Monday, September 26, 2022
HomeIndiaമറുനീക്കവുമായി അശോക് ഗെഹ്ലോട്ട്; രാഹുലിനായി പ്രമേയം , ആദ്യ സംസ്ഥാന ഘടകമായി രാജസ്ഥാന്‍

മറുനീക്കവുമായി അശോക് ഗെഹ്ലോട്ട്; രാഹുലിനായി പ്രമേയം , ആദ്യ സംസ്ഥാന ഘടകമായി രാജസ്ഥാന്‍

ദില്ലി: ദേശീയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാകുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് വരണമെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍.

എന്നാല്‍ ഗാന്ധി കുടുംബം ഇനി അധ്യക്ഷനാകാന്‍ ഇല്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ച്‌ പറയുന്നു. മുതിര്‍ന്ന നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാന്റ്. ഇത് സംബന്ധിച്ച്‌ സോണിയ ഗാന്ധി ഗെഹ്ലോട്ടുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന.

അതിനിടെ അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുകയാണ് ഗെഹ്ലോട്ട്. രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രമേയം പാസാക്കി. ശനിയാഴ്ച പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് തീരുമാനം.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് പ്രമേയം അവതരിപ്പിച്ചതെന്ന് രാജസ്ഥാന്‍ ഭക്ഷ്യമന്ത്രി പ്രതാപ് സിംഗ് കച്ചറിയ പറഞ്ഞു. ‘രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി ദേശീയ അധ്യക്ഷനാക്കാനുള്ള പ്രമേയം അദ്ദേഹം അവതരിപ്പിച്ചു. എല്ലാവരും കൈകള്‍ ഉയര്‍ത്തി പിന്തുണച്ചു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെയും എഐസിസി അംഗങ്ങളെയും നിയമിക്കാനുള്ള അവകാശം പാര്‍ട്ടി ഹൈക്കമാന്‍ഡിന് വിട്ടു’, കച്ചറിയ പറഞ്ഞു. സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കന്‍, സംഘടനാ തിരഞ്ഞെടുപ്പ് ഓഫീസര്‍ (പിആര്‍ഒ) രാജേന്ദ്ര കുംപാവത്, സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദോതസ്ര, സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള പാര്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറല്ലെന്നും വേണമെങ്കില്‍ സമവായ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാമെന്നുമാണ് ഗെഹ്ലോട്ടിന്റെ നിലപാട്. ഇനി മത്സരിച്ചാല്‍ തന്നെ ചില ഉപാധികള്‍ ഹൈക്കമാന്റിന് മുന്നില്‍ ഗെഹ്ലോട്ട് വെച്ചിട്ടുണ്ടെന്നാണ് സൂചന. ഇതില്‍ പ്രധാനം അധ്യക്ഷനായാലും മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കണമെന്നതാണ്. അതല്ലെങ്കില്‍ താന്‍ നിര്‍ദ്ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടിട്ടുണ്ടത്രേ. മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിയമിക്കുന്നത് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്.

സംസ്ഥാനത്ത് ഭരണം ലഭിച്ചത് മുതല്‍ കോണ്‍ഗ്രസില്‍ സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിലുള്ള അധികാര തര്‍ക്കം രൂക്ഷമാണ്. ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് നിയമിതനായാല്‍ അടുത്ത മുഖ്യമന്ത്രിയായി സച്ചിന്‍ ഗെഹ്ലോട്ടിനെ ഹൈക്കമാന്റ് പരിഗണിച്ചേക്കും. ഗെഹ്ലോട്ടിന്റെ പേര് ചര്‍ച്ചയായത് മുതല്‍ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചുള്ള ചരടുവലികള്‍ സച്ചിനും ആരംഭിച്ചിട്ടുണ്ട്. സച്ചിന്‍ അനുഭാവികള്‍ ഇത് സംബന്ധിച്ച്‌ തങ്ങളുടെ താത്പര്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

വിമത നീക്കത്തിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സച്ചിന്‍ പൈലറ്റിന് നിലവില്‍ യാതൊരു സ്ഥാനവുമില്ല. പദവികള്‍ നല്‍കാതെ സച്ചിനെ മാറ്റി നിര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ പക്ഷത്തുള്ള നേതാക്കള്‍ അതൃപ്തികള്‍ പ്രകടിപ്പിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. ക്ഷമിക്കുന്നതിന് പരിധിയുണ്ടെന്ന മുന്നറിയിപ്പായിരുന്നു നേതാക്കള്‍ നല്‍കിയത്. അതേസമയം സച്ചിനെ വീണ്ടും ഒതുക്കാനുള്ള ശ്രമങ്ങള്‍ ഗെഹ്ലോട്ട് നടത്തിയാല്‍ രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിനെ സച്ചിന്‍റെ നേതൃത്വത്തില്‍ വീണ്ടും വിമത നീക്കം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നും ഇവര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular