Friday, April 26, 2024
HomeEuropeഡാരിയ ഡുഗിന വധം : യുക്രെയിന്റെ അറിവോടെയെന്ന് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഡാരിയ ഡുഗിന വധം : യുക്രെയിന്റെ അറിവോടെയെന്ന് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

മോസ്കോ : റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ അടുത്ത അനുയായിയും തീവ്ര ദേശീയ രാഷ്ട്രീയ തത്വചിന്തകനുമായ അലക്സാണ്ടര്‍ ഡുഗിന്റെ മകള്‍ ഡാരിയ ഡുഗിന ( 29 ) ആഗസ്റ്റില്‍ മോസ്കോയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സംഭവം യുക്രെയിന്റെ അറിവോടെയെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഇന്റലിജന്‍സ് ഉറവിടങ്ങളെ ഉദ്ധരിച്ച്‌ ഒരു അമേരിക്കന്‍ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

യുക്രെയിന്‍ സ്വദേശിനിയായ നതാലിയ പവ്‌ലോ‌വ്‌ന വൊവ്‌ക് ആണ് കുറ്റകൃത്യം നടത്തിയതെന്നും’ യുക്രെയിന്‍ സ്പെഷ്യല്‍ സര്‍വീസസാണ് കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും റഷ്യയുടെ സുരക്ഷാ ഏജന്‍സിയായ ഫെഡറല്‍ സെക്യൂരി​റ്റി സര്‍വീസ് (എഫ്.എസ്.ബി) ഡാരിയയുടെ മരണത്തിന് പിന്നാലെ ആരോപിച്ചിരുന്നു. എന്നാല്‍ യുക്രെയിന്‍ ഇത് നിഷേധിച്ചിരുന്നു.

അതേ സമയം, കൊലപാതകത്തിന് അനുമതി നല്‍കിയ യുക്രെയിന്‍ അധികൃതരെ വിമര്‍ശിക്കുന്ന തരത്തിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞാഴ്ച യു.എസ് ഭരണകൂടത്തിന് സമര്‍പ്പിക്കപ്പെട്ടെന്നാണ് മാദ്ധ്യമ റിപ്പോര്‍ട്ട്. എന്നാല്‍ യുക്രെയിന്‍ സര്‍ക്കാരിന്റെ ഏത് വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.

പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കിയ്ക്ക് ആക്രമണത്തെ പറ്റി അറിവുണ്ടായിരുന്നോ എന്നും വ്യക്തമല്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ റഷ്യന്‍ സേനയെ തുരത്താനുള്ള യുക്രെയിന്റെ ശ്രമങ്ങളെ സഹായിക്കില്ലെന്നും അവ റഷ്യന്‍ ആക്രമണങ്ങളുടെ തീവ്രത കൂട്ടുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അതേ സമയം, ഡാരിയ ഡുഗിന വധത്തിന് പിന്നില്‍ തങ്ങളല്ലെന്ന് യുക്രെയിന്‍ അധികൃതര്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്തയോട് യു.എസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലും പ്രതിരോധ വകുപ്പും പ്രതികരിക്കാന്‍ തയാറായില്ല.

നതാലിയ എവിടെ ?

യുക്രെയിന്‍ അധിനിവേശത്തിന് പുട്ടിന് മാര്‍ഗ നിര്‍ദ്ദേശം നല്‍കിയ ‘ ആത്മീയ ആചാര്യനും” യുക്രെയിന്‍ അധിനിവേശത്തിന്റെ ശില്പിയുമായ അലക്സാണ്ടര്‍ ഡുഗിന്റെ ഏക മകളാണ് ഡാരിയ. ‘ വ്ലാഡിമിര്‍ പുട്ടിന്റെ തലച്ചോര്‍”, ‘ പുട്ടിന്റെ റാസ്പുട്ടിന്‍ ” എന്നൊക്കെയാണ് അലക്സാണ്ടര്‍ അറിയപ്പെടുന്നത്. ആഗസ്റ്റ് 20ന് രാത്രി 9 മണിയോടെയായിരുന്നു ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ ഡാരിയ സഞ്ചരിച്ചിരുന്ന ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ ബൊള്‍ഷിയെ വ്യാസെമി ഗ്രാമത്തിന് സമീപം പൊട്ടിത്തെറിച്ചത്. ഡാരിയ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.

ഡുഗിന്റെ കാറിലായിരുന്നു ഡാരിയ സഞ്ചരിച്ചിരുന്നത്. ഡാരിയയ്ക്കൊപ്പം പരിപാടിയില്‍ ഡുഗിന്‍ പങ്കെടുത്തെങ്കിലും ഡാരിയ കാറുമായി ആദ്യം ഇറങ്ങിയതിനാല്‍ ഏതാനും മിനിറ്റുകള്‍ക്ക് ശേഷം മറ്റൊരു കാറില്‍ ഡുഗിന്‍ പുറപ്പെടുകയായിരുന്നു. ഇതോടെ അലക്സാണ്ടര്‍ ഡുഗിനെ ലക്ഷ്യമിട്ടായിരിക്കാം ആക്രമണം നടത്തിയതെന്ന സംശയം ഉയര്‍ന്നു.

നതാലിയ പവ്‌ലോ‌വ്‌ന വൊവ്‌ക് ( 43 ) വഴി യുക്രെയിന്‍ സ്പെഷ്യല്‍ സര്‍വീസസ് കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്ന് റഷ്യ ആരോപിച്ചു. ഡാരിയ താമസിച്ചിരുന്ന അതേ ബില്‍ഡിംഗിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നതാലിയ താമസമാക്കിയെന്ന് കണ്ടെത്തി.

ഡാരിയയുടെ ജീവിതത്തെയും രീതികളെയും പറ്റി വിവരങ്ങള്‍ ചോര്‍ത്തിയ ഇവര്‍ കൊല നടന്ന ദിവസം ഡാരിയ പങ്കെടുത്ത സാഹിത്യ – സംഗീത ഫെസ്റ്റിവലിലും പങ്കെടുത്തു. ഡാരിയ സഞ്ചരിച്ചിരുന്ന കാറിനെ നിയന്ത്രിത സ്ഫോടനത്തിന് വിധേയമാക്കിയ ശേഷം ഇവര്‍ എസ്റ്റോണിയയിലേക്ക് കടന്നെന്നാണ് റഷ്യ പറയുന്നത്. ഇവര്‍ ഇപ്പോള്‍ എവിടെയെന്ന് വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular