയും സന്ദർശിക്കാൻ പുറപ്പെട്ട പെലോസി തായ്‌വാനിലും പോയാൽ ബൈഡൻ ഭരണകൂടത്തിന് അത് വലിയ തലവേദനയാകും.
ചൈന ശക്തമായ സൈനിക നടപടികൾ ആലോചിക്കുന്നുണ്ടെന്നു തിങ്കളാഴ്ച വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി ചൂണ്ടിക്കാട്ടി. എന്നാൽ യു എസ് ഭയപ്പെടുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. “പതിറ്റാണ്ടുകളായി പശ്ചിമ പസിഫിക്കിൽ ആകാശത്തും കടലിലും നമുക്കുള്ള (സൈനിക) സാന്നിധ്യം തുടരും.”
ചൈന ഒന്നേയുള്ളു എന്ന നയത്തിൽ മാറ്റമൊന്നുമില്ല എന്നും കിർബി വ്യക്തമാക്കി. തായ്‌വാനെ അമേരിക്ക ചൈനയായി അംഗീകരിച്ചിട്ടില്ല. നല്ല ബന്ധങ്ങൾ ഉണ്ടെന്നു മാത്രം.
പെലോസി തായ്‌വാനിൽ പോകുന്നതിനെ യു എസ് സൈന്യം അനുകൂലിക്കുന്നില്ല എന്ന് ബൈഡൻ പറഞ്ഞിരുന്നു. യുക്രൈൻ യുദ്ധം മൂലം റഷ്യയുമായി സംഘർഷം നിലനിൽക്കെ ചൈനയുമായി സംഘർഷത്തിന് പോകേണ്ട എന്നതാണ് ബൈഡന്റെ നിലപാട്. എന്നാൽ ആസന്നമായ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി ഹൗസ് പിടിച്ചെടുക്കുമെന്ന പ്രവചനങ്ങൾക്കിടയിൽ തായ്‌വാൻ യാത്ര കൊണ്ടു നേട്ടമുണ്ടാകും എന്നാണ് പെലോസിയുടെ ചിന്ത.
തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നു നിഷ്‌കർഷിക്കുന്ന ബെയ്‌ജിംഗ് യു എസ് അധികാരശ്രേണിയിൽ മൂന്നാം റാങ്കുള്ള നേതാവിന്റെ സന്ദർശനം വെല്ലുവിളിയായി കാണുന്നു. പെലോസിയുടെ വിമാനം തായ്‌വാനിൽ കടന്നാൽ അതിനെതിരെ ചൈനീസ് ആക്രമണം ഉണ്ടാവും എന്നാണ് ആശങ്ക. സ്‌പീക്കർക്കു സംരക്ഷണം നൽകാൻ യു എസ് സേന ഒരുക്കങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ ചൈനയുമായി ഏറ്റു മുട്ടുന്നത് ഈ ഘട്ടത്തിൽ അനുചിതമാണെന്നു പെന്റഗൺ കരുതുന്നു.
പെലോസി തായ്‌വാൻ സന്ദർശിച്ചാൽ ചൈന ഉത്തരവാദിത്തത്തോടെ പ്രതികരിക്കും എന്നാണ് വിദേശകാര്യ സെക്രട്ടറി ആന്തണി ബ്ലിങ്കൻ തിങ്കളാഴ്ച പറഞ്ഞത്. എന്നാൽ ചൈന സാഹസത്തിനു മുതിർന്നാൽ അതിന്റെ കുറ്റം അവരുടെ മേൽ ആയിരിക്കും.
കോൺഗ്രസ് സ്വതന്ത്ര സ്ഥാപനമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. “തീരുമാനം സ്‌പീക്കറുടേതാണ്. ഞങ്ങൾക്ക് അതിൽ ഇടപെടാൻ ആവില്ല.”
പെലോസിയുടെ തായ്‌വാൻ സന്ദർശനം ചുവപ്പു വര മുറിച്ചു കടക്കലാവുമെന്നു യു എന്നിൽ ചൈനയുടെ പ്രതിനിധി ഴാങ് ജുൻ പറഞ്ഞു. “സന്ദർശനം അപകടകരവും പ്രകോപനകരവും ആയിരിക്കും. ചൈന സ്വന്തം ഭൂമിയുടെ പരമാധികാരം കാത്തു സൂക്ഷിക്കാൻ ശക്തമായ നടപടി കൈക്കൊള്ളും.”
ബൈഡനുമായി കഴിഞ്ഞ ആഴ്ച ഫോണിൽ സംസാരിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞത് തായ്‌വാനെ തൊടുന്നത് തീക്കളിയാണ് എന്നാണ്. അവർ തീയിൽ തന്നെ ഒടുങ്ങുമെന്നും.