Tuesday, May 7, 2024
HomeIndiaഹിമന്ത മുതല്‍ ആസാദ് വരെ; മോദിക്കാലത്ത് കോണ്‍ഗ്രസ് വിട്ട പ്രമുഖര്‍ ഇവരാണ്

ഹിമന്ത മുതല്‍ ആസാദ് വരെ; മോദിക്കാലത്ത് കോണ്‍ഗ്രസ് വിട്ട പ്രമുഖര്‍ ഇവരാണ്

ന്യൂഡല്‍ഹി: ഹിമന്ത ബിശ്വ ശര്‍മ മുതല്‍ ഗുലാം നബി ആസാദ് വരെ 2015ന് ശേഷം കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ നിരവധിയാണ്.

രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനമുന്നയിച്ചാണ് ഇവര്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തേക്കു പോയത്. നേതൃപാടവമില്ല, മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്നില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് ഇവര്‍ പാര്‍ട്ടി വിടുമ്ബോള്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉന്നയിച്ചത്. ഇവരില്‍ പലരും രാഹുലിന്റെ വിശ്വസ്തരായിരുന്നു എന്നതാണ് മറ്റൊരു വൈരുദ്ധ്യം.

2015 ലാണ് ഹിമന്ത ബിശ്വ ശര്‍മ കോണ്‍ഗ്രസ് വിട്ടത്. പിന്നീട് ജ്യോതിരാദിത്യ സിന്ധ്യ, കപില്‍ സിബല്‍, അശ്വനി കുമാര്‍, ആര്‍പിഎന്‍ സിങ്, ജിതിന്‍ പ്രസാദ, സുഷ്മിത ദേവ്, സുനില്‍ ജാഖര്‍, ഹര്‍ദിക് പട്ടേല്‍, എന്‍. ബീരേന്‍ സിങ്, പെമ ഖണ്ഡു, പി.സി ചാക്കോ, ജയ്‌വീര്‍ ഷെര്‍ഗില്‍, അമരീന്ദര്‍ സിങ്, ഗുലാം നബി ആസാദ് തുടങ്ങിയവരാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കോണ്‍ഗ്രസില്‍നിന്ന് മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറിയ നേതാക്കള്‍.

രാഹുല്‍ ഗാന്ധി ഏകാധിപത്യ മനോഭാവത്തില്‍ പെരുമാറുന്നുവെന്നാണ് ഹിമന്ത ബിശ്വ ശര്‍മ 2015ല്‍ സോണിയാ ഗാന്ധിക്കെഴുതിയ കത്തില്‍ ആരോപിച്ചത്. തരുണ്‍ ഗൊഗോയിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ലെന്നും രാഹുല്‍ അസമിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നുമാണ് ഹിമന്ത അന്ന് പറഞ്ഞത്. പക്ഷെ നേതൃത്വത്തിനെതിരെ സംഘടനാപരമായ ആരോപണങ്ങളുന്നയിച്ച ഹിമന്ത പിന്നീട് അസമില്‍ മുഖ്യമന്ത്രിയായതോടെ തീവ്ര ഹിന്ദുത്വ നിലപാടുകാരനായി മാറുന്നതാണ് കണ്ടത്.

ഹിമന്ത ബിശ്വ ശര്‍മ രാജിക്കത്തില്‍ പറഞ്ഞതിന് സമാനമായ കാര്യങ്ങള്‍ തന്നെയാണ് ഗുലാം നബി ആസാദും പാര്‍ട്ടി വിടുമ്ബോള്‍ പറഞ്ഞത്. ഈ വര്‍ഷമാണ് കപില്‍ സിബലും അശ്വനി കുമാറും കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോയത്. പാര്‍ട്ടിയില്‍ വിമത ശബ്ദമുയര്‍ത്തിയ ജി23 പക്ഷത്തെ പ്രമുഖനായിരുന്ന കപില്‍ സിബലും പാര്‍ട്ടിയില്‍ ചര്‍ച്ചയും ഏകോപനവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിവിട്ടത്. പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതിനെ തുടര്‍ന്നാണ് അമരീന്ദര്‍ സിങ് പുറത്തുപോയത്. പഞ്ചാബിലെ കോണ്‍ഗ്രസിലുണ്ടായ സംഘടനാ പ്രശ്‌നങ്ങളില്‍ ദേശീയ നേതൃത്വം കൈക്കൊണ്ട നടപടികളാണ് അശ്വനി കുമാര്‍ പാര്‍ട്ടി വിടാന്‍ കാരണം. യുപിഎ ഭരണകാലത്ത് കേന്ദ്ര നിയമമന്ത്രിയായിരുന്ന അശ്വനി കുമാര്‍ സോണിയാ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു.

ഗാന്ധി കുടുംബത്തിന്റെ അടുത്തയാളും ഒട്ടേറെത്തവണ ജനപ്രതിനിധിയുമായ പി.സി ചാക്കോ എന്‍സിപിയിലേക്കാണ് ചേക്കേറിയത്. നേതൃത്വത്തിനെതിരെയും പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിനെതിരെയും കടുത്ത വിമര്‍ശനമുന്നയിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ജയ്പൂരില്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ നടക്കുമ്ബോഴാണ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ബല്‍റാം ജാഖര്‍ കോണ്‍ഗ്രസ് വിട്ടത്. ‘ഗുഡ് ബൈ, ഗുഡ് ലക്ക് കോണ്‍ഗ്രസ്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ജാക്കറിന്റെ പടിയിറക്കം. കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലിരുന്ന് പഞ്ചാബിലെ പാര്‍ട്ടിയെ നശിപ്പിക്കുകയാണ്. ഈ അവസ്ഥയില്‍ മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി തങ്ങളെ പരിഗണിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാക്കളുടെ ആരോപണം, പക്ഷെ അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിലേക്ക് വന്നപ്പോള്‍ വിശ്വസ്തരായി കൂടെക്കൂട്ടിയ പ്രമുഖരും ഇതിനിടെ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയി എന്നതാണ് സത്യം. ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ, ആര്‍പിഎന്‍ സിങ് തുടങ്ങിയവര്‍ രാഹുലിന്റെ കോര്‍ ടീമിലെ അംഗങ്ങളായിരുന്നു. രാഹുലിന്റെ വിശ്വസ്തനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശില്‍ കമാല്‍നാഥുമായുള്ള പ്രശ്‌നങ്ങളില്‍ പാര്‍ട്ടി നേതൃത്വം കമല്‍നാഥിനെ പിന്തുണച്ചതോടെയാണ് ബിജെപിയിലേക്ക് ചേക്കേറിയത്. പാര്‍ട്ടിയില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്കയച്ച കത്ത് ദുര്‍വ്യാഖ്യാനം ചെയ്ത് തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ടത്. യു.പി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണ് ആര്‍പിഎന്‍ സിങ് ബിജെപിയില്‍ ചേര്‍ന്നത്.

ഗാന്ധി കുടുംബം നേതൃത്വത്തില്‍നിന്ന് മാറണമെന്നാണ് കോണ്‍ഗ്രസില്‍ വിമത ശബ്ദമുയര്‍ത്തുന്നവര്‍ പറയുന്ന പ്രധാന ആവശ്യം. പക്ഷെ ഗാന്ധി കുടുംബത്തിനല്ലാതെ പാര്‍ട്ടിയെ ഒരുമിച്ച്‌ കൊണ്ടുപോകാനാവില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം. ഒക്ടോബര്‍ 17ന് നടക്കുന്ന പാര്‍ട്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ജി23 പക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി ഉണ്ടാവുമെന്നാണ് അവസാനം വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ പേരാണ് പ്രസിഡന്റ് പദവിയിലേക്ക് ഔദ്യോഗിക പക്ഷം മുന്നോട്ടുവെക്കുന്നത്. പ്രസിഡന്റ് പദവിയിലേക്ക് ഇനി തങ്ങളില്ലെന്ന ഉറച്ച നിലപാടിലാണ് രാഹുലും പ്രിയങ്കയും. ഗെഹ്‌ലോട്ടും തനിക്ക് സം്സ്ഥാന രാഷ്ട്രീയം വിടാന്‍ താല്‍പര്യമില്ലെന്ന നിലപാടിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular