Saturday, April 20, 2024
HomeUSAഗാന്ധിജിയുടെ ശിൽപം തകർത്ത കേസിൽ ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തു

ഗാന്ധിജിയുടെ ശിൽപം തകർത്ത കേസിൽ ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തു

ന്യു യോർക്ക് ക്വീൻസിലുള്ള റിച്ച്മണ്ടിലെ തുൾസി ക്ഷേത്രത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അടിച്ചുടച്ച കേസിൽ ഇന്ത്യൻ അമേരിക്കൻ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുഖ്‌പാൽ സിംഗിന്റെ (27) മേൽ വിദ്വേഷ കുറ്റം ചുമത്തിയിട്ടുണ്ടെന്നു ക്വീൻസ് ഡിസ്‌ട്രിക്‌ട് അറ്റോണിയുടെ ഓഫീസ് പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം പലായനം ചെയ്തവർ ഉപയോഗിച്ച രണ്ടു കാറുകളിൽ ഒന്ന് സിംഗിന്റേതാണ്.

ഓഗസ്റ്റ് 16 നാണു ഹൈന്ദവ ക്ഷേത്രത്തിൽ ആക്രമണം നടന്നത്. ഒന്നിലധികം ആളുകൾ അക്രമി സംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് അന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. അവർ ഗാന്ധിജിയുടെ പൂർണകായ ശിൽപം കൂടം വച്ച് അടിച്ചു തകർക്കുകയായിരുന്നു. ശിൽപത്തിന്മേൽ ‘കുത്താ’ (നായ) എന്നു പെയിന്റ് ചെയ്തു. ക്ഷേത്രത്തിന്റെ പുറത്തെ വീഥിയിലും അങ്ങിനെ എഴുതി.

സിംഗിനോടൊപ്പം ഉണ്ടായിരുന്ന നാലു പേരെക്കൂടി കിട്ടാനുണ്ട്. ഇവരെല്ലാം ഖാലിസ്ഥാൻ തീവ്രവാദികളാണെന്നു റിപോർട്ടുണ്ട്. ലിറ്റിൽ നെക്ക് റോഡിൽ താമസിക്കുന്ന സിങ്ങാണ് അക്രമികൾക്കു രക്ഷപെടാനുള്ള രണ്ടു കാറുകളിൽ ഒന്ന് നൽകിയതെന്നു ഡിസ്‌ട്രിക്‌ട് അറ്റോണി മെലിന്ഡ കാറ്റ്‌സിന്റെ ഓഫീസ് പറയുന്നു. വീഡിയോ ദൃശ്യങ്ങളിൽ കാർ കാണാം. അഞ്ചു പേർ ചേർന്നു പ്രതിമ അടിച്ചു തകർക്കുന്നതും പെയിന്റ് ചെയ്യുന്നതും സി സി ടി വി ദൃശ്യങ്ങളിൽ കാണാം.

പിന്നീട് അവർ ലിബർട്ടി അവന്യുവിലേക്കു ഓടുന്നു. അവിടന്ന് ഒരു ടൊയോട്ട കാമ്രിയിലും ഒരു മെർക് സി-ക്ലാസിലും കയറി രക്ഷപെടുന്നു.

മെർകിന്റെ നമ്പർ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. കാർ സുഖ്‌പാൽ സിംഗിന്റെയാണെന്നു തെളിഞ്ഞു. അതെ തുടർന്നാണ് അറസ്റ്റ്. സിംഗിനു 15 വര്ഷം വരെ ജയിലിൽ കിടക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

കാറ്റ്‌സ് പറഞ്ഞു: “വിദ്വേഷത്തിനും അതിൽ നിന്നുണ്ടാവുന്ന അക്രമങ്ങൾക്കും നമ്മുടെ സമൂഹത്തിൽ ഇടമില്ല. അത്തരം കുറ്റവാളികളെ എന്റെ ഓഫീസ്‌ കർശനമായി കൈകാര്യം ചെയ്യും.”

സ്റ്റേറ്റ് അസംബ്ലി അംഗം ജെനിഫർ രാജ്‌കുമാർ പറഞ്ഞു: “ഇവിടത്തെ ഹിന്ദു സമൂഹത്തിനെതിരെ വിദ്വേഷവും എതിർപ്പും മൂലമുള്ള കുറ്റകൃത്യങ്ങൾ കൂടി വരികയാണ്. ഗാന്ധിജി സമാധാനത്തിന്റെ പ്രതീകമാണ്. അത് കൊണ്ട് അക്രമികളോട് ആയുധം ഉപേക്ഷിച്ചു ഞങ്ങളുടെ സമാധാന യാത്രയിൽ പങ്കു ചേരാൻ ഞാൻ നിർദേശിക്കുന്നു.”

കാറ്റ്സിനും ന്യു യോർക്ക് പൊലീസിനും അവർ നന്ദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular