Thursday, March 28, 2024
HomeKeralaതദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റണം, ഉത്തരവിലുറച്ച് ധനവകുപ്പ്

തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റണം, ഉത്തരവിലുറച്ച് ധനവകുപ്പ്

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറി അക്കൗണ്ടിൽ സൂക്ഷിക്കണമെന്ന ഉത്തരവിലുറച്ച് ധനവകുപ്പ്. നേരത്തെ എടുത്ത തീരുമാനമാണെന്ന നിലപാടിലാണ് ധനവകുപ്പ്. പണം ഏത് സമയത്തും പിൻവലിക്കാമെന്നും ട്രഷറി നിയന്ത്രണം ബാധകമാകില്ല എന്നുമാണ് ധനവകുപ്പ് പറയുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് ധനവകുപ്പ് കുറിപ്പ് നൽകി.

ഏപ്രിൽ ഒന്ന് മുതൽ തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ഉത്തരവിനെതിരെ തദ്ദേശവകുപ്പ് അതൃപ്തി അറിയിച്ചിരുന്നു. ഫണ്ട് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കാൻ 10 വർഷം മുൻപ് നൽകിയ അനുമതി ധനവകുപ്പ് പിൻവലിച്ചതാണ് വിവാദമായത്. ധനവകുപ്പ് ഏകപക്ഷീയമായി എടുത്ത തീരുമാനം തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് തദ്ദേശവകുപ്പിന്റെ ആക്ഷേപം.

കഴിഞ്ഞ 18നാണ് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. സ്വന്തം ഫണ്ട് സ്പെഷ്യൽ ട്രഷറി സേവിങ്സ് അക്കൗണ്ടിൽ സുക്ഷിക്കണമെന്നാണ് ധനവകുപ്പിന്റെ നിർദ്ദേശം. മറ്റ് വകുപ്പുകൾ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കരുതെന്നും ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. അതായത് തദ്ദേശവകുപ്പ് ഉൾപ്പടെയുള്ള വകുപ്പുകൾ ഇടപെടരുന്നാണ് നിർദ്ദേശം. ഈ ഉത്തരവ് തദ്ദേശവകുപ്പ് അറിയാതെയാണ് ഇറക്കിയതെന്നാണ് ആക്ഷേപം.

തദ്ദേശവകുപ്പ് അറിയാതെ വകുപ്പിൽ ധനവകുപ്പ് കൈകടത്തി. മാത്രമല്ല പുതിയ ഉത്തരവ് തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. കൊവിഡ് കാലത്ത് കമ്മ്യൂണിറ്റി കിച്ചൺ ഉൾപ്പടെ നടത്തിയത് തനത് ഫണ്ട് ഉപയോഗിച്ചാണ്. ഇതെല്ലാം പുതിയ ഉത്തരവിലൂടെ പ്രതിസന്ധിയിലാകുമെന്നാണ് തദ്ദേശവകുപ്പിന്റെ ആശങ്ക.

സംസ്ഥാനം നേരിടുന്ന ഗുരുതരസാമ്പത്തികപ്രതിസന്ധി നേരിടാനുള്ള ധനവകുപ്പിന്റെ കുറുക്ക് വഴിയാണിത്.  2011ൽ യുഡിഎഫ് സർക്കാരാണ് തനത് ഫണ്ട് തദ്ദേശസ്ഥാനപങ്ങൾക്ക് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കാൻ അനുമതി നൽകിയത്. കെട്ടിട നികുതി തൊഴിൽ നികുതി കെട്ടിടവാടക എന്നിവയാണ് തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട്.  തനത് ഫണ്ട് ട്രഷറിയിൽ ഇടുന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഇവർക്ക് നഷ്ടമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular