Thursday, April 25, 2024
HomeUSAഇറാൻ സദാചാര പോലീസിനെതിരെ യു എസ് ഉപരോധം

ഇറാൻ സദാചാര പോലീസിനെതിരെ യു എസ് ഉപരോധം

ഇറാന്റെ സദാചാര പോലീസിനെതിരെ യു എസ് ഉപരോധം ഏർപ്പെടുത്തി. മഹ്‌സ അമീനി എന്ന 22കാരി കഴിഞ്ഞ ആഴ്ച സദാചാര പോലീസിന്റെ കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നാണിത്. സദാചാര പൊലീസ് മേധാവി മുഹമ്മദ് റോസ്തമി, മരണം സംഭവിച്ച സമയത്തു ടെഹ്റാനിലെ പൊലീസ് തലവനായിരുന്ന ഹാജ് അഹ്‌മദ്‌ മിർസായി എന്നിവർക്കെതിരെയുമുണ്ട് ഉപരോധം.

നടപടിയെപ്പറ്റി യു എസ് ട്രഷറി വകുപ്പ് പറഞ്ഞു: “ഇറാനിയൻ വനിതകൾക്ക് എതിരായ അക്രമങ്ങളുടെയും അധിക്ഷേപത്തിന്റെയും പേരിലും സമാധാനമായി പ്രതിഷേധം രേഖപ്പെടുത്തിയതിന്റെ പേരിലും ഈ ഉപരോധം ഏർപ്പെടുത്തുന്നു.”

ശിരോവസ്ത്രം തെറ്റായ രീതിയിൽ ധരിച്ചുവെന്ന കുറ്റം ചുമത്തി അമീനിയെ അറസ്റ്റ് ചെയ്തത് ഒരാഴ്ച മുൻപായിരുന്നു. അന്നു തന്നെ മുറിവുകളുമായി അവരെ അബോധാവസ്ഥയിൽ ആശുപത്രിയിലാക്കിയെന്നു ട്രഷറി വകുപ്പ് ചൂണ്ടിക്കാട്ടി.

അമീനി ഹൃദ്രോഗം മൂലമാണ് മരിച്ചതെന്നു ഇറാനിയൻ അധികൃതർ പറഞ്ഞു. എന്നാൽ അവർക്കു ഹൃദയ രോഗങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നു അമീനിയുടെ കുടുംബം പറയുന്നു.

ഇറാന്റെ ചാര-സുരക്ഷാ വകുപ്പ്, ബാസ്‌ജി സേന, കരസേന, പൊലീസ് എന്നിവയ്‌ക്കെതിരെയും ഉപരോധം ഏർപെടുത്തി.

മഹ്‌സ അമീനി ധീരയായ യുവതി ആയിരുന്നുവെന്നു ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെൻ (ചിത്രം) പ്രസ്താവനയിൽ പറഞ്ഞു. “സ്വന്തം ജനങ്ങൾക്കെതിരെ ഇറാൻ ഭരണകൂടത്തിന്റെ സുരക്ഷാ സേനകൾ അഴിച്ചു വിടുന്ന മൃഗീയതയുടെ മറ്റൊരു ഉദാഹരണമാണിത്. മനഃസാക്ഷിക്കു നിരക്കാത്ത ഈ നടപടിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. സ്ത്രീകൾക്കെതിരായ അക്രമം അവസാനിപ്പിക്കണമെന്നു ഞങ്ങൾ ഇറാൻ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു.

“മനുഷ്യാവകാശങ്ങൾക്കും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി ശക്തമായ നിലപാട് സ്വീകരിക്കാനുള്ള ബൈഡൻ-ഹാരിസ് ഭരണകൂടത്തിന്റെ ഉറച്ച തീരുമാനത്തിന്റെ മറ്റൊരു തെളിവാണ് ഈ നടപടി.”

അമീനിയുടെ മരണം ഇറാനിൽ വ്യാപകമായ സമരങ്ങൾക്കു കാരണമായി. ഇറാന്റെ വടക്കു പടിഞ്ഞാറൻ സഖേസ് നഗരത്തിൽ നിന്നു ടെഹ്‌റാനിലേക്കു കുടുംബത്തോടൊപ്പം വന്ന ഖുർദിഷ്‌ വനിതയായ അമീനി കഴിഞ്ഞ വെള്ളിയാഴ്ചയാണ്  മരിച്ചത്‌. പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ തന്നെ അമീനി ബോധം കെട്ടു വീണുവെന്നു റിപ്പോർട്ടുകളിൽ കാണുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular