അമേരിക്കയുടെ നടപടികള്‍ യുദ്ധത്തില്‍ നേരിട്ടു പങ്കെടുക്കുന്നതിനു തുല്യമാണെന്ന് റഷ്യന്‍ അംബാസഡര്‍ പറഞ്ഞു. പ്രകോപനപരമായ നടപടികള്‍ അമേരിക്ക ഉടന്‍ നിര്‍ത്തണമെന്നു റഷ്യ ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്ക ഇതുവരെ 1700 കോടി ഡോളറിന്റെ സഹായമാണു യുക്രെയ്നു നല്‍കിയിട്ടുള്ളത്. റഷ്യന്‍ അധിനിവേശ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള യുക്രെയ്ന്റെ പോരാട്ടത്തില്‍ അമേരിക്കന്‍ ആയുധങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
യുക്രെയ്ന് സേന മുന്നേറ്റം തുടരുന്നു
ഇതിനിടെ, യുക്രെയ്ന് സേനയുടെ മുന്നേറ്റത്തില്‍ റഷ്യന്‍ പട്ടാളം കൂടുതല്‍ തിരിച്ചടികള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
തെക്ക് ഖേര്‍സണില്‍ യുക്രെയ്ന് സേന അതിവേഗം മുന്നേറുന്നുവെന്നാണു പ്രസിഡന്റ് സെലന്‍സ്കി അറിയിച്ചത്. ഒട്ടനവധി പ്രദേശങ്ങള്‍ റഷ്യന്‍ പട്ടാളത്തില്‍നിന്നു തിരിച്ചുപിടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുക്രെയ്നിലെ ലുഹാന്‍സ്ക്, ഡോണറ്റ്സ്ക്, സാപ്പോറിഷ്യ, ഖേര്‍സന്‍ പ്രദേശങ്ങള്‍ ഔദ്യോഗികമായി റഷ്യയോടു കൂട്ടിച്ചേര്‍ക്കുന്ന നിയമത്തില്‍ പ്രസിഡന്റ് പുടിന് ഇന്നലെ ഒപ്പുവച്ചു.
ഇറേനിയന്‍ ഡ്രോണ്‍
റഷ്യന്‍ പട്ടാളം ഇറേനിയന്‍ നിര്‍മിത ഡ്രോണുകള്‍ യുക്രെയ്നില്‍ പ്രയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
യുക്രെയ്ന് തലസ്ഥാനമായ കീവിനടുത്തുള്ള ബിലാ സെര്ക്വാ എന്ന പട്ടണത്തില്‍ ഇറേനിയന്‍ നിര്‍മിത ‘കാമിക്കേസ്’ ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ ബോംബാക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു.