Saturday, July 27, 2024
HomeUSAഹൗസ് ഡെമോക്രാറ്റിക് നേതൃത്വം ഒഴിയുന്നതായി നാൻസി പെലോസി പ്രഖ്യാപിച്ചു

ഹൗസ് ഡെമോക്രാറ്റിക് നേതൃത്വം ഒഴിയുന്നതായി നാൻസി പെലോസി പ്രഖ്യാപിച്ചു

നാൻസി പെലോസി വിരമിക്കാൻ തീരുമാനിച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും കഴിഞ്ഞാൽ അമേരിക്കയുടെ ഏറ്റവും ഉയർന്ന തസ്തികയായ ഹൗസ് സ്‌പീക്കർ സ്ഥാനം വഹിച്ച ആദ്യ വനിത ഡെമോക്രാറ്റിക് നേതൃത്വത്തിനു വീണ്ടും മത്സരിക്കില്ലെന്നു വ്യാഴാഴ്ച പ്രഖ്യാപിച്ചു.

“ഡെമോക്രാറ്റിക് പാർട്ടിയെ നയിക്കാൻ പുതിയൊരു നേതൃത്വം ഉണ്ടാവേണ്ട കാലമായി,” 82 വയസുള്ള പെലോസി പറഞ്ഞു. “ഇനി ഞാൻ സഭയിൽ സാധാരണ അംഗമായി തുടരും.” രണ്ടു പതിറ്റാണ്ടോളം സഭയിൽ ഡെമോക്രാറ്റിക് നേതാവായി പ്രവർത്തിച്ച പെലോസിയുടെ പ്രഖ്യാപനം പല പാർട്ടി അംഗങ്ങളും കേട്ടതു  കണ്ണീരോടെയാണ്. നിർണായക വോട്ടെടുപ്പുകളിൽ പാർട്ടി ഐക്യം ഉറപ്പാക്കിയ കീർത്തി അവർക്കുണ്ടായിരുന്നു.

ഇടക്കാല തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിനു റിപ്പബ്ലിക്കൻ പാർട്ടി ഹൗസ് പിടിച്ചെടുത്തതു മുതൽ പെലോസി തുടരാൻ സാധ്യതയില്ലെന്നു റിപ്പോർട്ട് ഉണ്ടായിരുന്നു. ഭർത്താവ് പോൾ പെലോസിക്കെതിരെ കഴിഞ്ഞ മാസം വീട്ടിൽ അതിക്രമിച്ചു കയറിയ വലതുപക്ഷ തീവ്രവാദി നടത്തിയ ആക്രമണത്തിനു ശേഷം സ്വന്തം രാഷ്ട്രീയ ഭാവിയെ കുറിച്ച് താൻ ആലോചിക്കയാണെന്നു അവർ പറഞ്ഞിരുന്നു. പോൾ പെലോസിക്കു ചുറ്റിക കൊണ്ട് അടിയേറ്റു തലയോട്ടിക്കു പരുക്കേറ്റിരുന്നു.

ബ്രുക്ലിൻ ആൻഡ് ക്വീൻസ് റെപ്. ഹകീം ജെഫ്രിസ് അടുത്ത ഹൗസ് ഡെമോക്രാറ്റിക് നേതാവാകുമെന്നു കരുതപ്പെടുന്നു. ഭാവിയിൽ ഡെമോക്രാറ്റ്സ് സഭ തിരിച്ചു പിടിച്ചാൽ ജെഫ്രിസ് (52) ചരിത്രം സൃഷ്ടിച്ചു കൊണ്ട് ആദ്യത്തെ കറുത്ത വർഗക്കാരനായ സ്‌പീക്കറാവും. നവംബർ 30നാണു വോട്ടെടുപ്പ്.

ഹൗസ് മജോറിറ്റി ലീഡർ സ്റ്റേനി ഹോയെർ (മെരിലാൻഡ്), മജോറിറ്റി വൈപ് ജിം ക്ലയ്ബൺ എന്നിവരും പെലോസിക്കോപ്പം രാജിവച്ചു. ഇരുവരും ജെഫ്രിസിനെ പിന്തുണച്ചിട്ടുമുണ്ട്.

പ്രഖ്യാപനത്തിൽ നാൻസി പെലോസി ബദ്ധശത്രുവായ ഡൊണാൾഡ് ട്രംപിനെതിരെ അമ്പെയ്യാൻ മറന്നില്ല. നാലു പ്രസിഡന്റുമാരിൽ മൂന്ന് പേരുടെ കൂടെ സ്‌പീക്കറായി ജോലി ചെയ്തതു  നല്ല അനുഭവം ആയിരുന്നുവെന്നു അവർ പറഞ്ഞു — ട്രംപിനെ ഒഴിവാക്കി. പെലോസിയെ കഴിഞ്ഞ ദിവസം ‘മൃഗം’ എന്നാണ് ട്രംപ് വിളിച്ചത്.

റിപ്പബ്ലിക്കൻ പ്രസിഡന്റ് ജോർജ് ബുഷ്, ഡെമോക്രാറ്റുകളായ ബരാക്ക് ഒബാമ, ജോ ബൈഡൻ എന്നിവരെ അവർ നല്ല പ്രവർത്തനത്തിനു പ്രശംസിച്ചു.

മഹാത്മാ ഗാന്ധിക്ക് തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ഉണ്ടായിരുന്നുവെന്നു പെലോസി ഓർമിച്ചു. ഇന്ത്യയോട് നമുക്കുള്ള ഒരു കടപ്പാടാണ് അത്.

അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന സ്പീക്കർ ആയിരുന്നു പെലോസിയെന്നു ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. 2021 ജനുവരി 6നു ക്യാപിറ്റോളിനു നേരെ അക്രമം ഉണ്ടായപ്പോൾ പെലോസിയാണ് ഹൗസ് നിയന്ത്രിച്ചിരുന്നതെന്നു ബൈഡൻ ഓർമിച്ചു. “നാൻസി പെലോസി കാരണം ദശലക്ഷക്കണക്കിനു അമേരിക്കൻ പൗരന്മാരുടെ ജീവിതം മെച്ചപ്പെട്ടു.”

RELATED ARTICLES

STORIES

Most Popular