Thursday, March 28, 2024
HomeIndiaകോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഗെഹ്‌ലോട്ട് തയാര്‍; പക്ഷേ ഒരു നിബന്ധനയുണ്ട്

കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഗെഹ്‌ലോട്ട് തയാര്‍; പക്ഷേ ഒരു നിബന്ധനയുണ്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന് നടക്കാനിരിക്കെ, ഒന്നിലേറെ സ്ഥാനാര്‍ഥികള്‍ ഏറ്റുമുട്ടുമെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തതയാവുന്നു.

വിമത സ്വരമുയര്‍ത്തിയ നേതാക്കളുടെ പക്ഷത്തു നിന്ന് ശശി തരൂര്‍ എം.പി മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. നെഹ്റു കുടുംബത്തില്‍ നിന്ന് മത്സരാര്‍ഥികള്‍ ഇല്ലാത്ത പക്ഷം, വിശ്വസ്തനായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സ്ഥാനാര്‍ഥിയായെത്തും.

ശശി തരൂര്‍ കഴിഞ്ഞ ദിവസം ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് മത്സരിക്കാനുള്ള തീരുമാനം അറിയിച്ചിരുന്നു. ആര്‍ക്കും മത്സരിക്കാമെന്ന മുന്‍ നിലപാടാണ് സോണിയ തരൂരിനോടും പറഞ്ഞത്. ഇതോടെയാണ് തരൂര്‍ മത്സരരംഗത്തുണ്ടാവുമെന്നത് ഏറെക്കുറെ ഉറപ്പിച്ചിരിക്കുന്നത്. മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തരൂര്‍ തള്ളിയിട്ടുമില്ല.

അതേസമയം, താന്‍ അധ്യക്ഷനാവുകയാണെങ്കില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം പാര്‍ട്ടിക്കുള്ളിലെ എതിരാളിയായ സചിന്‍ പൈലറ്റിന് നല്‍കരുതെന്ന നിബന്ധന അശോക് ഗെഹ്‌ലോട്ട് സോണിയക്ക് മുമ്ബില്‍ വെച്ചതായാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. താന്‍ അധ്യക്ഷ സ്ഥാനത്തെത്തുകയാണെങ്കില്‍ തനിക്ക് വിശ്വസ്തനായ ഒരാളെ വേണം രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാന്‍ എന്നാണ് ഗെഹ്‌ലോട്ടിന്‍റെ ആവശ്യം. അല്ലാത്ത പക്ഷം, മുഖ്യമന്ത്രിയായി തുടര്‍ന്നുകൊണ്ടു തന്നെ വര്‍ക്കിങ് പ്രസിഡന്‍റായി പ്രവര്‍ത്തിക്കാനാണ് ഗെഹ്‌ലോട്ട് താല്‍പര്യപ്പെടുന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേരത്തെ തന്നെ കണ്ണുവെച്ചയാളാണ് സചിന്‍ പൈലറ്റ്. മുമ്ബ് പാര്‍ട്ടിയുമായി പിണങ്ങിയപ്പോഴൊക്കെ ദേശീയ നേതൃത്വം അനുനയിപ്പിച്ച്‌ നിര്‍ത്തുകയായിരുന്നു യുവനേതാവിനെ. ഇന്നലെ സചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തിയത് അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഒരു വര്‍ഷം മാത്രമാണ് അവശേഷിക്കുന്നതെങ്കിലും മുഖ്യമന്ത്രി സ്ഥാനം തനിക്ക് വേണമെന്ന ആവശ്യം സചിന്‍ ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനായാണ് അശോക് ഗെഹ്‌ലോട്ട് സോണിയക്ക് മുമ്ബാകെ നിബന്ധന വെച്ചത്.

താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനെക്കാള്‍ അശോക് ഗെഹ്‌ലോട്ടിന് താല്‍പര്യം രാഹുല്‍ ഗാന്ധിയെ തന്നെ വീണ്ടും കൊണ്ടുവരികയെന്നതാണ്. ഇതിനായി അവസാനവട്ട ശ്രമങ്ങളും അദ്ദേഹം നടത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന പ്രമേയം രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബിഹാര്‍, തമിഴ്‌നാട്, ജമ്മു പി.സി.സികള്‍ പാസാക്കിയെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ് അദ്ദേഹം.

ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാള്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചാല്‍ താനും മത്സര രംഗത്തുണ്ടാകുമെന്ന സൂചന ശശി തരൂര്‍ നല്‍കിയിരുന്നു. ഗാന്ധി കുടുംബത്തില്‍നിന്ന് ആരെങ്കിലുമാണ് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതെങ്കില്‍ ജി-23 ഗ്രൂപ്പിന്‍റെ ഭാഗമായ നേതാക്കള്‍ മത്സരത്തിനുണ്ടായേക്കില്ല. ഗെഹ്‌ലോട്ട് സ്ഥാനാര്‍ഥിയാകുകയാണെങ്കില്‍ ഇതോടെ മത്സരം ഉറപ്പാകും.

മത്സരം ഉറപ്പായ സാഹചര്യത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍ക്കായി രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രക്കിടെ ഡല്‍ഹിയിലെത്തും. യാത്രക്ക് ഒരു ദിവസത്തെ അവധി നല്‍കി രാഹുല്‍ വെള്ളിയാഴ്ചയാണ് ഡല്‍ഹിയിലെത്തുക. രാഹുലിനെയും കെ.സി. വേണുഗോപാലിനെയും സോണിയ ഗാന്ധി വിളിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബര്‍ 30 വരെയാണ് നാമനിര്‍ദേശ പത്രികകള്‍ നല്‍കാവുന്നത്. ഒന്നിലേറെ സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായാല്‍ ഒക്ടോബര്‍ 17ന് തെരഞ്ഞെടുപ്പ്. 19ന് പുതിയ അധ്യക്ഷനാരെന്ന പ്രഖ്യാപനം വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular