Thursday, April 25, 2024
HomeUSAമതപീഡനം: ഇന്ത്യൻ ക്രിസ്ത്യാനികൾ യു.എന്നിന് മുൻപിൽ റാലി നടത്തി

മതപീഡനം: ഇന്ത്യൻ ക്രിസ്ത്യാനികൾ യു.എന്നിന് മുൻപിൽ റാലി നടത്തി

ന്യൂയോർക്ക് : ഇന്ത്യയുടെ പല ഭാഗത്തും  ക്രിസ്ത്യാനികൾക്കെതിരെ  നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ ന്യൂയോർക്കിലുള്ള ഐക്യരാഷ്ട്രസഭയുടെ ലോക ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

നവംബർ 15 ചൊവ്വാഴ്‌ച രാവിലെ 11.30 ന്  സീനിയർ പാസ്റ്റർ റവ.ഡോ. ജതീന്ദർ പി.ഗില്ലിന്റെ നേതൃത്വത്തിൽ ബെത്‌ലഹേം പഞ്ചാബി ചർചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും പാസ്റ്റര്മാരും പങ്കെടുത്തു.

കൊടുംതണുപ്പിനെ അവഗണിച്ചുപോലും ആ ആൾക്കൂട്ടം, ദൈവത്തോടുള്ള സ്നേഹം പ്രകടമാക്കുന്ന സ്തുതിഗീതങ്ങളും ആരാധനാ ഗാനങ്ങളും ആലപിച്ച്, ശ്രുതിമധുരമായ അന്തരീക്ഷം സൃഷ്ടിച്ചു. പ്രാദേശിക പഞ്ചാബി, ഹിന്ദി, ഗുജറാത്തി, മലയാളി സഭാനേതാക്കൾ ഉത്സാഹത്തോടെ ഒത്തുചേർന്ന് തങ്ങളുടെ ഐക്യം വ്യക്തമാക്കി.   ജനങ്ങളുടെ യാതനകൾക്ക് പരിഹാരമുണ്ടാകുന്നതിന് വേണ്ടി അവർ ഒരേമനസ്സോടെ പ്രാർത്ഥിച്ചു.

വടക്കേയിന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരെ വളരെക്കാലമായി നടക്കുന്ന അക്രമങ്ങളെക്കുറിച്ച്  ഡോ. ജതീന്ദർ ഗിൽ തന്റെ പ്രസംഗത്തിൽ ആശങ്ക പങ്കുവച്ചു.

വിശ്വാസമെന്നത് ജന്മാവകാശം മാത്രമല്ല, ഭരണഘടനാപരമായ അവകാശവുമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ക്രിസ്ത്യാനികൾ എന്ന നിലയിൽ തങ്ങൾ സമാധാനം പ്രചരിപ്പിക്കുകയും ആചരിക്കുകയും ചെയ്യുന്നുവെന്ന് പാസ്റ്റർ വിൽസൺ ജോസ് അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ മുക്കിലും മൂലയിലും  വിദ്യാഭ്യാസം, ആശുപത്രികൾ, വികസനം എന്നിവ എത്തിച്ചതിൽ ക്രിസ്ത്യാനികൾക്കുള്ള പങ്കിനെക്കുറിച്ചും പരാമർശിച്ചു. പരസ്‌പരം സ്‌നേഹിക്കുകയും ശത്രുക്കൾക്ക് വേണ്ടിപ്പോലും  പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ് യേശുക്രിസ്തുവിന്റെ കൽപ്പനകളിൽ ഒന്നെന്നും പാസ്റ്റർ ഓർമ്മപ്പെടുത്തി.

ഇന്ത്യയിലെ ക്രിസ്ത്യാനികൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിച്ച്, സമാധാനം പുനഃസ്ഥാപിക്കുക എന്ന ആവശ്യം ഉൾക്കൊള്ളുന്ന സമഗ്രമായ മെമ്മോറാൻഡം അവർ ഐക്യരാഷ്ട്രസഭയുടെ ജനറൽ സെക്രട്ടറിക്ക് സമർപ്പിച്ചു. അമേരിക്കയിലും ഇന്ത്യയിലുമുള്ള  ക്രിസ്ത്യാനികൾക്ക് വേണ്ടി കൂട്ടപ്രാർത്ഥന നടത്തിയാണ് റാലി സമാപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular