സുമാ ട്രാവൽസ് സ്ഥാപകൻ സെബാസ്റ്യൻ പാറപ്പുറത്തിന്റെ സംഭാവനകൾ മലയാളി സമൂഹം വേണ്ടത്ര മനസിലാക്കിയിട്ടില്ല. തന്റെ നേട്ടങ്ങളും സംഭാവനകളും കൊട്ടി ഘോഷിക്കുവാനോ അംഗീകാരം നേടുവാനോ സെബാസ്റ്യൻ ഒരിക്കലും ശ്രമിച്ചതുമില്ല. എങ്കിലും ആദ്യകാല മലയാളികൾക്ക് അദ്ദേഹത്തിന്റെ സംഭാവനകൾ മറക്കാനാവില്ല.
ട്രാവൽ രംഗത്ത് എണ്പതുകളിലാണ് കംപ്യുട്ടർ വരുന്നത്. അന്ന് അദ്ദേഹം നൽകിയ പരസ്യ വാചകം ഇതായിരുന്നു. ‘ഒരു കംപ്യുട്ടറിനും ഞങ്ങളെക്കാൾ മെച്ചപ്പെട്ട സേവനം നൽകാനാവില്ല’ ( no computer can match us!)
എഴുപതുകളിൽ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിൽ യാത്ര നടത്തിയവർക്ക് ഇതിന്റെ അർഥം നന്നായി മനസിലാകും. അന്നത്തെ യാത്രകളിൽ തിക്താനുഭവങ്ങൾ ഏറെയുണ്ടായിരുന്നു. ഇവിടെ നിന്ന് നാട്ടിലേക്ക് ടിക്കറ്റു എടുത്തു അന്നത്തെ ബോംബെയിലെ സാന്താക്രൂസ് വിമാനത്താവളത്തിൽ എത്തുമ്പോഴാണ് സ്ഥിതി മാറുക. അന്ന് സഹാറ ഇന്റർനാഷണൽ എയർ പോര്ട്ട് ഇല്ല. അക്കാലത്ത് ടിക്കറ്റ് എഴുതുന്നത് കൈകൊണ്ടാണ്.
ബോംബെയിലെ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ഇന്ത്യൻ എയർലൈൻസിലേക്ക് മാറിക്കയറിയാണ് അന്നൊക്കെ കേരളത്തിലേക്കുള്ള യാത്രകൾ. അവിടെ ചെല്ലുമ്പോഴാണ് തങ്ങളുടെ പേര് അവരുടെ യാതാക്കാരുടെ ലിസ്റ്റിൽ ഇല്ല എന്നറിയുന്നത്. പിന്നീട് ടിക്കറ്റ് കിട്ടാൻ നെട്ടോട്ടമോടണം. സാന്താക്രൂസ് വിമാനത്താവളത്തിലെ എയർലൈൻ ജീവനക്കാരുടെ കാരുണ്യം തന്നെ ശരണം.
എന്നാൽ ടിക്കറ്റ് ഇഷ്യു ചെയ്തത് സുമാ ട്രാവൽസ് ആണെങ്കിൽ മിക്കപ്പോഴും ഒരു പ്രശ്നവും ഉണ്ടാവില്ല. ടിക്കറ്റ് ഇഷ്യൂ ചെയ്യുന്ന ഏജന്റിന്റെ വിശ്വാസ്യത അക്കാലത്ത് ഒരു നിർണായക ഘടകമായിരുന്നു. ആ രംഗത്ത് പ്രവർത്തിച്ചിരുന്ന മറ്റാരെക്കാളും അക്കാര്യത്തിൽ സുമ ട്രാവൽസ് തന്നെയായിരുന്നു മികച്ചുനിന്നിരുന്നത്. എല്ലായിടത്തും ഒരു നെറ്റ്വർക്ക് ഉണ്ടാക്കിയെടുക്കാൻ സെബാസ്ത്യനായി.
ഇന്ത്യയിലുള്ള ഉറ്റവരുടെ മരണം അറിഞ്ഞ് ഏത് അസമയത്ത് അടിയന്തരമായി ടിക്കറ്റ് ആവശ്യപ്പെട്ട് വിളിച്ചാലും സഹായിക്കാൻ സെബാസ്റ്റ്യൻ മുന്നിലുണ്ടായിരുന്നു. വിളിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ ഉൾക്കൊണ്ട് വളരെ ശാന്തനായി ഇടപെടുകയും അവരുടെ അഭ്യർത്ഥന കൃത്യമായി നിറവേറ്റുകയും ചെയ്യാൻ സെബാസ്റ്റ്യൻ ഏതറ്റം വരെയും പോകുമായിരുന്നു.
ഇന്ന് അമേരിക്കയിൽ നിന്ന് കേരളത്തിലേക്കുള്ള നമ്മുടെ യാത്രകൾ വലിയ സംഭവമൊന്നുമല്ല. എങ്കിലും, ഈ വഴിത്താര സുഗമമായതിന് പിന്നിൽ സെബാസ്റ്റിനെപ്പോലെ ചിലരുടെ കഠിനാധ്വാനമുണ്ട്. ഈ മേഖലയിൽ നൽകിയ ഗണ്യമായ സംഭാവനകൾക്ക് അദ്ദേഹം നമ്മുടെ അഗാധമായ നന്ദി അർഹിക്കുന്നു. അദ്ദേഹത്തിന്റെ പാർട്ടണർ പരേതനായ കുട്ടപ്പായിയോടും മത്തായി ചാക്കോയോടും ചേർന്ന് നടത്തിയിരുന്ന ട്രാവൽ ഓഫീസ് സന്ദർശിച്ച്, അവരുമായി അടുത്ത ബന്ധം സ്ഥാപിച്ച ദിവസങ്ങൾ ഇന്നും ഓർമ്മയിൽ മായാതെ നിൽക്കുന്നു.
ബിസിനസ്സ് എന്ന നിലയിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചതിനൊപ്പം തന്നെ, തങ്ങളുടെ സ്വാധീനം സമൂഹത്തിന് ഗുണകരമായി പ്രയോജനപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു എന്നതാണ് ശ്രദ്ധേയമായ വശം. അന്നൊക്കെ ബോംബെയിൽ നിന്ന് കേരളത്തിലേക്ക് പ്രൊപ്പല്ലർ ഉപയോഗിച്ചുള്ള വിമാനങ്ങളാണ് സർവീസ് നടത്തിയിരുന്നത്. കേരളത്തിലേക്ക് ജെറ്റ് വിമാനം ബോയിങ് സർവീസ് നടത്താൻ എയർ ഇന്ത്യയിൽ സമ്മർദം ചെലുത്തിയത് സെബാസ്റ്റ്യൻ ആണ്. അപ്പോഴേക്കും അദ്ദേഹം എയർ ഇന്ത്യയുടെ മില്യൺ ഡോളർ മഹാരാജ അവാർഡ് നേടിക്കഴിഞ്ഞിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി.
കേരളത്തിലേക്കുള്ള എയർ-ഇന്ത്യ കണക്ഷൻ ഫ്ലൈറ്റുകൾ വേഗത്തിലാക്കാൻ വിവിധ സംഘടനകൾ നിവേദനം സമർപ്പിച്ചത് സെബാസ്റ്റ്യൻ മുൻകൈ എടുത്തതുകൊണ്ട് മാത്രമാണ്.
നമ്മുടെ സമൂഹത്തെ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള ആദ്യകാല കുടിയേറ്റക്കാർക്ക് താമസിക്കാനിടം നൽകിയും ജോലി തരപ്പെടുത്തി കൊടുത്തും വളരെയധികം സഹായിച്ച പൂർവ്വകാലസൂരികളുടെ കൂട്ടത്തിൽ സെബാസ്റ്യന്റെ പേരും തങ്കലിപിയിൽ കുറിയ്‌ക്കേണ്ട ഒന്നുതന്നെയാണ്.
സ്വയം പേരെടുക്കാൻ അദ്ദേഹം ഒരിക്കലും താല്പര്യപ്പെട്ടില്ല. പ്ളാക്കും അവാർഡും സംഘടിപ്പിച്ച് സ്വന്തം പെരുമ കാട്ടാൻ അദ്ദേഹം ഒരിക്കലും തയ്യാറായില്ല.
തന്റെ പങ്കാളികളെയും കൂട്ടാളികളെയും ഏറെ ബഹുമാനിച്ചിരുന്ന സെബാസ്റ്റിൻ ടീം വർക്കിൽ ആത്മാർത്ഥമായി വിശ്വസിക്കുകയും ബിസിനസ്സ് ഇടപാടുകളിൽ സത്യസന്ധത പുലർത്തുകയും നല്ല ബന്ധങ്ങൾ നിലനിർത്തുകയും ചെയ്തു.
കേരള ഹൈക്കോടതിയിൽ അഭിഭാഷകന്റെ ഗൗൺ അണിഞ്ഞ് ഹാജരാകുന്നത് ഹരമായിരുന്ന സെബാസ്റ്റിനെ സംബന്ധിച്ച്, ആ തൊഴിൽ തുടരാൻ സാധിക്കാതിരുന്നത് വലിയൊരു നഷ്ടം തന്നെയായിരുന്നു. രാഷ്ട്രീയ രംഗത്തെ സൂക്ഷ്മമായി വിശകലനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യത്തിൽ നിന്ന് വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള അറിവ് വ്യക്തമായിരുന്നു. പ്രവാസ ജീവിതത്തിലേക്ക് വരാതിരുന്നുവെങ്കിൽ അദ്ദേഹം കേരളത്തിൽ ഉന്നത രാഷ്ട്രീയ നേതാവാകുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ മകൾ സുമനുമായും എനിക്ക് വളരെക്കാലത്തെ അടുപ്പമുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങളിൽ സുമൻ അതീവതാൽപര്യം പുലർത്തുന്നതുകണ്ട് പലപ്പോഴും ഞാൻ അത്ഭുതം കൂറിയിട്ടുണ്ട്. ഒരു അക്കാദമിക് ആയതുകൊണ്ടുതന്നെ, വിവിധ വിഷയങ്ങൾ വിശകലനം ചെയ്യാനും അതേപ്പറ്റി എന്റെ കാഴ്ചപ്പാട് എന്താണെന്ന് ചോദിച്ചറിയാനും സുമൻ എപ്പോഴും ശ്രമിക്കും.
വരുംതലമുറകളിൽ നാമെല്ലാവരും കാണാൻ ആഗ്രഹിക്കുന്ന പല മൂല്യങ്ങളും മക്കളെ പഠിപ്പിക്കുന്നതിൽ ആ പിതാവ് വിജയിച്ചുവെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.
നൂറിലധികം തവണ ഇന്ത്യയിലേക്ക് പറന്നിട്ടുള്ള വ്യക്തിയാണ് സെബാസ്റ്റിൻ. ആമ്പല്ലൂരിലെ പള്ളി പെരുന്നാൾ കൂടുന്നതിന് എല്ലാ നവംബറിലും കേരളത്തിലേക്കൊരു യാത്ര അദ്ദേഹത്തിന് പതിവായിരുന്നു. ഏറെ സ്‌നേഹിച്ച ജന്മനാട്ടിലേക്ക് അദ്ദേഹത്തിന്റെ അന്ത്യയാത്രയും മറ്റൊരു നവംബറിൽ ആണെന്നത് യാദൃച്ഛികം. അദ്ദേഹത്തിന്റെ വിവാഹവും നവംബറിൽ ആയിരുന്നു. ഏറെ സ്നേഹിച്ച എയർ ഇന്ത്യയിൽ തന്നെയാണ് ആ അന്ത്യയാത്രയും.
സെബാസ്റ്റിന്റെ ഭാര്യ റോസമ്മ, മക്കൾ സുമൻ, ഡോ. സുജ, മരുമകൻ ബ്ലിറ്റ്‌സ് ക്യാർത്തി, കൊച്ചുമക്കൾ ത്രേസ്യ, അന്ന, ജോസിയ, റിച്ചാർഡ്, മത്തിയാസ് എന്നിവരുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. .
പ്രിയ സുഹൃത്തേ വിട…
ദൈവം താങ്കൾക്ക് നിത്യശാന്തി നൽകി അനുഗ്രഹിക്കട്ടെ….
(യു.എൻ. ഉദ്യോഗസ്ഥനായിരുന്ന ജോർജ് എബ്രഹാം ഇപ്പോൾ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വൈസ് ചെയർ ആണ്)
