തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയില്‍ ഈ മാസം നാലാം തീയതിയായിരുന്നു അതിക്രമം. പെണ്‍കുട്ടികളടക്കമുള്ളവരെയാണ് ഒരു സംഘം അതിക്രൂരമായി മര്‍ദ്ദിച്ചത്.
ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീ നാരായണപുരം സ്വദേശി മനീഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൈകൊണ്ടും വടി കൊണ്ടും ഇയാള്‍ കുട്ടികളെ അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മനീഷ് കുട്ടികളെ ഓടിച്ചിട്ട് മര്‍ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കുട്ടികളുടെ കരച്ചിലും ദൃശ്യങ്ങളിലുണ്ട്.
എന്നാല്‍ പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുത്ത ശേഷം വിട്ടയച്ചെന്നും ആരോപണമുണ്ട്. ഓണാഘോഷത്തിന് ശേഷം സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികള്‍ സ്ഥലം കാണാനായി പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഒരു സംഘമാളുകള്‍ തടഞ്ഞു നിര്‍ത്തി കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു.