Monday, May 6, 2024
HomeGulfചിരിപ്പിച്ച്‌ ആലിസണ്‍ സ്മിത്ത് ആദ്യമായി സൗദിയില്‍

ചിരിപ്പിച്ച്‌ ആലിസണ്‍ സ്മിത്ത് ആദ്യമായി സൗദിയില്‍

റിയാദ്: സൗദിയിലെ പ്രേക്ഷകരെ ചിരിപ്പിക്കാനെത്തിയ ആദ്യ വനിതയായി ലോകപ്രശസ്ത സ്റ്റാന്‍ഡ്‌അപ് കോമഡി താരം ആലിസണ്‍ സ്‌മിത്ത്.

ആഗോള സിനിമപ്രദര്‍ശന കമ്ബനിയായ എ.എം.സി മൂവി റിയാദ് കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ സംഘടിപ്പിച്ച വേദിയിലാണ് കഴിഞ്ഞദിവസം ആലിസണ്‍ സ്മിത്തിന്റെ ഹാസ്യകലാപ്രകടനം അരങ്ങേറിയത്. നിറഞ്ഞ കരഘോഷത്തോടെയാണ് സ്മിത്തിനെ വിദേശികളും സ്വദേശികളും ഉള്‍പ്പെട്ട സദസ്സ് സ്വാഗതം ചെയ്തത്. സൗദിയില്‍ ഇങ്ങനെ ഒരു വേദിയില്‍ പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതില്‍ അനല്‍പമായ ആഹ്ലാദമുണ്ടെന്നും തന്റെ പരിപാടി ഒരു പ്രചോദനമായെടുത്ത് ഹാസ്യകലയിലേക്ക് സൗദി സ്ത്രീകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്മിത്ത് പറഞ്ഞു.

അറബ് ആസ്വാദകരെ ആവോളം ആനന്ദിപ്പിച്ചാണ് ആലിസണ്‍ സ്മിത്ത് വേദി വിട്ടത്. വേദിയില്‍നിന്നുയര്‍ന്ന പൊട്ടിച്ചിരിയും കരഘോഷവും സ്നേഹപ്രകടനകളും അപ്രതീക്ഷിതവും അവിസ്മരണീയവുമായിരുന്നു എന്നവര്‍ കൂട്ടിച്ചേര്‍ത്തു. സൗദിയിലെ കലാസ്വാദകര്‍ക്ക് വ്യത്യസ്‍ത അനുഭവങ്ങള്‍ നല്‍കാന്‍ കഴിയുന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു.

ലോകപ്രശസ്ത താരങ്ങളെ സൗദിയിലെത്തിച്ച്‌ പരിപാടികള്‍ സംഘടിപ്പിക്കുമ്ബോള്‍ അവര്‍ക്കുണ്ടാകുന്ന നല്ല അനുഭവങ്ങള്‍ മറ്റു രാജ്യങ്ങളില്‍ പങ്കുവെക്കുകവഴി രാജ്യത്തിന്റെ സൗജന്യ അംബാസഡര്‍മാരായി അവര്‍ മാറുന്നത് ഇത്തരം പരിപാടികള്‍കൊണ്ടുള്ള പ്രയോജനമാണെന്ന് സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ എ.എം.സി സ്റ്റാന്‍ഡ്‌അപ് കോമഡി വേദികളുണ്ടാകും. ജിദ്ദ, അല്‍ഖോബാര്‍ എന്നീ നഗരങ്ങളില്‍നിന്ന് ഇതിനകം പരിപാടികള്‍ സംഘടിപ്പിക്കാന്‍ അപേക്ഷകള്‍ എത്തിയിട്ടുണ്ട്. വ്യത്യസ്തമായ സംസ്കാരങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാനുള്ള പാലമാണ് ഇത്തരം പരിപാടികളെന്നും എ.എം.സി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

സൗദി അറേബ്യയിലെ ലൈവ് സ്റ്റാന്‍ഡ്‌അപ് കോമഡിയുടെ തുടക്കക്കാരില്‍ പ്രധാനികളാണ് സ്മൈല്‍ എന്റര്‍ടെയ്ന്‍മെന്‍റ്. പുറത്തുനിന്നുള്ള ഹാസ്യകലാകാരന്മാരെ രാജ്യത്തേക്കു വരാനും ഇംഗ്ലീഷില്‍ അവരുടെ സ്റ്റാന്‍ഡ്‌അപ് കോമഡി അവതരിപ്പിക്കാനും സൗദി അറേബ്യ വളരെയധികം തുറന്ന സമീപനമാണ് കാണിക്കുന്നത്. ഇവിടെ സ്വദേശികളോടൊപ്പംതന്നെ ഇംഗ്ലീഷ് കോമഡി മനസ്സിലാക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വലിയ പ്രവാസിസമൂഹം ഉണ്ടെന്നും സംഘാടകന്‍ മീശാല്‍ സമ്മാന്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ ഹാസ്യകലാസംഘം വീണ്ടും റിയാദിലെത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular