Sunday, May 26, 2024
HomeUSA'അമ്പരപ്പിക്കുന്ന സാമ്പത്തിക തട്ടിപ്പ്' ആരോപിച്ചു ട്രംപ് കുടുംബത്തിനെതിരെ ന്യു യോർക്ക് എ ജി ഹർജി നൽകി

‘അമ്പരപ്പിക്കുന്ന സാമ്പത്തിക തട്ടിപ്പ്’ ആരോപിച്ചു ട്രംപ് കുടുംബത്തിനെതിരെ ന്യു യോർക്ക് എ ജി ഹർജി നൽകി

മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അദ്ദേഹത്തിന്റെ മക്കൾ എറിക്, ഇവാങ്ക, ഡൊണാൾഡ് ട്രംപ് ജൂനിയർ എന്നിവർക്കെതിരെ ‘അമ്പരപ്പിക്കുന്ന സാമ്പത്തിക തട്ടിപ്പിന്’ ന്യു യോർക്ക് അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസ് സിവിൽ സൂട്ട് ഫയൽ ചെയ്തു. ട്രംപ് ഓർഗനൈസേഷനും പ്രതിയായ കേസിൽ തട്ടിപ്പിലൂടെ നേടിയ $250 മില്യൻ തിരിച്ചു പിടിക്കാനാണ് ജെയിംസ് ആവശ്യപ്പെടുന്നത്.

ട്രംപ് കുടുംബത്തിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നടന്ന തട്ടിപ്പിനു 220-പേജ് കുറ്റപത്രത്തിൽ ജെയിംസ് തെളിവുകൾ ഹാജരാക്കിയപ്പോൾ അതു വെറും രാഷ്ട്രീയ വേട്ടയാടൽ ആണെന്ന് ട്രംപ് പ്രതികരിച്ചു.

ട്രംപിന്റെ വീടുകൾ, ഗോൾഫ് കോഴ്‌സുകൾ ഇവയുൾപ്പടെയുള്ള വസ്തുവകകളുടെ മൂല്യം വ്യാജമായി ഉയർത്തിക്കാട്ടി വായ്‌പകൾ എടുക്കാനും നികുതി തട്ടിപ്പു നടത്താനും ശ്രമിച്ചെന്ന് ഡെമോക്രാറ്റ് ആയ ജെയിംസ് ആരോപിക്കുന്നു. ന്യു യോർക്ക് സംസ്ഥാനത്തു അഞ്ചു വർഷത്തേക്കു വസ്തുവകകൾ വാങ്ങാൻ കഴിയാത്ത വിധം നിരോധനം ഏർപ്പെടുത്താൻ ഹർജിയിൽ ആവശ്യപ്പെടുന്നു.

മാധ്യമ സമ്മേളനത്തിൽ ജെയിംസ് പറഞ്ഞു: “ഡൊണാൾഡ് തന്റെ ആസ്തികൾ നിരവധി ബില്യൺ ഡോളർ പെരുപ്പിച്ചു കാട്ടി വ്യവസ്ഥിതിയെ കബളിപ്പിച്ചു ധനികനാവാൻ ശ്രമിച്ചു. ഇല്ലാത്ത പണം ഉണ്ടെന്നു അവകാശപ്പെടുന്നത് കച്ചവട ഇടപാടിന്റെ കലയല്ല, കളവിന്റെ കലയാണ്.”

മൂന്നു വർഷം തന്റെ ഓഫീസ് നടത്തിയ അന്വേഷണത്തിൽ ബിസിനസ് റെക്കോർഡുകളിൽ കൃത്രിമം, ഇൻഷുറൻസ് തട്ടിപ്പ്, വ്യാജ സാമ്പത്തിക കണക്കുകൾ, ബാങ്കുകളെ പറ്റിക്കൽ എന്നിങ്ങനെ നിരവധി ക്രിമിനൽ കുറ്റങ്ങൾ കണ്ടെത്തി.

സിവിൽ അന്വേഷണം ആയിരുന്നതിനാൽ ജെയിംസിനു ക്രിമിനൽ കേസ് എടുക്കാൻ കഴിയില്ല. എന്നാൽ ഇന്റേണൽ റവന്യു സർവീസിനും ന്യു യോർക്ക് സതേൺ ഡിസ്‌ട്രിക്ടിലെ പ്രോസിക്യൂട്ടർമാർക്കും കേസ് അയക്കുന്നുണ്ട്.

ട്രംപ് സമ്പാദിച്ചതിനേക്കാൾ നിരവധി ബില്യണുകൾ അധികം കാട്ടി നിർമിച്ച സാമ്പത്തിക രേഖകൾ കുഷ്മാൻ&വെയ്ക്ഫീൽഡ്, ഡൊയിച് ബാങ്ക്, മസാർസ് ഗ്രൂപ് തുടങ്ങിയ സ്ഥാപനങ്ങൾക്കു വായ്‌പയ്ക്കും ഇൻഷുറൻസ് ആവശ്യങ്ങൾക്കും നൽകി. അതിന്റെ പ്രയോജനങ്ങൾ അവർക്കു ലഭിക്കയും ചെയ്തു.

ഓരോ സ്‌റ്റേറ്റ്മെന്റും ശരിയെന്നു ട്രംപ് അല്ലെങ്കിൽ കമ്പനിയുടെ ട്രസ്റ്റി സ്ഥിരീകരിച്ചിരുന്നു.

വോൾ സ്ട്രീറ്റിലെ 40 പ്രോപ്പർട്ടിക്കു 2012ൽ ട്രംപ് $530 മില്യൺ മൂല്യം അവകാശപ്പെട്ടപ്പോൾ അതു വിലയിരുത്തിയ അപ്പ്രൈസർ നൽകിയത് $220 മില്യൺ ആണ്. ട്രംപ് ടവറിലെ പാർപ്പിടത്തിനു 11,000 ചതുരശ്ര അടിയിൽ താഴെ മാത്രം വിസ്തീർണമുള്ളപ്പോൾ ട്രംപ് അവകാശപ്പെട്ടത് 30,000 ചതുരശ്ര അടിയാണ്. ആ പെരുപ്പിക്കൽ കൊണ്ട് അതിന്റെ വില $327 മില്യൺ ആയി ഉയർന്നു. ആ വിലയ്ക്കു ന്യു യോർക്കിൽ ഒരിക്കലും ഒരു കെട്ടിടവും വിട്ടിട്ടില്ല.

ട്രംപ് പാർക്ക് അവന്യുവിൽ 12 അപ്പാർട്മെന്റുകൾക്കു $50 മില്യനാണ് ട്രംപ് അവകാശപ്പെട്ടത്. പക്ഷെ അപ്പ്രൈസർ നിശ്ചയിച്ച മൂല്യം വെറും $750,000 ആണ്.

ട്രംപിന്റെ നികുതി ബാധ്യത $3.5 മില്യണിലധികം കുറയ്ക്കാനുള്ള കൃത്രിമങ്ങൾ എറിക് ട്രംപ് നടത്തിയത് ജെയിംസ് വിവരിക്കുന്നുണ്ട്. അവർ പറയുന്നു: “ഞാൻ ചൂണ്ടിക്കാട്ടുന്ന ഉദാഹരണങ്ങൾ നടപടി ദൂഷ്യങ്ങളുടെ തൊലിപ്പുറമേ മാത്രമേ സ്പർശിച്ചിട്ടുള്ളൂ.”

ന്യു യോർക്കിലെ ഏതെങ്കിലും കമ്പനിയിൽ ട്രംപ്, ഇവാങ്ക, എറിക് എന്നിവർ ഡയറക്ടർമാർ ആവുന്നത് സ്ഥിരമായി നിരോധിക്കണമെന്നും ജെയിംസ് ആവശ്യപ്പെട്ടു. ട്രംപ് ഓർഗനൈസേഷൻ സി എഫ് ഓ: അല്ലൻ വീസീൽബെർഗ്, കൺട്രോളർ ജെഫ്രി മക്കോണി എന്നിവരെയും നിരോധിക്കണം.

ഈ നിയന്ത്രണങ്ങളെല്ലാം ആദ്യം ഒരു ജഡ്ജ് അംഗീകരിക്കേണ്ടതുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular