Monday, September 26, 2022
HomeEditorialദിശ കാട്ടിയ കപ്പിത്താന്‍

ദിശ കാട്ടിയ കപ്പിത്താന്‍

ബുദ്ധിക്ക് പരിശീലനവും ഹൃദയത്തിന് പരിഷ്‌കാരവും ആത്മാവിന് അച്ചടക്കവും നല്‍കുന്നതാണ് ശരിയായ വിദ്യാഭ്യാസം എന്നു പഠിപ്പിച്ച മുന്‍ രാഷ്ട്രപതി ഡോ. എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 എന്തുകൊണ്ടും അധ്യാപകദിനമായി ആചരിക്കാന്‍ യോഗ്യമാണ്. ഇന്ത്യയുടെ പരമോന്നത പദവി അലങ്കരിക്കുമ്പോഴും ,അധ്യാപകനായി അറിയപ്പെടാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ജനിതകശാസ്ത്രത്തില്‍ അനിതരസാധാരണമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഡോ.സണ്ണി ലൂക്കും ഇക്കാര്യത്തില്‍ വ്യത്യസ്തനല്ല. സ്വന്തം ശിഷ്യഗണങ്ങളുടെ യഥാര്‍ത്ഥ കഴിവ് പുറത്തുകൊണ്ടുവന്നതാണ് തന്റെ ഏറ്റവും വലിയ കണ്ടെത്തല്‍ എന്ന് അദ്ദേഹം പറയുന്നു. വെറും കളിമണ്ണായിരുന്ന തങ്ങളില്‍ നിന്ന് സുന്ദരമായ ശില്പത്തെ കണ്ടെത്തിയ പ്രിയ പ്രൊഫസറോടുള്ള ആദരവ് പ്രകടിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍. എഫ്ഡിഎ ശാസ്ത്രജ്ഞ തെരേസ ഡെന്നിസ്, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി അസി. പ്രൊഫ. നാന്‍ .എഫ്.ഹ്വാങ്, ഗവേഷക വിദ്യാര്‍ത്ഥി അര്‍ജുന്‍ എന്നിവര്‍  ഡോ. സണ്ണി ലൂക്ക് തങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ച്  ഈ അധ്യാപകദിനത്തില്‍ മനസുതുറക്കുന്നു. ഇവര്‍ മൂവരും അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നത്  വ്യത്യസ്ത ദശകങ്ങളിലായിരുന്നു എന്നതും കൗതുകകരമായ വസ്തുതയാണ്…

നാന്‍.എഫ്.ഹ്വാങ് (സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി അസി.പ്രൊഫസര്‍) 
പതിനാറാം വയസ്സിലെ വേനല്‍ക്കാലത്താണ് എന്റെ ജാതകം തിരുത്തി എഴുതപ്പെട്ടത്. 1996 ല്‍ ന്യൂയോര്‍ക്ക് ജൂനിയര്‍ അക്കാദമി ഓഫ് സയന്‍സസ് സമ്മര്‍ റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ചെയ്യാന്‍ അവസരം ലഭിക്കുമ്പോള്‍ ഏതൊരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയെയും പോലെ വലിയ ലക്ഷ്യങ്ങളോ സ്വപ്നങ്ങളോ ഉണ്ടായിരുന്നില്ല. സിലബസ് അനുസരിച്ച് സ്‌കൂളില്‍ നിന്ന് പഠിച്ചതിനപ്പുറം ബയോളജി എന്ന വിഷയത്തെക്കുറിച്ച് ഒരറിവും ഇല്ലായിരുന്നു.  ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനിലുള്ള മൈമോനിഡെസ് മെഡിക്കല്‍ സെന്ററിലെ ഡോ. സണ്ണി ലൂക്ക് സാറിന്റെ പാത്തോളജി ലാബിലേക്ക് കാലെടുത്തുവയ്ക്കുന്നതുവരെ ഗവേഷണം എന്നൊരു ചിന്തയേ മനസ്സിലൂടെ കടന്നുപോയിട്ടില്ലെന്നതാണ് സത്യം. എന്റെ കഴിവുകള്‍ പുറത്തുകൊണ്ടുവന്നതും ജീവിതത്തിന് അര്‍ത്ഥം പകര്‍ന്നുതന്നതും ആ ലാബും സണ്ണി സാറുമാണ്. അണ്ഡാശയ അര്‍ബുദത്തിലും സ്തനാര്‍ബുദത്തിലും കണ്ടുവരുന്ന ജനിതക തകരാറുകള്‍ കേന്ദ്രീകരിച്ച്  അദ്ദേഹം അന്ന് നടത്തിക്കൊണ്ടിരുന്ന ഗവേഷണത്തില്‍ ഞാന്‍ ആകൃഷ്ടയായി.  ജനിതക അസ്വാഭാവികതകളെ കുറിച്ച് ഒരു കൗമാരക്കാരിക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ വിവരിച്ചുതരാന്‍ സണ്ണി സാറിനോളം ക്ഷമ മറ്റൊരാളും കാണിക്കില്ലെന്ന് ഉറപ്പാണ്.  സാങ്കേതിക വശങ്ങള്‍ വിശദീകരിക്കുന്നതിന് പുറമേ, ജിജ്ഞാസയോടെ ഞാന്‍ ചോദിക്കുന്ന രസകരമായ ചോദ്യങ്ങള്‍ക്ക് ആവേശത്തോടെ ഉത്തരം നല്‍കി പ്രോത്സാഹിപ്പിക്കാനും അദ്ദേഹം മറന്നില്ല. ആ അവധിക്കാലം അവസാനിച്ചപ്പോഴേക്കും, ശാസ്ത്ര ഗവേഷണത്തോടുള്ള അഭിനിവേശത്തിന്റെ നീരുറവകള്‍ എന്റെ ഉള്ളിലൂടെ ഒഴുകി.  ഗവേഷണത്തില്‍ ഒരു കരിയര്‍ തുടരാനുള്ള ആഗ്രഹം തീക്ഷ്ണമാവുകയും ചെയ്തു. സ്‌കൂള്‍ തുറന്ന ശേഷവും കിട്ടുന്ന ഇടവേളകളിലെല്ലാം, സണ്ണി സാറിന്റെ ലാബില്‍ പോകാന്‍ ഞാന്‍ ഉത്സാഹിച്ചു.

നാന്‍.എഫ്.ഹ്വാങ്

ആ വാതിലുകള്‍ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അദ്ദേഹം മലര്‍ക്കെ തുറന്നിട്ടു. സാറിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഞാന്‍ നടത്തിയ ഗവേഷണം, അപ്ലൈഡ് ഇമ്മ്യൂണോഹിസ്റ്റോകെമിസ്ട്രി & മോളിക്യുലാര്‍ മോര്‍ഫോളജി എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു വന്നു. ഒരു അണ്ടര്‍ ഗ്രാജുവേറ്റ്  വിദ്യാര്‍ത്ഥിയെ സംബന്ധിച്ച്  അസാധാരണമായ നേട്ടമായിരുന്നു അത്. 1990-കളുടെ അവസാനത്തിലാണ്, ടിഷ്യു എഞ്ചിനീയറിംഗ് മേഖല ഉയര്‍ന്നുവന്നത്. ബിരുദപഠനത്തിന് ആ വിഷയം തന്നെ തിരഞ്ഞെടുത്തു. മനുഷ്യശരീരത്തില്‍ രോഗം ബാധിച്ചതോ പരിക്കേറ്റതോ ആയ ടിഷ്യൂകള്‍ക്ക് പകരം കൃത്രിമമായൊന്ന് സൃഷ്ടിക്കാന്‍ സഹായിക്കുന്ന ശാസ്ത്രവിഭാഗമാണത്. കോളജിലെ രണ്ടാം വര്‍ഷത്തില്‍, ടിഷ്യൂ എഞ്ചിനീയറിംഗില്‍ വ്യക്തിമുദ്ര പതിപ്പിച്ച  പ്രശസ്ത കെമിക്കല്‍ എഞ്ചിനീയര്‍ ഡോ. റോബര്‍ട്ട് ലാംഗറുടെ ലബോറട്ടറിയില്‍ ചേരാന്‍ ഭാഗ്യം ലഭിച്ചു. മറ്റൊരു വേനല്‍ക്കാലത്ത്  ന്യൂയോര്‍ക്കിലെ വീട്ടിലേക്ക് മടങ്ങിയ   സമയത്താണ് സണ്ണി സാര്‍ കൃത്രിമ ചര്‍മ്മം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണത്തിലേക്ക് തിരിഞ്ഞെന്ന് അറിയുന്നത്. അതിനൊപ്പം നിന്ന് രൂപകല്പനയുടെ പല വശങ്ങളും പഠിച്ചെടുത്തു. ടിഷ്യു എഞ്ചിനീയറിംഗ് രംഗത്ത് തുടരാന്‍ എന്നെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഇതുവരെ ഞാന്‍ നടത്തിയ 90 പബ്ലിക്കേഷനുകളില്‍ ആദ്യത്തെ പത്തെണ്ണവും സണ്ണി സാറിനൊപ്പമാണ്. ചെറുപ്രായത്തിലേ ഗവേഷണ ത്വര പകര്‍ന്നുകൊടുത്താലുള്ള ഗുണം സ്വന്തം അനുഭവത്തിലൂടെ മനസ്സിലായതോടെയാണ്, കൂടുതല്‍ കുട്ടികള്‍ക്ക് അതിന് അവസരം ഒരുങ്ങണമെന്നൊരു മോഹം ഉടലെടുത്തത്. സണ്ണി സാറിന്റെ ഉള്ളിലും അങ്ങനൊരു മോഹമുണ്ടായിരുന്നു. യുവ വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ ഞങ്ങള്‍ ഇരുവരും ആഗ്രഹിച്ചതിന്റെ ഫലമായാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് ആന്‍ഡ് അക്കാദമിക് കൊളാബോറേഷന്‍  (IISAC) എന്ന നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ സ്ഥാപിച്ചത്.   വിദ്യാര്‍ത്ഥികള്‍ക്ക് വേനല്‍ക്കാല ഗവേഷണ ഇന്റേണ്‍ഷിപ്പുകള്‍, വിദേശ പഠന പരിപാടികള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവയിലൂടെ ശാസ്ത്രീയ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രോഗ്രാമുകളും സ്ഥാപനം വാഗ്ദാനം ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയവും അക്കാദമികവുമായ ലേഖനങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ‘ആല്‍ഫ വിഷന്‍’ എന്ന ശാസ്ത്ര-അക്കാദമിക് ജേണലും ഞങ്ങള്‍ പ്രസിദ്ധീകരിച്ചു. ഗവേഷണരംഗത്ത് വിദ്യാര്‍ത്ഥികളുടെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സമാന ചിന്താഗതിക്കാരുടെ ഒരു ടീം തന്നെ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവരുന്നതില്‍ തികഞ്ഞ അഭിമാനമുണ്ട്. ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനത്തിലൂടെ നിരവധി വിദ്യാര്‍ത്ഥികളുടെ ജീവിതം മാറിമറിഞ്ഞതിലും അതിയായ സന്തോഷം തോന്നുന്നു. വരും തലമുറയ്ക്കും ഇതൊരു മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇന്ന് ഞാന്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറാണ്. വിദ്യാര്‍ത്ഥികള്‍ക്കും പോസ്റ്റ്‌ഡോക്ടറല്‍ ഫെല്ലോകള്‍ക്കും ഗവേഷണത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നതാണ് പ്രധാന ഉത്തരവാദിത്തം. സണ്ണി സാര്‍ എന്ന അദ്ധ്യാപകനെയാണ് ഞാന്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ ഒരംശമെങ്കിലും എത്തിയാല്‍ അതില്‍ ഞാന്‍ സംതൃപ്തയാണ്.

ഹൃദയ കോശങ്ങളും പേശികളും മൂല കോശത്തില്‍(stem cell) നിന്ന് നൈസര്‍ഗികമായി തന്നെ വികസിപ്പിച്ചെടുക്കുന്ന ടിഷ്യൂ എഞ്ചിനീയറിംഗിന്റെ സാധ്യതകള്‍ തേടിയുള്ള യാത്രയില്‍ ഏത് സംശയത്തിനും ഇപ്പോഴും എന്റെ ഗുരുനാഥനോട് ഞാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചോദിച്ചറിയാറുണ്ട്. കാര്‍ഡിയോ വാസ്‌ക്യൂലര്‍ ടിഷ്യു എന്‍ജിനീയറിങ്ങില്‍ നടന്നുവരുന്ന എന്റെ ഗവേഷണത്തിന്റെ ഒരു ഭാഗം സ്പേസ് സ്റ്റേഷനിലാണ്.

ഏത് വിഷയവും സംശയവും വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ക്ഷമയോടെ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാന്‍ അദ്ദേഹം പുലര്‍ത്തുന്ന ക്ഷമയും സഹിഷ്ണുതയും എന്നിലെ അധ്യാപികയെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട്.

ഇന്നത്തെ എന്റെ വിജയം സണ്ണി സാറിന്റെ ലാബിലെ എന്റെ സമ്മര്‍ ഇന്റേണ്‍ഷിപ്പിലൂടെയാണ് സാധ്യമായത്. അതുപോലെ, വരും കാലങ്ങളില്‍ എന്റെ വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ എനിക്കും സ്വാധീനം ചെലുത്താന്‍ സാധിക്കണമെന്നാണ് പ്രാര്‍ത്ഥന. വ്യക്തി, ശാസ്ത്രജ്ഞന്‍, അദ്ധ്യാപകന്‍ എല്ലാ നിലയിലും സണ്ണി സാറാണ് എന്റെ റോള്‍ മോഡല്‍.

ശാസ്ത്രലോകത്ത് ഞാന്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ അത്രയും താങ്കള്‍ക്കുള്ള ഗുരുദക്ഷിണയാണ്. ബഹുമതികളോ അംഗീകാരങ്ങളോ എന്നെ തേടി എത്തുന്ന അവസരങ്ങളില്‍ ഞാന്‍ അവ മനസ്സാലെ സമര്‍പ്പിക്കുന്നതും അദ്ദേഹത്തിനാണ്.

(തെരേസ ഡെന്നിസ്, എഫ് ഡി എ സയന്റിസ്റ്റ്)

ഭര്‍ത്താവിനും മൂന്ന് കുട്ടികള്‍ക്കുമൊപ്പം വിര്‍ജീനിയയില്‍ താമസിക്കുമ്പോള്‍, പിന്നിട്ട വഴികളെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് ചിന്തിക്കും. അപ്പോഴൊക്കെയും ഓര്‍മ്മയില്‍ തെളിയുന്നത് പ്രിയ അധ്യാപകന്റെ മുഖമാണ്. എഫ്ഡിഎ സയന്റിസ്റ്റ് എന്ന സ്വപ്നതുല്യമായ നേട്ടം കൈവരിക്കാന്‍ സാധിച്ചതിലും ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.


എന്റെ ജീവിതത്തില്‍ ആഴത്തില്‍ സ്വാധീനിക്കുകയും അക്ഷരാര്‍ത്ഥത്തില്‍ മാറ്റിമറിക്കുകയും ചെയ്ത അധ്യാപകന്‍ എന്ന് സണ്ണി ലൂക്ക് സാറിനെ വിശേഷിപ്പിക്കാം. ഇന്ത്യയിലെ ക്ലേശകരമായ സാഹചര്യങ്ങളിലിരുന്ന് അമേരിക്കയുടെ ഈ വിശാലവിഹായസ്സ്,  ഞാന്‍ സ്വപ്നം പോലും കണ്ടിരുന്നതല്ല.  യുഎസ്എയില്‍ മാസ്റ്റേഴ്സ് ചെയ്യാനും പിഎച്ച്ഡി എടുക്കാനും ഒടുവില്‍ എഫ്ഡിഎ സയന്റിസ്റ്റായി വളരാനും അദ്ദേഹമാണ് എന്നെ കരുത്തയാക്കിയത്.
ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബയോടെക്നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയപ്പോള്‍, ജീവിതം ഏത് ദിശയിലൂടെ  സഞ്ചരിക്കണമെന്ന് യാതൊരു പിടിയും ഉണ്ടായിരുന്നില്ല. വിദേശത്ത്  ഉപരിപഠനം നടത്തുന്നതുമായി ബന്ധപ്പെട്ട് അച്ഛന്റെ ന്യൂയോര്‍ക്കിലുള്ള  സുഹൃത്തിനോട് സംസാരിക്കുന്നതിനിടയിലാണ് പ്രൊഫ. സണ്ണി ലൂക്ക് എന്ന പേര് ആദ്യം കേള്‍ക്കുന്നത്. യാദൃച്ഛികമായി കേട്ട ആ പേര് പിന്നീട് ജീവിതത്തില്‍ എത്രയോ നിര്‍ണ്ണായകമായി തീര്‍ന്നു!
അഡെല്‍ഫി യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുന്ന മലയാളിയായ ഡോ. സണ്ണി ലൂക്ക്, ജനിതകശാസ്ത്രത്തിലും മോളിക്യുലാര്‍ മെഡിസിനിലും നല്‍കിയിട്ടുള്ള സമഗ്രമായ സംഭാവനകളെക്കുറിച്ചും അദ്ദേഹം ഫോണിലൂടെ പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം,  അച്ഛന്റെ സുഹൃത്ത്  ഡോ.ലൂക്കിന്റെ ഫോണ്‍ നമ്പര്‍ തന്ന് നേരിട്ട് വിളിച്ച് സംസാരിക്കാന്‍ ഉപദേശിച്ചു. ഫോണിലൂടെ എന്ത് ചോദിക്കണം എന്നറിയാതെ നിശ്ചലയായി നിന്ന അന്നത്തെ മാനസികാവസ്ഥ ഇപ്പോഴും ഓര്‍ക്കുന്നു.

‘മെഡിക്കല്‍ ബയോടെക്നോളജിയില്‍ സ്പെഷ്യലൈസ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അഡെല്‍ഫൈ യൂണിവേഴ്‌സിറ്റിയില്‍  സ്‌കോളര്‍ഷിപ്പോടെ അഡ്മിഷന്‍ ശരിയാക്കാം’  എന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിക്കൊണ്ട് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു. എന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച വാക്കുകളായിരുന്നു അത്. ഗ്രാജ്വേറ്റ് കമ്മിറ്റിയില്‍ സ്വാധീനമുള്ളതിനാല്‍, അഡെല്‍ഫി യൂണിവേഴ്‌സിറ്റിയിലെ എന്റെ രണ്ട് വര്‍ഷത്തെ പഠനത്തിന് ആവശ്യമായ മുഴുവന്‍ തുകയും സ്‌കോളര്‍ഷിപ്പിലൂടെ അദ്ദേഹം തരപ്പെടുത്തിത്തന്നു. ടീച്ചിംഗ് അസിസ്റ്റന്റ് സ്‌റ്റൈപ്പന്‍ഡും ലഭിച്ചു.  ജെ.എഫ്.കെ എയര്‍പോര്‍ട്ടിലേക്കുള്ള വണ്‍വേ ടിക്കറ്റ് മാത്രമായിരുന്നു എന്റെ ചെലവ്.

ഞാന്‍ ശീലിച്ചതില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു അമേരിക്കയിലെ പഠനരീതി. ഭാഗ്യത്തിന്, സണ്ണി സാറായിരുന്നു ആദ്യ സെമസ്റ്ററില്‍ മെഡിക്കല്‍ ജനറ്റിക്സ് പഠിപ്പിച്ചിരുന്നത്. വെള്ളക്കാരായ വിദ്യാര്‍ത്ഥികളുടെ മത്സരബുദ്ധിയോട് കിടപിടിക്കാന്‍ ഞാന്‍ കഷ്ടപ്പെടുന്നുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. എന്റെ ബലഹീനതകളില്‍ നിന്നെന്നെ പുറത്തേക്ക് കൊണ്ടുവരാനുള്ള വഴികളും നിര്‍ദ്ദേശിച്ചു.

 അഡെല്‍ഫൈയിലെ പഠനത്തിന്റെ ആദ്യ നാളുകളില്‍, പ്രൊഫസര്‍മാര്‍ പഠിപ്പിക്കുന്ന സമയത്ത് ചോദ്യങ്ങള്‍ എങ്ങനെ ഫ്രെയിം ചെയ്യണം, ശാസ്ത്രീയ ജേണലുകള്‍ എങ്ങനെ വായിക്കണം, ക്ലാസില്‍ അവരുടെ കണ്ടെത്തലുകള്‍ എങ്ങനെ സംഗ്രഹിക്കണം, ഫലപ്രദമായ ഒരു ടേം പേപ്പര്‍ എങ്ങനെ എഴുതണം എന്നൊന്നും അറിയാതെ ആകെ ആശയക്കുഴപ്പത്തിലായിരുന്നു. ഉറക്കമില്ലാത്ത ആ രാത്രികള്‍ ഇപ്പോഴും ഓര്‍ക്കാന്‍ ഭയമാണ്. പ്രൊഫ. സണ്ണി ലൂക്ക് എന്ന രക്ഷകനെ ദൈവം അയച്ചിരുന്നില്ലെങ്കില്‍ എല്ലാം അവിടെ അവസാനിക്കുമായിരുന്നു. എന്റെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടി ഏത് സമയത്തും സമീപിക്കാവുന്ന സ്വാതന്ത്ര്യം അദ്ദേഹം തന്നിരുന്നു.
ഡിസ്റ്റിംഗ്ഷനും ഉയര്‍ന്ന GPA-യും നേടിക്കൊണ്ട് കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും സണ്ണി ലുക്ക് സാറിനുള്ളതാണ്.

വിര്‍ജീനിയയിലെ ഓള്‍ഡ് ഡൊമിനിയന്‍ യൂണിവേഴ്സിറ്റിയില്‍ റീപ്രൊഡക്റ്റീവ് ബയോടെക്നോളജിയില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നപ്പോഴും  വിര്‍ജീനിയ കോമണ്‍ വെല്‍ത്ത് യൂണിവേഴ്സിറ്റിയിലെ ഗൈനക്കോളജിക്കല്‍ ഓങ്കോളജിയില്‍ പോസ്റ്റ് ഡോക് പരിശീലനത്തിനിടയിലും പ്രിയ അധ്യാപകനുമായുള്ള ബന്ധം ദൃഢമായി  തുടര്‍ന്നു. പിഎച്ച്ഡി പഠനത്തിനിടയിലാണ് എന്റെ ജീവിതപങ്കാളിയായ ഡെന്നിസിനെ കണ്ടുമുട്ടിയത്. അദ്ദേഹം ഇപ്പോള്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ സയന്റിസ്റ്റാണ്.
വാഷിംഗ്ടണ്‍ ഡിസിയില്‍  എഫ്ഡിഎ ശാസ്ത്രജ്ഞനാകുന്നതുവരെ എന്റെ ഗവേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും സണ്ണി സാര്‍ സഹായിച്ചിരുന്നു.
സൂര്യനെ ലക്ഷ്യമിടൂ, നിങ്ങള്‍ക്ക് ചന്ദ്രനിലെത്താം എന്നെന്നെ പഠിപ്പിച്ച ഗുരുനാഥന് ഈ അദ്ധ്യാപക ദിനത്തില്‍,  ഹൃദയത്തിന്റെ ഉള്‍ത്തട്ടില്‍ നിന്ന് എല്ലാവിധ ആശംസകളും നേരുന്നു.

അര്‍ജുന്‍,ഗവേഷക വിദ്യാര്‍ത്ഥി

ഒപ്രാ വിന്‍ഫ്രിയുടെ വാക്കുകളാണ് സണ്ണി സാറിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്നത്. ‘ A mentor is osmeone who allows you to see the hope inside yourself’ ഒരു കല്ലിനുള്ളില്‍ നിന്ന് ശില്പത്തെ കൊത്തിയെടുക്കുന്നതുപോലെ, അയാള്‍ പോലും അറിയാതെ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരാന്‍ യഥാര്‍ത്ഥ ഗുരുനാഥന് സാധിക്കും. അങ്ങനൊരാള്‍ ജീവിതത്തില്‍ ഉണ്ടാകുക എന്നതൊരു ഭാഗ്യമാണ്. എന്റെ കഴിവുകള്‍ എനിക്ക് ബോധ്യപ്പെടുത്തിത്തരാന്‍ ഒരു നിയോഗം പോലെ കടന്നുവന്ന സണ്ണി സാറിനെക്കുറിച്ച് എത്ര പറഞ്ഞാലാണ് മതിയാവുക?
2017ല്‍ BAM കോളജില്‍ MSc Botany പഠിക്കുമ്പോള്‍ വോളണ്ടറി പ്രൊഫസര്‍ ആയി അദ്ദേഹം എത്തിയിരുന്നില്ലെങ്കില്‍ ജീവിതം മറ്റൊന്നാകുമായിരുന്നു.


മോളിക്യുലര്‍ ബയോളജിയായിരുന്നു സാര്‍ പഠിപ്പിച്ചത്. മെഡിക്കല്‍ ജനറ്റിക്‌സ് , ഓങ്കോളജി, ടിഷ്യു എന്‍ജിനീയറിങ്, മനുഷ്യപരിണാമ സിദ്ധാന്തം എന്നീ മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയ വലിയ ശാസ്ത്രജ്ഞന്റെ ക്ലാസില്‍ ഇരിക്കാന്‍ കഴിഞ്ഞത് തന്നെ ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ ആവേശത്തിലാഴ്ത്തി. സിലബസില്‍ ഉള്ളത് അതേപടി ഫോളോ ചെയ്യുന്ന രീതിയായിരുന്നു അതുവരെയുള്ള അധ്യാപകര്‍ പിന്തുടര്‍ന്നിരുന്നത്. എക്‌സാം പോയിന്റ് ഓഫ് വ്യൂ എന്നതിനപ്പുറം വിഷയത്തിന്റെ സാധ്യതകളെക്കുറിച്ചും ഗവേഷണ മേഖലകളെക്കുറിച്ചും സണ്ണി സാര്‍ പറയുന്നത് അത്ഭുതത്തോടെ കേട്ടിരുന്ന ഞങ്ങള്‍ക്ക് ആ വിഷയത്തോട് അതുവരെയുണ്ടായിരുന്ന ഭീതി പാടേ നീങ്ങുകയും കൂടുതല്‍ താല്പര്യം ജനിക്കുകയും ചെയ്തു. വെസ്റ്റേണ്‍ എജുക്കേഷന്‍ രീതിയായിരുന്നു അദ്ദേഹം അവലംബിച്ചത്. തിയറി പഠിച്ച് പരീക്ഷ എഴുതുക എന്നതിനപ്പുറം അതെങ്ങനെ പ്രായോഗികമാക്കാം എന്ന തലത്തിലേക്ക്  ചിന്തകളെ പാകപ്പെടുത്തിയെടുക്കാന്‍ സാര്‍ ശ്രദ്ധിച്ചിരുന്നു. പൂര്‍ണമായും ഇംഗ്ലീഷില്‍ ക്ലാസ് എടുക്കുന്ന ഏക അധ്യാപകനായിരുന്നു അദ്ദേഹം. ഗവേഷണം എന്നുള്ള എന്റെ ആഗ്രഹത്തിന് ആക്കം കൂട്ടിയതും ആ ക്ലാസ് മുറിയാണ്.
ഗവേഷണങ്ങളിലെ അനുഭവങ്ങളും, അമേരിക്കയിലെ പഠനസമയത്ത് നേരിട്ട വെല്ലുവിളികളും ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ക്ലാസ്സുകള്‍ ഞങ്ങളില്‍ പലര്‍ക്കും അത്തരം സ്വപ്നങ്ങള്‍ കാണാന്‍ പ്രചോദനമായി. സാറുമായി കൂടുതല്‍ അടുക്കുന്നത് എന്റെ എംഫില്‍ പഠനകാലത്താണ്.

മോളിക്യൂലര്‍ ബയോളജില്‍ ഗവേഷണം നടത്തി വിദേശത്ത് PhD ചെയ്യണമെന്ന മോഹം വലിയ സാമ്പത്തിക ചുറ്റുപാടില്ലാത്ത എനിക്ക് സാധ്യമാകുമോ എന്നുള്ള ആശങ്ക അദ്ദേഹവുമായി പങ്കുവച്ചു. പഠനത്തില്‍ മികവ് തെളിയിക്കുന്ന പക്ഷം, അമേരിക്കയില്‍ സ്‌കോളര്‍ഷിപ്പോടെ കൂടെ പഠിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എന്റെ മോഹങ്ങള്‍ക്ക് ചിറക് മുളച്ചു. സാറിന്റെ ഗൈഡന്‍സില്‍ TOEFL ടെസ്റ്റിനും American GRE എക്‌സാമിനും തയ്യാറെടുത്തു കൊണ്ടിരിക്കുമ്പോള്‍ വല്ലാത്ത അഭിമാനം തോന്നുന്നു. ഇങ്ങനൊരു അധ്യാപകനെ ലഭിച്ചത് സുകൃതമായി കരുതുന്നു.
You are my inspiration. Thank you for being a wonderful friend, teacher and mentor. Happy teacher’s day!

ദിശ കാട്ടിയ കപ്പിത്താന്‍ (സെപ്റ്റംബര്‍ 5 : ടീച്ചേര്‍സ് ഡേ സ്‌പെഷ്യല്‍) (തയ്യാറാക്കിയത് : മീട്ടു റഹ്‌മത്ത് കലാം) ദിശ കാട്ടിയ കപ്പിത്താന്‍ (സെപ്റ്റംബര്‍ 5 : ടീച്ചേര്‍സ് ഡേ സ്‌പെഷ്യല്‍) (തയ്യാറാക്കിയത് : മീട്ടു റഹ്‌മത്ത് കലാം) 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular