Thursday, April 25, 2024
HomeEditorialയു എസിൽ അഭയം തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വമ്പിച്ച വർധന

യു എസിൽ അഭയം തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വമ്പിച്ച വർധന

നിയമാനുസൃത മാർഗങ്ങളിലൂടെയും അല്ലാതെയും ഇന്ത്യയിൽ നിന്ന് യു എസിൽ എത്തുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി കണക്കുകൾ കാണിക്കുന്നു. മെക്സിക്കോയിൽ നിന്ന് അതിർത്തി കടന്നു വന്നു രേഖകൾ കിട്ടാൻ കാത്തിരിക്കുമ്പോൾ അഭയാർത്ഥികളെ പോലെ കഴിയേണ്ടി വരുന്ന ആയിരങ്ങളിൽ ഇന്ത്യക്കാരും ഉണ്ടെന്നു പറഞ്ഞാൽ അതിശയോക്തി അല്ല. കണക്കുകൾ അത് തെളിയിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച നടപ്പു സാമ്പത്തിക വർഷത്തിൽ തെക്കേ അതിർത്തിയിൽ കസ്റ്റഡിയിലായ ഇന്ത്യക്കാരുടെ എണ്ണം 16,290 എന്നാണ് ഔദ്യോഗിക കണക്ക്. അതൊരു റെക്കോർഡ് ആണ്. 2018ൽ 8,997 മാത്രമായിരുന്നു.

സാമ്പത്തിക നേട്ടങ്ങളുടെ സ്വപ്നം പ്രധാന കാരണമാണെകിലും ഇന്ത്യയിൽ നിന്നു പലായനം ചെയ്യുന്ന ഈ ആളുകളെ ആ കഷ്ടപ്പാടിനു പ്രേരിപ്പിക്കുന്ന സുപ്രധാന ഘടകങ്ങളിൽ രാഷ്ട്രീയവും മതപരവുമായ പീഡനം ഉൾപ്പെടുന്നു എന്നതു രഹസ്യമല്ല. മുസ്ലിംകളും ക്രിസ്ത്യാനികളും ദളിതരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. തീവ്രവാദി ഹിന്ദു ഗ്രൂപ്പുകളുടെ ആക്രമണത്തെ അവവർ ഭയപ്പെടുന്നു.

ബൈഡൻ ഭരണകൂടം വാതിലുകൾ തുറന്നു എന്ന വസ്തുത മറ്റൊരു പ്രേരക ശക്തിയാവുന്നു. കോവിഡ് കാലം കഴിഞ്ഞതോടെ യാത്രയ്ക്കുള്ള വിലക്കുകൾ നീങ്ങി എന്നതാണ് മറ്റൊന്ന്. മനുഷ്യക്കടത്തു സംഘങ്ങൾ അതോടെ ഉഷാറായിട്ടുമുണ്ട്.

ഭീമമായ തുകയാണ് മനുഷ്യക്കടത്തു സംഘങ്ങൾ അടിച്ചെടുക്കുന്നത്. എങ്കിലും ഇന്ത്യയിൽ നിന്ന് തുർക്കിയിലേക്കും അവിടന്നു ഫ്രാൻസിലേക്കും പിന്നെ മെക്സിക്കോയിലേക്കും നീളുന്ന യാത്രകളുടെ ദുരിതം സഹിക്കാൻ അവർ തയാറാണ്. മെച്ചപ്പെട്ട ജീവിതമാണ് സ്വപ്നം.

മൻപ്രീത് എന്നൊരു സാങ്കല്പിക നാമത്തിൽ സംസാരിച്ച 20 വയസുകാരന്റെ കഥ ബി ബി സി പറയുന്നുണ്ട്. ബി ജെ പി യുടെ പീഡനം സഹിക്ക വയ്യാതെ പലായനം ചെയ്ത അയാൾ ഇക്വേഡോർ വഴി കൊളംബിയ, പാനമ, ഗോട്ടിമാല ഒക്കെ കടന്നാണ് മെക്സിക്കോയിൽ എത്തിയത്. അതിർത്തിയിലെ കടമ്പകൾ കടക്കാനും കഷ്ടപ്പാടായിരുന്നു.

അരിസോണ വഴി പ്രവേശിക്കാൻ ശ്രമിച്ച ഒരു ഇന്ത്യൻ കുടുംബത്തിലെ ആറു വയസുള്ള കുട്ടി കൊടും ചൂടിൽ മരിച്ച സംഭവം ഇന്ത്യക്കാർ മറന്നിട്ടുണ്ടാവില്ല — 2019 ൽ ആയിരുന്നു ആ ദുരന്തം.

ചുവപ്പു നാടയിൽ കുരുങ്ങി അഭയം നീണ്ടു പോകുന്നവർ ഏറെയാണ്. നിയമാനുസൃത പ്രവേശനം തീരുമാനിക്കാൻ അതിർത്തിയിലെ ഉദ്യോഗസ്ഥന്മാർക്കുള്ള വിവേചനാധികാരമാണ് അതിൽ ഒരു തടസം. അഴിമതിക്കാരും വർണ വെറിയന്മാരുമൊക്കെ ഉണ്ട് അക്കൂട്ടത്തിൽ.

യു എസ് പൗരന്മാർക്കു താക്കീത് 

അതേ സമയം, ഇന്ത്യയിലേക്ക് പോകുന്നവർ സൂക്ഷിക്കണമെന്നു യു എസ് സ്വന്തം പൗരന്മാർക്കു താക്കീതു നൽകി. ഇന്ത്യയിൽ കുറ്റകൃത്യങ്ങളും ഭീകരപ്രവർത്തനവും വർധിക്കുന്നെന്നു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാട്ടി.

ജമ്മു-കാശ്മീർ യാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് പ്രദേശങ്ങളിലും ലൈംഗിക അതിക്രമങ്ങൾ പെരുകിയെന്നു മുന്നറിയിപ്പുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular