Saturday, April 20, 2024
HomeUSAവീണ്ടും മത്സരിക്കുമോ എന്ന് ഉറപ്പു പറയാറായില്ലെന്നു ബൈഡൻ

വീണ്ടും മത്സരിക്കുമോ എന്ന് ഉറപ്പു പറയാറായില്ലെന്നു ബൈഡൻ

ഒരിക്കൽ കൂടി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കൂമോ എന്ന കാര്യത്തിൽ ഉറപ്പു പറയാൻ വയ്യ എന്നു ജോ ബൈഡൻ. “കണ്ടറിയണം,” സി ബി എസ് ടെലിവിഷന്റെ ’60 മിനിറ്റ്സ്’ പരിപാടിയിൽ സ്കോട്ട് പെല്ലിക്കു അനുവദിച്ച അഭിമുഖത്തിൽ പ്രസിഡന്റ് പറഞ്ഞു.

2024ൽ മത്സരിക്കുന്നതിനെ കുറിച്ച്  ഉറച്ച തീരുമാനം എടുത്തോ എന്നാണ് നവംബർ 20നു 80 വയസാവുന്ന ബൈഡനോട് ഞായറാഴ്ച സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിൽ പെല്ലി ചോദിച്ചത്.

ബൈഡൻ പറഞ്ഞു: “നോക്കൂ, എന്റെ ഉദ്ദേശം വീണ്ടും മത്സരിക്കണമെന്നാണ്. പക്ഷെ അതൊരു ഉദ്ദേശം മാത്രമാണ്. എന്നാൽ ഉറച്ച തീരുമാനം എടുത്തോ എന്നു ചോദിച്ചാൽ…കണ്ടറിയണം.”

“സർ, അങ്ങേയ്ക്കു മത്സരിക്കാൻ ചില സാഹചര്യങ്ങൾ ശരിയാവാനുണ്ടോ,” പെല്ലി ചോദിച്ചു.

“അത്തരമൊരു തീരുമാനം എടുക്കാൻ സമയം ഒട്ടും ആയിട്ടില്ല,” പ്രസിഡന്റ് പറഞ്ഞു. “ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞു തീരുമാനിക്കും.

“ഞാൻ വിധിയെ വളരെ മാനിക്കുന്ന ഒരാളാണ്. അതു കൊണ്ട് ഇപ്പോൾ ഞാൻ എന്റെ ജോലിയിൽ ശ്രദ്ധ വയ്ക്കുന്നു. അത് തുടരും.

“ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞു അടുത്ത വർഷത്തിലേക്കു കടന്ന ശേഷം അതേപ്പറ്റി ചിന്തിക്കുന്നത് ആയിരിക്കും ഉചിതം.”

2024ൽ വീണ്ടും മത്സരിക്കും എന്നാണ് ബൈഡൻ ആവർത്തിച്ചു പറഞ്ഞിരുന്നത്. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ അധികാരം ഒഴിയുമ്പോൾ 85 വയസിലെത്തും എന്നതു കൊണ്ടാണ് മത്സരിക്കുമോ എന്ന ചോദ്യം ആവർത്തിച്ചു ഉയർന്നു വന്നത്. മത്സരിക്കുമെന്നു മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയോട് അടുത്തിടെ ബൈഡൻ പറഞ്ഞിരുന്നു.

കോവിഡ്  മഹാമാരി കഴിഞ്ഞെന്നു ബൈഡൻ പറഞ്ഞു. “നമ്മൾ ഇപ്പോഴും കോവിഡ് നിയന്ത്രണ ശ്രമങ്ങൾ തുടരുന്നുണ്ട്. പക്ഷെ മഹാമാരി കഴിഞ്ഞു. ആരും മാസ്‌ക് ധരിക്കാറില്ല. എല്ലാവരും ആരോഗ്യത്തോടെ കഴിയുന്നു എന്നാണ് തോന്നുന്നത്. അതു കൊണ്ട് ആ കാലം കടന്നു പോയി എന്നാണ് എന്റെ വിശ്വാസം.”

വിലക്കയറ്റം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നു പറയാൻ താൻ തയാറല്ല എന്ന് ബൈഡൻ സമ്മതിച്ചു. “പക്ഷെ കുറയുമെന്ന് അമേരിക്കൻ ജനതയോട് ഞാൻ ഉറപ്പു പറയുന്നു. ഡോക്ടർമാർ എഴുതുന്ന  മരുന്നുകളുടെ വില വളരെയേറെ കുറയും. ഇന്ധന വില കുറയും.  അടിസ്ഥാന ചെലവുകൾ  നിയന്ത്രിച്ചു മുന്നോട്ടു പോകാൻ അവർക്കു കഴിയും.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular