Thursday, April 25, 2024
HomeUSAസിദ്ദിഖ് കാപ്പനു ജാമ്യം നിഷേധിച്ചതിനെ ഐ എ എം സി അപലപിച്ചു

സിദ്ദിഖ് കാപ്പനു ജാമ്യം നിഷേധിച്ചതിനെ ഐ എ എം സി അപലപിച്ചു

കൂട്ടബലാത്സംഗം നടന്ന ഹത്രാസിൽ വാർത്താശേഖരണത്തിനു  പോയി എന്നതിന്റെ പേരിൽ രണ്ടു വർഷം മുൻപ് ഉത്തർ പ്രദേശ് ജയിലിൽ അടച്ച മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനു അലാഹാബാദ് ഹൈക്കോടതി വ്യാഴാഴ്ച ജാമ്യം നിഷേധിച്ചതിനെ ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ (ഐ എ എം സി) അപലപിച്ചു.

മലയാളിയായ കാപ്പന് ഹത്രാസിൽ പോകേണ്ട കാര്യമൊന്നും ഇല്ലെന്നാണ് ജസ്റ്റിസ് കൃഷൻ പഹലിന്റെ അഭിപ്രായം. അതു കൊണ്ട് അയാളുടെ യാത്ര മാധ്യമ പ്രവർത്തനത്തിനു വേണ്ടി ആയിരുന്നില്ല. പൊലീസിന്റെ വാക്കുകൾ അപ്പാടെ ഉദ്ധരിച്ചാണ് പഹൽ തീർപ്പു കല്പിച്ചത്.

അക്രമം ഉണ്ടാക്കാൻ കാപ്പൻ കൈക്കൂലി വാങ്ങിയെന്ന ആരോപണവും കോടതി അംഗീകരിച്ചു.

“കാപ്പനു യു പിയിൽ കാര്യമൊന്നും ഇല്ല എന്ന വാദത്തിൽ ജാമ്യം നിഷേധിച്ചതു ഞെട്ടിക്കുന്നു,” ഐ എം എ സി പ്രസിഡന്റ് സായിദ് അലി പറഞ്ഞു. “ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും രാജ്യത്ത് എവിടെയും സഞ്ചരിക്കാനുള്ള അവകാശം നൽകുന്നുണ്ട്. പ്രത്യേകിച്ച് അന്വേഷിക്കയും റിപ്പോർട്ട് ചെയ്യുകയും ചെയ്യേണ്ട പത്രപ്രവർത്തകർക്ക്.”

മഥുര ജില്ലയിൽ 2020 ഒക്ടോബറിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിന്റെ വിവരങ്ങൾ ശേഖരിക്കാനാണ് കാപ്പൻ പോയത്. അന്ന് അറസ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിനു കോടതികൾ തുടർച്ചയായി ജാമ്യം നിഷേധിക്കയായിരുന്നു.

“വിചാരണ കഴിഞ്ഞിട്ടില്ലെങ്കിലും പൊലീസ് പറയുന്നത് വിഴുങ്ങി ജാമ്യം നിഷേധിക്കുന്നത് ഇന്ത്യയിലെ അപകടകരമായ പുതിയ പ്രവണതയാണ്,” അലി പറഞ്ഞു. “പ്രോസിക്യൂഷൻ വാദങ്ങൾ തെളിയിച്ചിട്ടു പോലുമില്ല.”

യഥാർത്ഥ കാരണം കാപ്പൻ മുസ്ലിമാണ് എന്നതാണ്. അദ്ദേഹം ധീരനായ മാധ്യമലേഖകനുമാണ്. യു പി ഭരിക്കുന്ന ഹിന്ദു തീവ്രവാദി സർക്കാരിനു മുന്നിൽ മുട്ട് മടക്കാത്തതു കൊണ്ടാണ് അദ്ദേഹത്തെ ജയിലിൽ വച്ചിരിക്കുന്നത്. സംസ്ഥാനത്തെ 38 ലക്ഷം മുസ്ലിങ്ങളോടും ഇതേ സമീപനമാണ്.

ഹിന്ദു, മുസ്ലിം മാധ്യമ പ്രവർത്തകർക്ക് വ്യത്യസ്തമായ ചട്ടങ്ങളാണ് കോടതികളും നടപ്പാക്കുന്നത്. കഴിഞ്ഞ മാസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കരുതിക്കൂട്ടി കരി തേക്കാൻ ശ്രമിച്ച സീ ന്യൂസ് ലേഖകൻ രോഹിത് രഞ്ജനെ രക്ഷിക്കാൻ സുപ്രീം കോടതി ഇടപെട്ടു.

“മുസ്ലിങ്ങളെ വംശഹത്യ ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ഹിന്ദുക്കൾക്ക് കോടതികൾ സംരക്ഷണം നൽകുന്നു. ടെലിവിഷൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ പരസ്യമായി മുസ്ലിങ്ങൾക്കെതിരെ വിദ്വേഷം ചൊരിയുന്നവർക്കും സംരക്ഷണമുണ്ട്,” ഐ എ എം സി എക്സിക്യൂട്ടീവ് ഡയറക്ടർ റഷീദ് അഹ്മദ് പറഞ്ഞു.

“പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ച ബി ജെ പി നേതാക്കൾക്കു അറസ്റ്റിൽ നിന്നു സംരക്ഷണം നൽകാനും കോടതികൾ തയാറായിട്ടുണ്ട്.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular