Friday, March 29, 2024
HomeAsiaഇതാണെന്റെ മകള്‍...ലോകത്തിനു മുന്നില്‍ ആദ്യമായി മകളെ വെളിപ്പെടുത്തി കിം ജോങ് ഉന്‍

ഇതാണെന്റെ മകള്‍…ലോകത്തിനു മുന്നില്‍ ആദ്യമായി മകളെ വെളിപ്പെടുത്തി കിം ജോങ് ഉന്‍

സോള്‍: ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി എവിടെയും ലഭ്യമല്ല.

കിമ്മിന് രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമടക്കം മൂന്നു മക്കളുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. സെപ്റ്റംബറില്‍ നടന്ന ദേശീയ ആഘോഷത്തിന്റെ ഫൂട്ടേജുകളില്‍ അതിലൊരാളെ മിന്നായം പോലെ കണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ലോകത്തിനു മുന്നില്‍ ആദ്യമായി മകളെ അവതരിപ്പിച്ചിരിക്കുകയാണ് കിം. യു.എസില്‍ വരെ ആക്രമണം നടത്താന്‍ ശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ അധീനതയിലുള്ള സമുദ്രമേഖലയില്‍ പരീക്ഷിച്ചതിനു പിന്നാലെയാണ് മകളുമൊത്തുള്ള ചിത്രവുമായി കിം പ്രത്യക്ഷപ്പെട്ടത്.

മിസൈല്‍ പരീക്ഷണം കാണാന്‍ കിം എത്തിയത് മകള്‍ക്കൊപ്പമായിരുന്നു. ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി ചിത്രം പുറത്തു വിട്ടത്. വെളുത്ത കോട്ടും ധരിച്ച്‌ കിമ്മിന്റെ കൈ പിടിച്ചു നില്‍ക്കുന്ന മകളുടെ ചിത്രമാണ് പുറത്തുവിട്ടത്. എന്നാല്‍ കുട്ടിയുടെ പേര് ഇപ്പോഴും അജ്ഞാതമാണ്. വെള്ളിയാഴ്ചത്തെ ചടങ്ങില്‍ കിമ്മിന്റെ ഭാര്യ റി സോള്‍ ജുവും പങ്കെടുത്തതായി ഉത്തര കൊറിയന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കിം മകളുമൊത്ത് ആദ്യമായാണ് പൊതു ചടങ്ങില്‍ എത്തുന്നതെന്ന് യു.എസ് ആസ്ഥാനമായ സ്റ്റിംസണ്‍ സെന്ററിലെ ഉത്തര കൊറിയന്‍ വിഷയ വിദഗ്ധന്‍ മൈക്കല്‍ മാഡന്‍ പറഞ്ഞു. സെപ്റ്റംബറിലെ ദേശീയ അവധിദിന ആഘോഷങ്ങള്‍ക്കിടയില്‍ കുട്ടികളിലൊരാള്‍ പങ്കെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ താരമായിരുന്ന ഡെന്നിസ് റോഡ്മാന്‍ ഉത്തര കൊറിയ സന്ദര്‍ശിച്ചപ്പോള്‍ കിമ്മിനും കുടുംബത്തിനുമൊപ്പം സമയം ചെലവഴിച്ചിരുന്നെന്നും അന്ന് കിമ്മിന്റെ മകളെ കൈയില്‍ എടുത്തു എന്നും വെളിപ്പെടുത്തിയിരുന്നു. ജു എ എന്നാണ് പേരെന്നും അദ്ദേഹം പറഞ്ഞു. ജു എയ്ക്ക് 12-13 വയസ് പ്രായമുണ്ടാകുമെന്നും നാല് – അഞ്ച് വര്‍ഷത്തിനുള്ളില്‍ സൈനിക സേവനത്തിനോ സര്‍വകലാശാല പഠനത്തിനോ യോഗ്യത നേടുമെന്നും മാഡന്‍ പറഞ്ഞിരുന്നു.

കിമ്മിന്റെ സഹോദരിയെപ്പോലെ അണിയറയില്‍ നിന്നു കാര്യങ്ങള്‍ നിയന്ത്രിക്കാനോ ഉപദേഷ്ടാവായിട്ടോ കിമ്മിനെപ്പോലെ ഭരണതലപ്പത്ത് എത്തുന്നതിനോ ആയി ജു എയെ പരിശീലിപ്പിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരാണ് കിമ്മിന്റെ പിന്‍ഗാമിയെന്ന് ഉത്തര കൊറിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular