Thursday, April 25, 2024
Homeവിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറാന്‍ ജ്യോതിഷം ഒരു ഒഴിവുകഴിവല്ല; ബോംബെ ഹൈക്കോടതിയുടെ നിർണ്ണായക വിധി

വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറാന്‍ ജ്യോതിഷം ഒരു ഒഴിവുകഴിവല്ല; ബോംബെ ഹൈക്കോടതിയുടെ നിർണ്ണായക വിധി

ജാതകത്തിലുള്ള പൊരുത്തക്കേട് വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറാനുള്ള ഒരു കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രയിലെ ബഡ്ലാപൂർ നിവാസി വിവാഹ വാഗ്ദാനം നൽകി തന്റെ കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് യുവതിയെ ഒഴിവാക്കുകയും ചെയ്ത കേസിലാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്.

യുവതിയുടെ പരാതിയെ തുടർന്ന് ഇയാർക്കെതിരെ പോലിസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് പിന്മാറാൻ ജാതക പൊരുത്തക്കേടാണ് ഇയാൾ കാരണമായി കോടതിയിൽ ബോധിപ്പിച്ചത്. ഈ ഒഴിവുകഴിവിലൂടെ ബലാത്സംഗക്കുറ്റത്തിൽ നിന്ന് മോചിതനാകുവാനായിരുന്നു ഇയാളുടെ ശ്രമം. എന്നാൽ ജാതക പൊരുത്തക്കേട് സാധുവായ കാരണമായി ബോംബെ ഹൈക്കോടതി അംഗീകരിച്ചില്ല.

ബോറിവാലി സ്വദേശിയായ കാമുകി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 33 കാരനായ അവിഷേക് മിത്രയ്‌ക്കെതിരെ പോലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെ തുടർന്ന് അവിഷേക് മിത്ര ബലാത്സംഗ കേസിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട നൽകിയ അപേക്ഷ ഡിൻഡോഷിയിലെ ഒരു അഡീഷണൽ സെഷൻസ് ജഡ്ജി തള്ളിയിരുന്നു. പിന്നാലെ കേസുമായി അവിഷേക് ഹൈക്കോടതിയിലേക്ക് നീങ്ങി.

2012ൽ മുംബൈയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവർക്കും പരസ്പരം അറിയാമെന്നും, ശാരീരിക ബന്ധം പുലർത്താൻ പ്രതി വിവാഹ വാഗ്ദാനം നൽകിയിരുന്നതായും പരാതികാരി ആരോപിച്ചു. യുവതി ഗർഭം ധരിച്ചപ്പോൾ, രണ്ട് വർഷത്തിന് ശേഷം അവളെ വിവാഹം കഴിക്കാമെന്ന് പ്രതി വാഗ്ദാനം നൽകി അത് അലസിപ്പിക്കാൻ നിർബന്ധിച്ചു. എന്നാൽ 2012 ഡിസംബർ മുതൽ തന്നെ യുവാവ് ഒഴിവാക്കാൻ തുടങ്ങിയതായി മനസ്സിലാക്കിയ യുവതി ഡിസംബർ 28ന് അയാൾക്കെതിരെ പോലീസിൽ പരാതി നൽകി.

പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഇവരെ കൗൺസിലിംഗിനായി വിടുകയും, 2013 ജനുവരി 4ന് പ്രതി മാതാപിതാക്കൾക്കൊപ്പം ഹാജരാവുകയും അവളെ വിവാഹം കഴിക്കാൻ സമ്മതിക്കുകയും ചെയ്തു. ഇതേ തുടർന്ന് രണ്ട് ദിവസത്തിന് ശേഷം, പരാതിക്കാരി തന്റെ പരാതി പിൻവലിച്ചു. എന്നാൽ ജനുവരി 18ന്, വിവാഹത്തിൽ നിന്ന് പിന്മാറിക്കൊണ്ട് പ്രതി കൗൺസിലർക്ക് കത്തെഴുതി. ഒടുവിൽ, പരാതിക്കാരിയുടെ പുതിയ പരാതി പ്രകാരം പോലീസ് അയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

പിന്നീട് വിചാരണക്കോടതി പ്രതിയെ വിട്ടയയ്ക്കാനുള്ള അപേക്ഷ തള്ളി. തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിച്ചു. രണ്ടുപേരുടെയും ജാതകങ്ങൾ പൊരുത്തപ്പെടാത്തതിനാൽ, ഇത് വിവാഹ വാഗ്ദാന ലംഘനമായി കണക്കാക്കരുതെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

എന്നാൽ ജസ്റ്റിസ് സന്ദീപ് ഷിൻഡെയുടെ ഏക ജഡ്ജി ബെഞ്ച് ഈ വാദം അംഗീകരിക്കാൻ വിസമ്മതിച്ചു. കേസിൽ, പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന തന്റെ വാഗ്ദാനം പാലിക്കാൻ അപേക്ഷകന് ഉദ്ദേശ്യമില്ലെന്ന് സൂചിപ്പിക്കാൻ മതിയായ വിവരങ്ങൾ ഉണ്ടെന്ന് ജഡ്ജി പറഞ്ഞു.

”പ്രഥമദൃഷ്ട്യാ പരാതിക്കാരിയെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്ത് അവളുടെ ആദ്യ പരാതി പിൻവലിപ്പിക്കാൻ പ്രതിയ്ക്ക് കഴിഞ്ഞു. പ്രതിയുടെ ഉദ്ദേശ്യങ്ങൾ സത്യസന്ധമായിരുന്നെങ്കിൽ, പ്രതി കൗൺസിലർക്ക് കത്ത് എഴുതുകയും വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും ചെയ്യില്ലായിരുന്നുവെന്നും” ജഡ്ജി പറഞ്ഞു.
”ജാതകങ്ങളുടെ പൊരുത്തക്കേടിന്റെ മറവിൽ പ്രതി വിവാഹ വാഗ്ദാനം പിൻവലിച്ചതായി വ്യക്തമാണ്. ഇത് പരാതിക്കാരിയോടുള്ള വഞ്ചനയാണ്” പ്രതിയുടെ ഹർജി തള്ളി ജസ്റ്റിസ് ഷിൻഡെ കേസ് അവസാനിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular