Saturday, July 27, 2024
HomeUSAആത്മഹത്യയെന്ന് വിധിച്ച കേസ് കൊലപാതകം, പിന്നിൽ മകളും ഭർത്താവും; ദുരൂഹതയുടെ ചുരുളഴിച്ചത് ഇങ്ങനെ

ആത്മഹത്യയെന്ന് വിധിച്ച കേസ് കൊലപാതകം, പിന്നിൽ മകളും ഭർത്താവും; ദുരൂഹതയുടെ ചുരുളഴിച്ചത് ഇങ്ങനെ

ന്യൂയോർക്ക്∙ പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയെന്നു പൊലീസ് വിധിയെഴുതിയ കേസ് കൊലപാതകമാണെന്നു കണ്ടെത്തി. ന്യൂയോർക്കിലെ കോർണിങിലാണു സംഭവം. മിഷേൽ ന്യുറേറ്റർ എന്ന സ്ത്രീ 2017ൽ മരിച്ച കേസിലാണു വഴിത്തിരിവ്. 2017 ഓഗസ്റ്റ് 28നാണ് 46കാരിയായ മിഷേൽ തന്റെ വീടിന്റെ സ്റ്റെയർ കേസിനടിയിൽ അനങ്ങാൻ കഴിയാത്ത വിധം നിൽക്കുന്നതായി പൊലീസിനെ അയൽവാസി വിളിച്ചറിയിക്കുന്നത്. സ്റ്റെയർ കേസിന്റെ കൈവരിയും മിഷേലിന്റെ കഴുത്തും ഒരു ചരടുമായി ബന്ധിക്കപ്പെട്ട നിലയിലായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് മരണം ആത്മഹത്യയാണെന്ന് ഉറപ്പിക്കുകയും ചെയ്തു.

എന്നാൽ, വിവാഹബന്ധം വേർപെടുത്തിയ മിഷേൽ സന്തോഷകരമായി ജീവിച്ചു വരികയാണെന്നും അവർ ആത്മഹത്യ ചെയ്യാൻ യാതൊരു സാഹചര്യവുമില്ലെന്നും സുഹൃത്തുക്കൾ‍ ഉറപ്പിച്ചു പറഞ്ഞതോടെ കേസ് പുനരന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ മിഷേലിന്റെ മുഖത്തു സംശയാസ്പദമായ തരത്തിൽ ചില അടയാളങ്ങളും പാടുകളും ഫൊറൻസിക് വിദഗ്ധർ കണ്ടെത്തി.

ഓഗസ്റ്റ് 26ന് രാത്രിയിലോ 27നു പുലർച്ചെയോ മരണം നടന്നിട്ടുണ്ടെന്ന് ഓട്ടോപ്സി റിപ്പോർട്ട് പുറത്തു വന്നു. മിഷേലിനൊപ്പം താമസിച്ചിരുന്ന 14കാരിയായ മകൾ ഷാർലറ്റിനെയും പൊലീസ് നിരീക്ഷിച്ചു. മുൻ ഭർത്താവ് ലോയിഡിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ ഇവരുടെ മറ്റൊരു മകളായ കാരി അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും തന്റെ മാതാപിതാക്കളുടെ ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ലെന്നും അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന ഷാർലറ്റിനെ വിട്ടു കിട്ടുന്നതിന്റെ പേരിൽ വിവാഹമോചനത്തിനു ശേഷവും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി.

കലിഫോർണിയയിൽ ആയിരുന്ന ലോയിഡിന്റെ ഫോൺ നമ്പർ കാരി പൊലീസ് ഉദ്യോഗസ്ഥർക്കു കൈമാറി. തുടർന്നു പൊലീസ് ലോയി‍ഡിനെ ബന്ധപ്പെട്ടു. എന്നാൽ ഓഗസ്റ്റ് 26, 27 ദിവസങ്ങൾ താൻ ന്യൂയോർക്കിൽ ഉണ്ടായിരുന്നില്ലെന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചത്. 26–28 ദിവസങ്ങളിലെ തന്റെ യാത്രകളെ കുറിച്ചുള്ള വിവരങ്ങൾ നൽകാമെന്നും പൊലീസിന് ഉറപ്പു നൽകി. എന്നാൽ, മരണം നടന്ന സ്ഥലത്തെ ഫോട്ടോകളിൽ നിന്ന് ഭിത്തിയിൽ രക്തത്തിന്റെ അടയാളം പൊലീസ് കണ്ടെത്തി. മിഷേലിന്റെ കഴുത്തിലെ മുറിവ് സ്വമേധയാ കുരുക്കിടുമ്പോൾ ഉണ്ടാകുന്നതല്ലെന്നും അതൊരു കൊലപാതകം തന്നെയാണെന്നും വൈദ്യപരിശോധനയിൽ തെളിഞ്ഞു.

ലോയിഡിനു വലിയ ഒരു തുക കടബാധ്യതയുണ്ടായിരുന്നെന്നും മിഷേലിനൊപ്പം താമസിച്ചിരുന്ന ഷാർലറ്റാണ് മിഷേലിന്റെ പേരിലുള്ള ഇൻഷുറൻസ് പോളിസിയുടെ അവകാശിയെന്നും പൊലീസ് കണ്ടെത്തി. സംഭവ ദിവസം കാരി തന്റെ അമ്മയെയും സഹോദരിയെയും കാണാൻ അവരുടെ വീട്ടിലെത്തുകയും അവിടെയെത്തി ചേരാൻ പിതാവിന് അവസരമൊരുക്കുകയും ചെയ്തിരുന്നുവെന്നു ചോദ്യം ചെയ്യലിൽ വ്യക്തമായതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.

ലോയിഡിനെയും കാരിയെയും വിശദമായി ചോദ്യം ചെയ്തതിലൂടെ കാരിയുടെ അറിവോടെ ലോയിഡ് മിഷേലിനെ കൊലപ്പെടുത്തുകയായിരുന്നു എന്നു പൊലീസ് കണ്ടെത്തി. ലോയിഡ് മിഷേലിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നും മൃതദേഹം കെട്ടിത്തൂക്കാൻ താൻ സഹായിച്ചെന്നും കാരി പൊലീസിനോട് വെളിപ്പെടുത്തി. ലോയിഡിന് പരോൾ ഇല്ലാത്ത ആജീവനാന്ത തടവ് വിധിച്ച കേസിൽ കാരിക്ക് 2020ൽ പരോൾ ലഭിച്ചു.

RELATED ARTICLES

STORIES

Most Popular