Friday, April 26, 2024
HomeIndiaമഠാധിപതിക്കെതിരെ ലൈംഗികാരോപണം: ബസവശ്രീ പുരസ്കാരം തിരിച്ചു നല്‍കി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സായ്നാഥ്

മഠാധിപതിക്കെതിരെ ലൈംഗികാരോപണം: ബസവശ്രീ പുരസ്കാരം തിരിച്ചു നല്‍കി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സായ്നാഥ്

ബെംഗലൂരു: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും മാഗ്സാസെ പുരസ്കാര​ ജേതാവുമായ പി. സായ്നാഥ് ബസവശ്രീ പുരസ്കാരം തിരിച്ചു നല്‍കി.

ചിത്രദുര്‍ഗ്ഗയിലെ ലിംഗായത്ത് സമുദായ മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണറുവിനെ പ്രായപൂര്‍ത്തിയാകാത്ത ദലിത്, പിന്നാക്ക വിദ്യാര്‍ത്ഥിനികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സായ്നാഥ് പുരസ്കാരം തിരിച്ചുനല്‍കിയത്. 2017ലാണ് മുരുഗ മഠം സായ്നാഥിനെ ബസവശ്രീ പുരസ്കാരം നല്‍കി ആദരിച്ചത്. അഞ്ചുലക്ഷം രൂപയുടെ പുരസ്കാരമാണ് ബസവശ്രീ. ഈ തുകയുടെ ചെക്ക് അടക്കമാണ് സായ്നാഥ് തിരിച്ചുനല്‍കിയത്.

രണ്ട് സ്കൂള്‍ പെണ്‍കുട്ടികളാണ് മഠാധിപതിക്കെതിരെ ലൈംഗികാരാപണം ഉന്നയിച്ചത്. അതിജീവിതകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പുരസ്കാരം തിരിച്ചു നല്‍കുന്നതെന്നും സായ്നാഥ് വ്യക്തമാക്കി. മഠാധിപതിക്കെതിരെ മാധ്യമ വാര്‍ത്തകള്‍ വന്നതു മുതല്‍ താന്‍ അസ്വസ്ഥനായിരുന്നുവെന്നും കുട്ടികള്‍ക്കെതിരെ നടക്കുന്ന ഇത്തരം പീഡനങ്ങളെ ശക്തമായി അപലപിക്കുന്നതായും സായ്നാഥ് പറഞ്ഞു. ഈ കേസ് വെളിച്ചത്തുകൊണ്ടു വന്ന മൈസൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയായ ഒഡനഡിയെ ശ്ലാഘിച്ച സായ്നാഥ് വര്‍ഷങ്ങളോളമായി ഈ സംഘടന സമൂഹത്തിലെ തിന്‍മകള്‍ക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണെനനും സൂചിപ്പിച്ചു.കേസില്‍ അറസ്റ്റിലായ മഠാധിപതിയെ ഈ മാസം അഞ്ചുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കയാണ്.

വന്ദന ശിവ, ശബാന ആസ്മി, കിരണ്‍ ബേദി, അണ്ണ ഹസാരെ, മേധ പട്കര്‍, സ്വാമി അഗ്നിവേശ് എന്നിവര്‍ക്കും ബസവശ്രീ പുരസ്കാരം ലഭിച്ചിരുന്നു. കൊല്ലപ്പെട്ട പ്രഫ. കല്‍ബുര്‍ഗിക്ക് മരണാനന്തര ബഹുമതിയായും പുരസ്കാരം നല്‍കി ആദരിക്കുകയുണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular