Monday, September 26, 2022
HomeIndiaരൂപ് രേഖ വര്‍മക്ക് ഇന്ത്യന്‍ യുവതയോട് പറയാനുള്ളത്

രൂപ് രേഖ വര്‍മക്ക് ഇന്ത്യന്‍ യുവതയോട് പറയാനുള്ളത്

ര്‍ക്കാറിനെതിരെ പറയുന്നവരെ പിടിച്ചുകൊണ്ടുപോയി ജയിലിലിടുകയും അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ കയറ്റി ഇടിച്ചുനിരത്തുകയും ചെയ്യുന്ന ഉത്തര്‍ പ്രദേശിന്റെ തലസ്ഥാന നഗരിയില്‍ വഴിയിലൂടെ പോകുന്ന കാല്‍നടക്കാര്‍ക്കും വാഹനയാത്രികര്‍ക്കും വര്‍ഗീയതക്കെതിരായ നോട്ടീസ് വിതരണംചെയ്യുന്ന വയോധികയെ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നുവോ?

തെരുവില്‍ തിരക്കിട്ട രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന അവരുടെ ചിത്രം ജൂലൈയുടെ തുടക്കത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ലഖ്നോ സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ രൂപ് രേഖ വര്‍മയാണ് (79) ആ പോരാളി. നഗരത്തിന് രൂപ് രേഖയുടെ മുഖവും പോരാട്ടവും സുപരിചിതമാണ്. പതിനായിരക്കണക്കിനാളുകള്‍ക്ക് പ്രിയപ്പെട്ട അധ്യാപികയുമാണ്.

ചുട്ടുപൊള്ളിക്കുന്ന വേനലില്‍ എന്തിനാണ് മണിക്കൂറുകളോളം തെരുവില്‍ നിന്ന് നോട്ടീസുകള്‍ നല്‍കുന്നതെന്ന് തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു: ഇതിലേറെ ചൂടുപിടിച്ച അവസ്ഥയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. നാശത്തിന്റെ പാതയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന സന്ദേശം യുവജനങ്ങളിലെത്തിക്കാനാണ് പരിശ്രമിക്കുന്നത്.

വിദ്വേഷം വളര്‍ത്തി സൃഷ്ടിക്കുന്ന ധ്രുവീകരണം, മുസ്‍ലിംകളെ അപരവത്കരിച്ചും ഉന്നംവെച്ചുമുള്ള അക്രമങ്ങള്‍, ദലിതുകള്‍ക്കെതിരായ അതിക്രമങ്ങള്‍, തൊഴിലില്ലായ്മയുടെ ആധിക്യം, വിലക്കയറ്റം, രൂപയുടെ മൂല്യമിടിച്ചില്‍.. ഇതെല്ലാം ഉടനടി തടയിടേണ്ട കാര്യങ്ങളാണ്.സഹപ്രവര്‍ത്തകരായ പ്രഫ. രമേഷ് ദീക്ഷിത്, വന്ദന മിശ്ര, ആര്‍.എസ്. ബാജ്പേയ്, മധു ഗാര്‍ഗ്, രാജിവ് ധ്യാനി, മുഹമ്മദ് റാശിദ്, അത്ഹര്‍ ഹുസൈന്‍ തുടങ്ങിയവരും വര്‍ഗീയതക്കെതിരായ സന്ദേശവുമായി തെരുവിലുണ്ടായിരുന്നു.

പ്രചാരണം തുടങ്ങാന്‍ ജൂലൈ അഞ്ച് തിരഞ്ഞെടുത്തതിനും കാരണമുണ്ട്: 1857ല്‍ ഇതുപോലൊരു ജൂലൈ അഞ്ചിനാണ്, ഇന്ന് ലഖ്നോവിന്റെ ഭാഗമായ ചിന്‍ഹട്ടില്‍ നടന്ന പോരാട്ടത്തില്‍ ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തിയ ശേഷം ഹിന്ദുക്കളും മുസ്‍ലിംകളും ചേര്‍ന്ന് ബിര്‍ജിസ് ഖദ്രയെ അവ്ധിന്റെ നവാബായി പ്രഖ്യാപിച്ചത്.

ബ്രിട്ടീഷുകാരെ എതിരിടാന്‍ ചെയ്തതു പോലെ ഹിന്ദുക്കളും മുസ്‍ലിംകളും മറ്റു സമുദായങ്ങളും ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ രാജ്യത്തിന് പുരോഗതിയും ശക്തിയുമുണ്ടാവൂ എന്ന് ജനങ്ങളോട് പറയേണ്ടതുണ്ട്. ചിലര്‍ക്ക് സ്വാര്‍ഥ നേട്ടങ്ങളുണ്ടാകുമെന്നല്ലാതെ ധ്രുവീകരണത്തിന്റെ രാഷ്ട്രീയം ഒരിക്കലും രാജ്യത്തിന് ഗുണം നല്‍കില്ല. ഭിന്നിപ്പിച്ച്‌ ഭരിച്ച ബ്രിട്ടീഷുകാരുടെ അതേ തന്ത്രമാണ് വലിയ ദേശീയവാദികള്‍, ദേശാഭിമാനികള്‍ എന്നവകാശപ്പെടുന്ന ആളുകള്‍ പയറ്റുന്നത്.

വംശഹത്യക്കായുള്ള ആഹ്വാനവും കുറ്റമൊന്നും ചെയ്യാതെ തന്നെ മുഹമ്മദ് സുബൈറിനെപ്പോലുള്ളവരെ പിടിച്ചുകൊണ്ടുപോയതും സമാധാനപരമായ പ്രതിഷേധം നടത്തുന്നവരുടെ വീടുകള്‍ തകര്‍ക്കുന്നതും ആള്‍ക്കൂട്ട അതിക്രമകാരികള്‍ക്ക് ജാമ്യവും ആദരവും നല്‍കുന്നതുമെല്ലാം ഏറെ ആകുലപ്പെടുത്തുന്ന കാര്യങ്ങളാണ്.ഇന്ത്യയുടെ പാരമ്ബര്യത്തിന് ഏതെങ്കിലുമൊരു കൂട്ടര്‍ മാത്രമല്ല അവകാശികളെന്ന് പ്രഫ. രൂപ് രേഖ അടിവരയിടുന്നു:

വേദകാലഘട്ടത്തില്‍പോലും ഇന്ത്യയില്‍ ഹിന്ദുക്കള്‍ മാത്രമായിരുന്നില്ല. വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളില്‍നിന്നുള്ള ആളുകള്‍ ഇവിടെ സമാധാനപൂര്‍ണമായി സൗഹാര്‍ദത്തോടെ താമസിച്ചുപോന്നു. ഒരു സംസ്കാരം മാത്രമായി ഇന്ത്യയെ കീഴൊതുക്കി വെച്ചിരുന്നില്ല. പല പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇന്ത്യയിലേക്ക് വരുകയും പാര്‍പ്പുറപ്പിക്കുകയും ചെയ്തു. ഹിന്ദുക്കളും മുസ്‍ലിംകളും ദലിതുകളും ദ്രാവിഡരുമെല്ലാം ഇന്നുകാണുന്ന ഇന്ത്യക്കായി സംഭാവനകളര്‍പ്പിക്കുകയും ചെയ്തു.

ഇന്ത്യന്‍ ജനതയെ ഒരുപാട് ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ബ്രിട്ടീഷുകാര്‍ പോലും അവരുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയാവാത്ത ഒരു സമുദായം പോലുമില്ല. രാജ്യത്തിനുവേണ്ടി ഏറെ പ്രയത്നിച്ച ദലിത് സമൂഹം തുല്യതയില്ലാത്ത പീഡനങ്ങള്‍ക്കാണ് ഇരയായിക്കൊണ്ടിരിക്കുന്നത്. ഹിന്ദുക്കളും മുസ്‍ലിംകളും അളവറ്റ ത്യാഗങ്ങള്‍ സഹിച്ചു. സ്വാതന്ത്ര്യപ്പോരാട്ടത്തിന് പിന്തുണ നല്‍കിയതിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ അതിക്രൂര അതിക്രമങ്ങള്‍ക്കിരയാക്കിയ ആയിരം മുസ്‍ലിംകളുടെ പേരുപറയാന്‍ എനിക്കാവും.

മുസ്‍ലിം ഭരണാധികാരികള്‍ തങ്ങളുടെ ഹിന്ദു പ്രജകളോട് അതിക്രമം കാണിച്ചിരുന്നു എന്ന ആവര്‍ത്തിക്കപ്പെടുന്ന ആരോപണങ്ങളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍, എല്ലാ ഭരണാധികാരികളും വിശ്വാസങ്ങളുടെ വ്യത്യാസമില്ലാതെ, അവരുടെ പ്രജകളോട് അതിക്രമം നടത്തിയെന്ന് അവര്‍ പറയുന്നു. ഹിന്ദുരാജാക്കന്മാര്‍ പ്രജകളോട് നന്നായി വര്‍ത്തിച്ചിരുന്നുവോ? രാജാക്കന്മാര്‍ ഏറെ പേരും അതിരുവിട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്ന് അവര്‍ മറുപടി നല്‍കുന്നു- ഇപ്പോള്‍ ഇതൊരു ജനാധിപത്യ രാജ്യമാണ്. ഏതെങ്കിലും സമുദായത്തോട് ക്രൂരത കാണിക്കുന്നത് ന്യായീകരിക്കാനാവില്ല. എല്ലാ പൗരര്‍ക്കും ജാതിമത വ്യത്യാസമില്ലാതെ തുല്യമായ അവകാശമാണ് ഈ രാജ്യത്ത്.

സംസാരം അവസാനിക്കുംമുമ്ബ്, രാജ്യത്തെ യുവജനങ്ങളോട് ഒരുകാര്യം പറയാനുണ്ടെന്ന് അവര്‍ പറഞ്ഞു: ഞങ്ങളുടെ തലമുറയുടെ ഇന്നിങ്സ് പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. എപ്രകാരമുള്ള ഇന്ത്യയാണ് വേണ്ടതെന്ന് ഇനി തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങള്‍ക്ക് ഇന്ത്യയെ രക്ഷിക്കാനാണ് ആഗ്രഹമെങ്കില്‍ ഓരോ പൗരജനങ്ങളുടെയും അന്തസ്സും സംരക്ഷിക്കപ്പെടണം.അവരുടെ സംഭാവനകളെ അംഗീകരിക്കുകയും എല്ലാവരുടെയും പിന്തുണയോടെ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോവുകയും വേണം. എന്നാല്‍ വിദ്വേഷത്തിലും അക്രമത്തിലും അധിഷ്ഠിതമായ ഒരു പുതിയ ഇന്ത്യയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, അത് നിങ്ങളുടെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular