Tuesday, November 29, 2022
HomeGulfഒരു വര്‍ഷം മുമ്ബ് മരിച്ച പ്രവാസിയുടെ മൃതദേഹം ഇന്ത്യന്‍ കോണ്‍സുലേറ്റ് സഹായത്തോടെ നാട്ടിലയച്ചു

ഒരു വര്‍ഷം മുമ്ബ് മരിച്ച പ്രവാസിയുടെ മൃതദേഹം ഇന്ത്യന്‍ കോണ്‍സുലേറ്റ് സഹായത്തോടെ നാട്ടിലയച്ചു

ബഹ: ഹൃദയാഘാതത്തെ തുടര്‍ന്നു ഒരു വര്‍ഷം മുമ്ബ് മരിച്ച പ്രവാസിയുടെ മൃതദേഹം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് നാട്ടിലേക്ക് അയച്ചു.

ബിഹാര്‍ സ്വദേശി നാഗേന്ദ്ര സിങ്ങി(37)ന്റെ മൃതദേഹമാണ് 14 മാസത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയത്.

അബഹയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ മദ്ദ ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു നാഗേന്ദ്ര സിങ് മരണപ്പെട്ടത്. ശേഷം മൃതദേഹം മൊഹായില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹത്തിന്റെ രേഖകള്‍ തെറ്റായി രേഖപ്പെടുത്തിയതും മരിച്ച വ്യക്തിയുടെ അവകാശികളോ സ്പോണ്‍സറോ ആരെന്ന് തിരിച്ചറിയാത്തതുമാണ് അനന്തര നടപടികള്‍ക്ക് ഇത്രയും കാലതാമസമെടുത്തതെന്ന് സാമൂഹിക പ്രവര്‍ത്തകനും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജീവകാരുണൃവിഭാഗം കമ്മറ്റി അംഗവുമായ അഷ്റഫ് കുറ്റിച്ചല്‍ പറഞ്ഞു.

ഒരു വര്‍ഷത്തിലേറെയായിട്ടും തൊഴിലുടമയോ അവകാശികളോ ബന്ധപ്പെടാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അസീര്‍ ഗവര്‍ണറേറ്റിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന്റെ രേഖകളില്‍ പാക്കിസ്താനിയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഫയലില്‍ ഇഖാമയോ പാസ്പോര്‍ട്ട് കോപ്പിയോ ഇല്ലാത്തതിനാല്‍ സൗദി എമിഗ്രേഷന്റെ സഹായത്തോടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് ഇന്ത്യാക്കാരനാണെന്ന് തിരിച്ചറിഞ്ഞത്.

മരിച്ച ആള്‍ ആരെന്ന് അന്വേഷിക്കാന്‍ മദ്ദ പൊലീസ് മേധാവി, അഷ്റഫ് കുറ്റിച്ചലിന്റെ സഹായം തേടുകയായിരുന്നു. ജവാസത്തിലെ വിവരങ്ങളില്‍ നിന്നും കിട്ടിയ തൊഴിലുടമയുടെ മൊബൈല്‍ നമ്ബറില്‍ ബന്ധപ്പെട്ടപ്പോള്‍ മൂന്നു വര്‍ഷം മുമ്ബ് ഫൈനല്‍ എക്സിറ്റ് വിസയും പാസ്പോര്‍ട്ടും ശേഖരിച്ചു പോയ നാഗേന്ദ്ര സിങ് മരിച്ച വിവരം തനിക്കറിയില്ലെന്നും ഇദ്ദേഹം നാട്ടിലെത്തിയിട്ടുണ്ടാവുമെന്നാണ് കരുതിയതെന്നും സ്പോണ്‍സര്‍ പറഞ്ഞു.

തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജീവകാരുണ്യ വിഭാഗം വൈസ് കോണ്‍സുല്‍ നമോ നാരായണ്‍ മീനയുടെ സഹായത്തോടെ ഇദ്ദേഹത്തിന്റെ പാസ്പോര്‍ട്ടിലെ രേഖകളില്‍ നിന്നും നാട്ടിലെ മേല്‍വിലാസം ശേഖരിച്ച്‌ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഫൈസല്‍, നാഗേന്ദ്ര സിങ്ങിന്റെ ഭാര്യയില്‍ നിന്നും സമ്മത പത്രം വാങ്ങി മൃതദേഹം നാട്ടിലയക്കാന്‍ അഷ്റഫ് കുറ്റിച്ചലിനെ ചുമതലപ്പെടുത്തി. യാത്രാരേഖയായി മൃതദേഹത്തിന് കോണ്‍സുലേറ്റില്‍ നിന്നും എമര്‍ജന്‍സി പാസ്പോര്‍ട്ടുണ്ടാക്കി, അബഹ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നും വീണ്ടും ഫൈനല്‍ എക്സിറ്റ് വിസയുമുണ്ടാക്കിയാണ് മൃതദേഹം നാട്ടിലയച്ചത്.

മൃതദേഹം നാട്ടിലയക്കാനുള്ള മുഴുവന്‍ ചിലവുകളും കോണ്‍സുലേറ്റ് വഹിച്ചു. ബുധനാഴ്ച മൃതദേഹം അബഹയില്‍ നിന്നും സൗദിയ വിമാനത്തില്‍ റിയാദിലെത്തിച്ചു. അവിടെ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈ വഴി ഇന്ന് ബിഹാറിലെ പാട്നയിലെത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒ.ഐ.സി.സി ഖമീസ് മുശൈത്ത് ടൗണ്‍ കമ്മറ്റി പ്രസിഡന്റ് റോയി മൂത്തേടം, പോള്‍ സി റാഫേല്‍, പ്രസാദ് നാവായിക്കുളം, ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ടര്‍ മുജീബ് എള്ളുവിള തുടങ്ങിയവര്‍ സഹായിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular