Monday, May 6, 2024
HomeIndiaരാഹുല്‍ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ' യാത്രയ്ക്ക് നാളെ തുടക്കം

രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ യാത്രയ്ക്ക് നാളെ തുടക്കം

കേന്ദ്ര നയങ്ങളില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ യാത്രയ്ക്ക് നാളെ തുടക്കം.

വൈകിട്ട് അഞ്ചിന് കന്യാകുമാരിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ യാത്ര ഉദ്ഘാടനം ചെയ്യും. പിതാവ് രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുംപുത്തൂരിലെ സ്മൃതി മണ്ഡപത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ച ശേഷമാകും രാഹുല്‍ കന്യാകുമാരിയിലേക്ക് തിരിക്കുക.

‘മൈല്‍ കദം, ജൂഡെ വതാന്‍’ എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം. ‘ഒരുമിച്ച്‌ ചേരൂ, രാജ്യം ഒന്നിക്കും’ എന്നതാണ് മുദ്രാവാക്യത്തിന്റെ അര്‍ത്ഥം.

കോണ്‍ഗ്രസിന്റെ തന്നെ ചരിത്രത്തില്‍ ഏറ്റവും വലിയ പദയാത്രയാകും ‘ഭാരത് ജോഡോ യാത്ര’. അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന പദയാത്രയില്‍ 3,500ലധികം കിലോമീറ്ററാണ് രാഹുല്‍ ഗാന്ധി പര്യടനം നടത്തുക. യാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് പ്രധാനമായും കടന്നുപോകുന്നത്.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള യാത്രയില്‍ രാഹുലിനൊപ്പം മുഴുവന്‍ സമയവും 300 പേരാകും ഉണ്ടാകുക. രാഹുല്‍ അടക്കമുള്ളവര്‍ ഹോട്ടലുകളില്‍ താമസിക്കില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ക്ക് എല്ലാ ദിവസവും പ്രത്യേകം തയ്യാറാക്കിയ കണ്ടെയ്നറുകളിലാകും താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

പദയാത്രയില്‍ പങ്കെടുക്കാന്‍ കന്യാകുമാരിയിലേക്ക് പോകുന്നതിനായി നാളെ ഉച്ചയ്ക്ക് 12ന് രാഹുല്‍ തിരുവനന്തപുരത്തെത്തും. ചെന്നൈയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് പോകും.

10 വരെയാണ് തമിഴ്നാട്ടിലെ പര്യടനം. 11ന് രാവിലെ ഏഴിന് പദയാത്രയ്ക്ക് കേരള അതിര്‍ത്തിയായ പാറശാലയില്‍ സ്വീകരണം നല്‍കും. കേരളത്തില്‍ 19 ദിവസമാണ് പര്യടനം. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാത വഴിയും തുടര്‍ന്ന് നിലമ്ബൂര്‍ വരെ സംസ്ഥാന പാതയിലൂടെയുമാകും യാത്ര കേരളത്തിലൂടെ പോകുന്നത്. 29ന് തമിഴ്നാട്ടിലെ ഗൂഡല്ലൂരില്ലൂടെ കര്‍ണാടകത്തിലേക്ക് പോകും.

തുടര്‍ന്ന്, ആന്ധ്രാപ്രദേശിലെ ആളൂര്‍, തെലങ്കാനയിലെ വികാരാബാദ്, മഹാരാഷ്ട്രയിലെ നന്ദേഡ്, ജല്‍ഗാവ് ജാമോദ്, മധ്യപ്രദേശിലെ ഇന്‍ഡോര്‍, ഉജ്ജയിന്‍, രാജസ്ഥാനിലെ ആല്‍വാര്‍, ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വര്‍, ഡല്‍ഹി, ഹരിയാനയിലെ ആംബാല, പഞ്ചാബിലെ പത്താന്‍കോട്ട്, എന്നീ പ്രദേശങ്ങള്‍ സഞ്ചരിച്ച്‌   ജമ്മുവില്‍ എത്തും.

യാത്രയ്‌ക്ക് പിന്നാലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular