Friday, March 29, 2024
HomeKeralaകൊച്ചി നഗരത്തിലെ കടകളില്‍ കവര്‍ച്ച

കൊച്ചി നഗരത്തിലെ കടകളില്‍ കവര്‍ച്ച

കൊച്ചി: ഷേണായീസ് ജങ്ഷന് സമീപം കോണ്‍വെന്‍റ് റോഡിലെ കടകളില്‍ കവര്‍ച്ച. മെട്രൊ ടവര്‍ കെട്ടിട സമുച്ചയത്തിന്‍റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സ്ഥാപനം ഗാംക, ഡിജിറ്റല്‍ കാമറകള്‍ സര്‍വിസ് ചെയ്യുന്ന ക്യാമറാസ്കാന്‍ കടകളിലാണ് കവര്‍ച്ച നടന്നത്.

താഴത്തെ പടിക്കെട്ടില്‍ നിന്നുള്ള പ്രവേശന കവാടത്തില്‍ ഷട്ടര്‍ പൂട്ടിക്കിടന്നതിനാല്‍ സമീപത്തെ സഫിയാ കോംപ്ലക്സ് കെട്ടിടത്തിന്‍റെ മതില്‍ക്കെട്ടില്‍ ചവിട്ടിയാണ് കാഴ്ച്ച നടന്ന ഒന്നാംനിലയിലേക്ക് മോഷ്ടാക്കള്‍ കടന്നത്.

പ്രതികള്‍ ഷട്ടറിന്‍റെ പൂട്ട് പൊളിച്ചാണ് അകത്തു കടന്നത്. ഷട്ടറിന് പിന്നിലെ ചില്ലുവാതില്‍ പൂട്ടിയിരുന്നില്ല. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സ്ഥാപനത്തില്‍നിന്ന് ലാപ്ടോപ്പും ഡിജിറ്റല്‍ ക്യാമറയും രണ്ട് ക്യാമറ ഫ്ലാഷുകളും മേശവലിപ്പിലുണ്ടായിരുന്ന 2600 രൂപയും കവര്‍ന്നു. ഇവിടെ നിന്നെടുത്ത ചവിട്ടിയും രണ്ട് കര്‍ട്ടനുകളും സ്ക്രൂഡ്രൈവറും മോഷണം നടന്ന ക്യാമറാസ്കാനില്‍ കിടപ്പുണ്ടായിരുന്നു. വടുതല സ്വദേശി ആര്‍. വിജയകുമാറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് മോഷണം നടന്ന സ്ഥാപനം.

ക്യാമറ സര്‍വിസ് കടയുടെ കിഴക്കുവശത്തെ കടയുടെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ചശേഷം ചില്ലുപാളി മുറിച്ചു മാറ്റിയാണ് സംഘം അകത്തുകടന്നത്. കടയില്‍ അറ്റകുറ്റപ്പണിക്കായി ചെറുതും വലുതുമായി 253 ഓളം പഴയ ചെറിയ കാമറകള്‍ ഉണ്ടായിരുന്നതായും ഇവ മോഷണം പോയതായും കടയിലെ ജീവനക്കാരന്‍ എ.കെ. പ്രദീപ്കുമാര്‍ പറയുന്നു.

സ്പെയര്‍പാര്‍ട്സ് കിട്ടാത്തതിനാല്‍ ആള്‍ക്കാര്‍ തിരികെയെടുക്കാതെ വര്‍ഷങ്ങളായി ഇവിടെ സൂക്ഷിച്ചിരുന്ന കാമറകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. മേശവലിപ്പില്‍ നിന്നു പതിനായിരം രൂപ കവര്‍ന്നു. കടയുടെ ഉള്‍വശത്തുണ്ടായിരുന്ന സി.സി.ടി.വി കാമറയുടെ മെമ്മറി കാര്‍ഡ് കൈവശപ്പെടുത്തിയാണ് കടന്നത്.കോട്ടയം പള്ളം സ്വദേശി എബി കെ. ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മോഷ്ടാക്കളുടെ ദൃശ്യം മെട്രൊ ടവറിന് താഴെയുള്ള കടയുടെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് നായും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular