Friday, March 29, 2024
HomeIndiaകോവിഡ്: വ്യാപനം കുറയുന്നു എന്ന് ഗവേഷകർ; ആർ വാല്യു ഒന്നിൽ താഴെ

കോവിഡ്: വ്യാപനം കുറയുന്നു എന്ന് ഗവേഷകർ; ആർ വാല്യു ഒന്നിൽ താഴെ

ഏറ്റവും കൂടുതൽ സജീവ രോഗികളുള്ള മഹാരാഷ്ട്രയിലെയും കേരളത്തിലെയും ആർ വാല്യു ഒന്നിൽ താഴെ ആണ്

ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ വ്യാപന തോത് കുറയുന്നതായി ഗവേഷകർ. ഇന്ത്യയിലെ കോവിഡ് -19ന്റെ ആർ-വാല്യു അഥവാ പ്രത്യുത്പാദന സംഖ്യ ഓഗസ്റ്റ് അവസാനത്തിൽ 1.17 ആയിരുന്നതിൽ നിന്നും സെപ്റ്റംബർ മധ്യത്തിൽ 0.92 ആയി കുറഞ്ഞു. ഇത് രാജ്യത്തുടനീളം വ്യാപനം മന്ദഗതിയിലായതിന്റെ സൂചയാണെന്ന് ഗവേഷകർ പറഞ്ഞു.

അതേസമയം, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ ആർ വാല്യു ഇപ്പോഴും ഒന്നിനു മുകളിലാണ്. ദില്ലി, പൂണെ എന്നീ നഗരങ്ങളിൽ ഇത് ഒന്നിൽ താഴെയാണ്.

ഏറ്റവും കൂടുതൽ സജീവ രോഗികളുള്ള മഹാരാഷ്ട്രയിലെയും കേരളത്തിലെയും ആർ വാല്യു ഒന്നിൽ താഴെ ആണ്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ രണ്ടു സംസ്ഥാനങ്ങളെ സംബന്ധിച്ചും ആശ്വാസം നൽകുന്നതാണ് ഇത്.

ഓഗസ്റ്റ് അവസാനം 1.17 ആയിരുന്ന ആർ-വാല്യു, സെപ്റ്റംബർ നാലിനും ഏഴിനും ഇടയിൽ 1.11 ആയി കുറഞ്ഞിരുന്നു, പിന്നീട് അത് ഒന്നിൽ താഴെയായി തുടരുകയാണ്.

“ഇന്ത്യയിലും ഏറ്റവും കൂടുതൽ സജീവമായ കേസുകൾ ഉള്ള രണ്ട് സംസ്ഥാനങ്ങളായ കേരളത്തിലും മഹാരാഷ്ട്രയിലും ആർ വാല്യു ഒന്നിൽ താഴെയായി തുടരുന്നു എന്നതാണ് നല്ല വാർത്ത” ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലെ സീതാഭ്ര സിൻഹ പറഞ്ഞു. ആർ-വാല്യു കണക്കാക്കുന്ന ഒരു സംഘം ഗവേഷകരെ നയിക്കുന്നത് സിൻഹയാണ്.

പുതിയ കണക്കുകൾ അനുസരിച്ചു, മുംബൈയുടെ ആർ വാല്യു 1.09, ചെന്നൈയുടെ 1.11, കൊൽക്കത്തയുടെ 1.04, ബെംഗളൂരുവിലേത് 1.06 എന്നിങ്ങനെയാണ്.

രോഗബാധിതനായ ഒരാൾ ശരാശരി എത്ര പേർക്ക് രോഗം നൽകുന്നു എന്നതിനെയാണ് പ്രത്യുത്പാദന സംഖ്യ അല്ലെങ്കിൽ ആർ എന്നത് സൂചിപ്പിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വൈറസ് എത്രത്തോളം ‘കാര്യക്ഷമമായി’ വ്യാപിക്കുന്നു എന്ന് ഇത് വ്യകതമാക്കുന്നു.

രണ്ടാം തരംഗത്തിനു ശേഷം ആർ വാല്യു കുറയാൻ തുടങ്ങിയിരുന്നു. കോവിഡ് രണ്ടാം തരംഗം അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയപ്പോൾ, മൊത്തത്തിൽ, രാജ്യത്തെ ആർ വാല്യു 1.37 വരെ എത്തിയിരുന്നു. മാർച്ച് 9നും ഏപ്രിൽ 21നും ഇടയിൽ ആയിരുന്നു ഇത്. ഏപ്രിൽ 24 മുതൽ മെയ് 1 വരെ ഇത് 1.18 ആയി കുറഞ്ഞു, അത് പിന്നീട് ഏപ്രിൽ 29 മുതൽ മെയ് 7 വരെ 1.10 ആയി കുറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular