നടിയെ ആക്രമിച്ച കേസ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേയ്ക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ജഡ്ജ് ഹണി എം വര്‍ഗീസിന് ജില്ലാ സെഷന്‍സ് കോടതിയിലേയ്ക്ക് മാറ്റമായതിനാണ് കേസും ഇവിടേയ്ക്ക് മാറ്റിയത്. സിബിഐ പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് പകരം പുതിയ ജഡ്ജിയെ നിയമിച്ചു.
ഇതേ തുടര്‍ന്നാണ് കോടതി മാറ്റം. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജിയായിരുന്ന കെകെ ബാലകൃഷ്ണനെയാണ് എറണാകുളത്തെ സിബിഐ സ്‌പെഷ്യല്‍ ജഡ്ജിയായി നിയമിച്ചിരിക്കുന്നത്.
പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആയ ഹണി എം വര്‍ഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിര്‍വ്വഹിക്കുകയായിരുന്നു.
അതേസമയം കേസില്‍ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ആരോപിച്ചിരുന്നു.ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാന്‍ വിചാരണ കോടതി ജഡ്ജ് അനുമതി നിഷേധിച്ചിരുന്നു. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം.