Saturday, April 27, 2024
HomeKeralaയുവാവിനെ വനംവകുപ്പ് ജീവനക്കാര്‍ സെല്ലില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചു; മന്ത്രി റിപ്പോര്‍ട്ട് തേടി

യുവാവിനെ വനംവകുപ്പ് ജീവനക്കാര്‍ സെല്ലില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചു; മന്ത്രി റിപ്പോര്‍ട്ട് തേടി

കൊല്ലം: സ്വന്തം കൃഷിയിടത്തില്‍ പോയി തിരികെ ഓട്ടോയില്‍ വരികയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി കൈയും കാലും കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി.
പരിക്കേറ്റ ആര്യങ്കാവ് പുതുശ്ശേരി വിട്ടീല്‍ സന്ദീപ് മാത്യുവിനെ(39) തെന്മല പൊലീസ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം ആര്യങ്കാവ് കടമാന്‍പാറ ഫോറസ്റ്റ് സ്റ്റേഷന് മുന്‍പില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം.

കടമാന്‍പാറയിലുള്ള വസ്തുവില്‍ പോയി തിരികെ ഓട്ടോയില്‍ വരുന്ന സമയത്ത് ഫോറസ്റ്റ് സ്റ്റേഷന് മുന്‍പില്‍ വച്ച്‌ ഡപ്യൂട്ടി റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ വനപാലകര്‍ ഓട്ടോ തടഞ്ഞു. ഈ സമയത്ത് എവിടെപ്പോവുകയാണെന്നും വാഹനം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. സന്ദീപിന്റെ കൃഷിയിടത്തില്‍ പോയി വരികയാണെന്ന് ഓട്ടോ ഡ്രൈവര്‍ ജോസഫ് വനപാലകരോട് പറഞ്ഞു. മറുപടിയില്‍ തൃപ്തി വരാതെ വീണ്ടും ചോദ്യം ആവര്‍ത്തിക്കുകയും വാഹനം പരിശോധിക്കണമെന്നും വനപാലകര്‍ ആവശ്യപ്പെട്ടു.

സ്ഥിരം കൃഷിഭൂമിയില്‍ പോയി വരുന്നതാണെന്നും ഇതേ നാട്ടുകാരനാണെന്നും പറഞ്ഞിട്ട് കേള്‍ക്കാതെ വന്നതോടെ സന്ദീപും വനപാലകരും തമ്മില്‍ വാക്കേറ്റമായി. വാക്കേറ്റം മുറികയതോടെ സന്ദീപിനെ വലിച്ചിഴച്ചുകൊണ്ട് സ്റ്റേഷനിലുള്ളിലേക്ക് പോയി കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. കൈയും കാലും കെട്ടിയിട്ടാണ് മര്‍ദിച്ചതെന്നും മര്‍ദനത്തില്‍ മൂക്കില്‍ നിന്നും ഒലിച്ചിറങ്ങിയ രക്തം ധരിച്ചിരുന്ന ടീ ഷര്‍ട്ടില്‍ നിറഞ്ഞുവെന്നും ഇതോടെ ടീഷര്‍ട്ട് വനപാലകര്‍ ഊരിമാറ്റിയെന്നും പരാതിയുണ്ട്.

മര്‍ദിച്ച ശേഷം സ്റ്റേഷനില്‍ സെല്ലില്‍ പൂട്ടിയിട്ട സന്ദീപിനെ തെന്മല പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടത്. സ്റ്റേഷനില്‍ യുവാവിനെ മര്‍ദിച്ചെന്ന് അറിഞ്ഞതോടെ ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസും പൊതുപ്രവര്‍ത്തകരും കിഫ പ്രവര്‍‌ത്തകരും കടമാന്‍പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി. കാരണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനപാലകര്‍ തെളിവുകള്‍ നശിപ്പിക്കാതിരിക്കാന്‍ രാത്രി വൈകിയും നാട്ടുകാര്‍ സ്റ്റേഷനില്‍ നിലയുറപ്പിച്ചു. സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന പടിക്കെട്ടിലും മുറിയിലും സെല്ലിലും രക്തത്തുള്ളികള്‍ കിടപ്പുണ്ട്.

അതേസമയം, സ്റ്റേഷന് മുന്നില്‍ക്കൂടി പോയ ഓട്ടോ കൈ കാണിച്ച്‌ നിര്‍ത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ യുവാവ് വനപാലകരോട് തട്ടിക്കയറുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്നാണ് വനപാലകര്‍ പറയുന്നക്, ചന്ദനത്തോട്ടത്തിന്റെ ഭാഗത്തു നിന്നും വന്ന ഓട്ടോ ആയതിനാല്‍ പരിശോധിച്ച ശേഷം കടത്തിവിടാമെന്ന് പറഞ്ഞിട്ടും കേട്ടില്ല. വനപാലകരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയപ്പോള്‍ ജനല്‍ചില്ല് തകര്‍ക്കുകയും ജീവനക്കാരെ മര്‍ദിക്കുകയുമായിരുന്നു. ആക്രമണം കൂടിയപ്പോഴാണ് സെല്ലിനുള്ളില്‍ ആക്കിയതെന്നുമാണ് ആര്യങ്കാവ് റേഞ്ച് ഓഫിസര്‍ പറയുന്നത്.

എന്നാല്‍, യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ തെന്മല ഡിഎഫ്‌ഒയോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular