Friday, March 29, 2024
HomeUSAമയക്കു മരുന്ന് കൈവശം വെച്ചു; യു.എസ് ബാസ്കറ്റ് ബോള്‍ താരത്തിന് റഷ്യയില്‍ ഒമ്ബതു വര്‍ഷം തടവ്

മയക്കു മരുന്ന് കൈവശം വെച്ചു; യു.എസ് ബാസ്കറ്റ് ബോള്‍ താരത്തിന് റഷ്യയില്‍ ഒമ്ബതു വര്‍ഷം തടവ്

വാഷിങ്ടണ്‍: മയക്കു മരുന്ന് കൈവശം വെച്ച കേസില്‍ റഷ്യയില്‍ അറസ്റ്റിലായ യു.എസ് ബാസ്കറ്റ് ബോള്‍ താരം ബ്രിട്നി ഗ്രൈനറിന് ഒമ്ബതുവര്‍ഷം തടവ്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച വനിത ബാസ്കറ്റ് ബാള്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന 31 കാരിയായ ബ്രിട്നിയെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മയക്കു മരുന്നുമായി മോസ്കോ വിമാനത്താവളത്തില്‍ വെച്ച്‌ അറസ്റ്റ് ചെയ്തത്. തടവുശിക്ഷ കൂടാതെ കോടതി 10 ലക്ഷം റഷ്യന്‍ റൂബിള്‍ (16,7000 ഡോളര്‍) പിഴയും വിധിച്ചിട്ടുണ്ട്. വിചാരണ പൂര്‍ത്തിയായ ശേഷം വ്യാഴാഴ്ചയായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്. രണ്ടു തവണ ഒളിമ്ബിക്സ് മെഡല്‍ നേടിയ താരമാണ് ഗ്രൈനര്‍.

റഷ്യയി​ല്‍ നടക്കുന്ന ക്ലബ് ബാസ്കറ്റ് ബാള്‍ മത്സരത്തിന് എത്തിയതായിരുന്നു ബ്രിട്നി ഗ്രൈനര്‍. കഞ്ചാവിന്റെ എണ്ണയോട് കൂടിയുള്ള വേപ്പ് കാട്രിഡ്ജുകളായിരുന്നു ഗ്രൈനര്‍ റഷ്യയിലേക്കുളള യാത്രയില്‍ കൈവശം വെച്ചത്. റഷ്യന്‍ നിയമം ലംഘിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നു ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ഗ്രൈനര്‍ കോടതിയോട് അപേക്ഷിച്ചു. ബാസ്കറ്റ് താരത്തി​നെ ജയിലിലടച്ചത് നീതീകരിക്കാനാവില്ലെന്നും എത്രയും പെട്ടെന്ന് അവരെ മോചിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു.

ബാസ്കറ്റ് ബാള്‍ താരത്തെ വിട്ടയക്കാന്‍ റഷ്യക്ക് വലിയൊരു വാഗ്ദാനം യു.എസ് മുന്നോട്ടു വെച്ചതായും വൈറ്റ്ഹൗസ് സുരക്ഷ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. എന്നാല്‍ കരാര്‍ എന്താണെന്ന് വിശദീകരിക്കാന്‍ കിര്‍ബി തയാറായില്ല. ബാസ്കറ്റ് ബോള്‍ താരത്തെ മോചിപ്പിക്കുന്നതിന് പകരമായി റഷ്യന്‍ ആയുധക്കടത്തിന് ജയിലിലടച്ച റഷ്യന്‍ പൗരന്‍ വിക്ടര്‍ ബൗത്തിനെ മോചിപ്പിക്കാനാണ് യു.എസിന്റെ പദ്ധതിയെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മരണത്തിന്റെ വ്യാപാരി എന്നറിയപ്പെടുന്ന വിക്ടറിനെ 25 വര്‍ഷം തടവിനാണ് യു.എസ് ശിക്ഷിച്ചിരിക്കുന്നത്. ബ്രിട്നിയെയും യു.എസ് നാവികനായ പോള്‍ വീലനെയും ​റഷ്യ മോചിപ്പിച്ചാല്‍ യു.എസ് വിക്ടറിനെ കൈമാറാനാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. യു.എസ്, ബ്രിട്ടീഷ്, കനേഡിയന്‍, ഐറിഷ് പാസ്പോര്‍ട്ടുകള്‍ കൈവശമുള്ള വീലനെ ചാരവൃത്തിയാരോപിച്ച്‌ റഷ്യ 16 വര്‍ഷം തടവിനാണ് ശിക്ഷിച്ചത്. 2020 മുതല്‍ റഷ്യന്‍ ജയിലില്‍ കഴിയുകയാണ് വീലന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular