പെരിന്തല്‍മണ്ണ: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഹഷീഷ് ഓയിലുമായി രണ്ടുപേരെ പെരിന്തല്‍മണ്ണയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
വയനാട് മേപ്പാടി സ്വദേശി പാമ്ബനാല്‍ ബാബു സെബാസ്റ്റ്യന്‍ (51), അങ്ങാടിപ്പുറം വലമ്ബൂര്‍ സ്വദേശി കൂരിമണ്ണില്‍ സിദ്ദീഖ് (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 1.020 കി.ഗ്രാം ഹഷീഷ് ഓയില്‍ പിടിച്ചെടുത്തു.
ഗ്രാമിന് അയ്യായിരം മുതല്‍ പതിനായിരം രൂപവരെ വിലവരുന്ന പാര്‍ട്ടി ഡ്രഗ് ഇനത്തില്‍പെട്ട മയക്കുമരുന്നാണ് പിടികൂടിയത്. ആന്ധ്രയില്‍ വിശാഖപട്ടണം, ധുനി എന്നിവിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളില്‍വെച്ച് വാറ്റിയെടുത്തുണ്ടാക്കുന്ന ഹഷീഷ് തമിഴ്നാട്ടിലെ തിരുപ്പൂര്‍ കേന്ദ്രീകരിച്ചുള്ള ഏജന്‍റുമാര്‍ മുഖേന ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന മലയാളികളുള്‍പ്പെടെയുള്ള സംഘമുണ്ടെന്നും ജില്ലയിലെ ചിലര്‍ ഇതിന്‍റെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നതായും പൊലീസ് പറഞ്ഞു.
വിശാഖപട്ടണത്തുനിന്ന് കൊണ്ടുവരുന്ന ഹഷീഷ് ഒരുഗ്രാമിന്‍റെ ചെറിയ ഡപ്പികളിലാക്കി വില്‍പന നടത്താനായാണ് കേരളത്തിലെത്തിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ബാബു സെബാസ്റ്റ്യനും സിദ്ദീഖും ആന്ധ്രയില്‍ ജോലിചെയ്യുന്ന സമയത്ത് പരിചയപ്പെട്ടതാണ്. ബാബു സെബാസ്റ്റ്യന്‍റെ പേരില്‍ മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ 18 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസുണ്ട്.
ആ കേസില്‍ ജാമ്യത്തിലാണ്. വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. സംഘത്തിലെ മറ്റുകണ്ണികളെക്കുറിച്ച് വിവരം ശേഖരിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. സി.ഐ സി. അലവി, എസ്.ഐ സി.കെ. നൗഷാദ്, ജൂനിയര്‍ എസ്.ഐ ഷൈലേഷ്, എ.എസ്.ഐ ബൈജു എന്നിവരും ജില്ല ആന്‍റി നര്‍കോട്ടിക് സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.