Friday, March 29, 2024
HomeUSAപടിഞ്ഞാറൻ ന്യു യോർക്കിൽ കനത്ത കാറ്റും മഞ്ഞവീഴ്ചയും മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പടിഞ്ഞാറൻ ന്യു യോർക്കിൽ കനത്ത കാറ്റും മഞ്ഞവീഴ്ചയും മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യു യോർക്കിന്റെ പടിഞ്ഞാറൻ മേഖല കനത്ത മഞ്ഞുകാറ്റിൽ മരവിക്കുന്നു. അപകടകാരിയെന്നു വിശേഷിപ്പിക്കുന്ന കാറ്റ് കനത്ത മഞ്ഞു കൊണ്ടു വന്നു നിറയ്ക്കുമെന്ന ആശങ്ക ഉയർന്നതോടെ ഗവർണർ കാത്തി ഹോക്കൽ 11 കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഞായറാഴ്ച വരെ നീളാവുന്ന കാറ്റ് അഞ്ചടി ഉയരത്തിൽ മഞ്ഞുമൂടും എന്നു നാഷനൽ വെതർ സർവീസ് പറഞ്ഞു.

തടാകങ്ങളിൽ നിന്നുള്ള ചൂടുകാറ്റും അന്തരീക്ഷത്തിലെ ശൈത്യവും കൂടിച്ചേർന്നു സൃഷ്ടിക്കുന്ന മഞ്ഞുകാറ്റിൽ സൗത്ത് ബഫലോ മുതൽ ലങ്കാസ്റ്റർ വരെയാണ് പരമാവധി മഞ്ഞുവീഴ്ച ഉണ്ടാവാൻ  സാധ്യത.  ബഫലോ മെട്രോ മേഖലയിലാണ് ഏറ്റവും കനത്ത മഞ്ഞു കൂമ്പാരങ്ങൾക്കു  സാധ്യത. അവിടെ നാലടി വരെ മഞ്ഞു വീഴ്ച ഞായറാഴ്ച വരെ തുടരാം.

ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 35 മൈൽ വേഗത്തിൽ അടിക്കുന്ന കാറ്റു മണിക്കൂർ തോറും മൂന്ന് ഇഞ്ചിലേറെ മഞ്ഞു കൊണ്ടു വരും.

ആദ്യ മണിക്കൂറിൽ നയാഗ്ര അന്താരാഷ്ട്ര വിമാനത്താവളത്തിൽ 3.1 അടി മഞ്ഞു വീണിട്ടുണ്ട്. നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കി.

വ്യാഴാഴ്ച വൈകിട്ട് നാലു മണി മുതൽ റോചെസ്റ്റർ മുതൽ പെൻസിൽവേനിയ അതിർത്തി വരെ 130 മൈൽ ത്രൂവെ ഉൾപ്പെടെ ഒട്ടു മിക്ക പ്രധാന ഹൈവേകളും അടച്ചു. ഇന്റെർസ്റ്റേറ്റ്‌റ് 90ൽ ഭാഗികമായി ഗതാഗതം തടഞ്ഞു. എറിക് കൗണ്ടിയിൽ വാഹനങ്ങൾ ഓടിക്കുന്നത് നിരോധിച്ചു.

ബഫലോയിലും കൗണ്ടിയിൽ ഉടനീളവും വെള്ളിയാഴ്ച വിദ്യാഭ്യാസ സഥാപനങ്ങൾക്കു അവധി നൽകി. ബഫലോ, നയാഗ്ര ഫോൾസ്, ഡെപ്യു ആംട്രാക് സ്റ്റേഷനുകൾ അടച്ചു.

ലേക്ക് ഏറി, ലേക്ക് ഒന്റാറിയോ പ്രദേശങ്ങളുടെ കിഴക്കൻ ഭാഗങ്ങളിലും വൻ മഞ്ഞു വീഴ്ച പ്രതീക്ഷിക്കുന്നു.

ബഫലോയിലും നോര്തടൗൺസിലും വെള്ളിയാഴ്ച്ച 18 ഇഞ്ച് വരെ മഞ്ഞു വീഴാം. സൗത്ത്ടൗൺസിൽ 12 ഇഞ്ചും. ശനിയാഴ്ച കാറ്റു വടക്കോട്ടു നീങ്ങി ഗ്രാൻഡ് ഐലണ്ടിലും നയാഗ്ര കൗണ്ടിയുടെ ഭാഗങ്ങളിലും ഒരടിയോളം മഞ്ഞു വീഴ്ത്തും.

“ഇതൊരു കനത്ത കാറ്റാണ്,” ഗവർണർ ഹോക്കൽ പറഞ്ഞു. “ഞങ്ങൾ ഇതിനെ വളരെ ഗൗരവമായി എടുക്കുന്നു. അപകടകരം എന്നു പറഞ്ഞാൽ പോരാ, ജീവന് ഭീഷണി വരെ ഉണ്ട്.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular