Thursday, April 18, 2024
HomeIndiaപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ കര്‍ണാടകയിലെ ലിംഗായത് മഠാധിപതിയെ 4 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ കര്‍ണാടകയിലെ ലിംഗായത് മഠാധിപതിയെ 4 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ചിത്രദുര്‍ഗ: () ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസില്‍ അറസ്റ്റിലായ മുരുഗ മഠം മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണരുവിനെ നാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
വ്യാഴാഴ്ച അറസ്റ്റിലായതിന് പിന്നാലെ, രാത്രിയില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്തെ ഏറ്റവും പ്രമുഖവും സ്വാധീനവുമുള്ള ലിംഗായത് മഠത്തിലെ അധിപനെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡെപ്യൂടി പൊലീസ് സൂപ്രണ്ട് അനില്‍ കുമാര്‍ അജ്ഞാത സ്ഥലത്ത് ചോദ്യം ചെയ്തിരുന്നു. പിന്നീട് മെഡികല്‍ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, തുടര്‍ന്ന്, അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിന്റെ വസതിയില്‍ ഹാജരാക്കി. ജഡ്ജ് നാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു, തുടര്‍ന്ന് ജില്ലാ ജയിലിലേക്ക് അയച്ചതായി ചിത്രദുര്‍ഗ പൊലീസ് സൂപ്രണ്ട് പരശുറാം പറഞ്ഞു.

നേരത്തെ, മഠാധിപതി സമര്‍പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രാദേശിക കോടതി സെപ്റ്റംബര്‍ രണ്ടിലേക്ക് മാറ്റിവെച്ചിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണം (പോക്സോ) നിയമപ്രകാരവും ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ ചില വകുപ്പുകള്‍ പ്രകാരവും ലൈംഗികാതിക്രമം ആരോപിച്ച്‌ മൈസുറു സിറ്റി പൊലീസാണ് കേസെടുത്തിട്ടുള്ളത്.

ജില്ലാ ചൈല്‍ഡ് പ്രൊടക്ഷന്‍ യൂനിറ്റിലെ ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മഠത്തിലെ ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പെടെ ആകെ അഞ്ച് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വ്യാഴാഴ്ച പൊലീസ് വാര്‍ഡനെ ചോദ്യം ചെയ്തു. രണ്ട് പെണ്‍കുട്ടികള്‍ മൈസൂറിലെ സര്‍കാരിതര സംഘടനയെ സമീപിക്കുകയും പീഡന വിവരം പറയുകയും തുടര്‍ന്ന് അധികാരികളെ സമീപിക്കുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ആയിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലമായതിനാല്‍ കേസ് പിന്നീട് ചിത്രദുര്‍ഗയിലേക്ക് മാറ്റി.

ഇരകളില്‍ ഒരാള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍, പട്ടികജാതി പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരവും മഠാധിപതിക്കെതിരെ കേസെടുത്തിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങള്‍ ദീര്‍ഘകാല ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്വേഷണത്തില്‍ സഹകരിക്കുമെന്നും അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു. മഠാധിപതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ കോണില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ചിത്രദുര്‍ഗയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular