Friday, April 26, 2024
HomeGulfലോകകപ്പ്: വിമാനത്താവളങ്ങളില്‍ ഇന്നുമുതല്‍ തിരക്കേറും

ലോകകപ്പ്: വിമാനത്താവളങ്ങളില്‍ ഇന്നുമുതല്‍ തിരക്കേറും

ദുബൈ: ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാകുന്നതോടെ ദുബൈ അടക്കം യു.എ.ഇയിലെ വിമാനത്താവളങ്ങളില്‍ തിരക്കേറും.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള കളിയാരാധകര്‍ നിലവില്‍ യു.എ.ഇയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഖത്തറിലേക്ക് പോകുന്നവരും സാധാരണ യാത്രക്കാരും വിമാനത്താവളങ്ങളില്‍ എത്തുന്നതോടെ വന്‍ തിരക്കായിരിക്കും അനുഭവപ്പെടുക. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ മൂന്നു മണിക്കൂര്‍ മുമ്ബ് എത്തിച്ചേരണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെക്ക്-ഇന്‍ പൂര്‍ത്തിയാക്കാന്‍ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

യു.എ.ഇയില്‍ ദേശീയദിനത്തിന്‍റെ ഭാഗമായി നാലുദിവസം അവധി ലഭിക്കുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച വീണ്ടും തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അവധി ദിനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നാട്ടിലേക്ക് പോകുന്നവരും മറ്റുമായി യാത്രക്കാര്‍ വര്‍ധിക്കും. ഇതോടൊപ്പം പൊതുവെ വര്‍ഷത്തില്‍ തിരക്കേറിയ സീസണ്‍ ഡിസംബറില്‍ വരാനിരിക്കുന്നതും യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കും.

അതേസമയം, ലോകകപ്പിനായി ഖത്തറിലേക്ക് നടത്തുന്ന ഷട്ടില്‍ സര്‍വിസുകളില്‍ ഭൂരിപക്ഷവും പുറപ്പെടുന്നത് ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തില്‍നിന്നാക്കിയത് ദുബൈ വിമാനത്താവളത്തില്‍ തിരക്ക് നിയന്ത്രണവിധേയമാകാന്‍ സഹായിക്കും. ദിവസവും 120 ഷട്ടില്‍ സര്‍വിസുകളാണ് സെന്‍ട്രലില്‍നിന്ന് ദോഹയിലേക്കും തിരിച്ചും നടത്തുക. ഫ്ലൈ ദുബൈ, ഖത്തര്‍ എയര്‍വേസ് എന്നിവയാണ് ഷട്ടില്‍ സര്‍വിസ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു സര്‍വിസുകളില്‍നിന്ന് വ്യത്യസ്തമായി നിരക്ക് കുറവാണ് ഷട്ടില്‍ സര്‍വിസിന്. എന്നാല്‍, ഖത്തറിലെത്തി മത്സരം കണ്ട് 24 മണിക്കൂറിനുള്ളില്‍ തിരിച്ചുവരുന്ന രീതിയിലായിരിക്കണം ഈ സര്‍വിസില്‍ ടിക്കറ്റെടുക്കേണ്ടത്. ഷട്ടില്‍ സര്‍വിസിനുപുറമെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വിസ് നടത്താനും പദ്ധതിയുണ്ട്. ഇതോടെ, വേള്‍ഡ് സെന്‍ട്രലിലെ തിരക്കും മൂന്നിരട്ടിയായി വര്‍ധിക്കും. 60ഓളം ചെക്ക് ഇന്‍ കൗണ്ടറുകളും 21 ബോര്‍ഡിങ് ഗേറ്റും ഇവിടെ ഒരുക്കിയിട്ടുണ്ട്. 60 പാസ്പോര്‍ട്ട് കണ്‍ട്രോള്‍ കൗണ്ടറും 10 സ്മാര്‍ട്ട് ഗേറ്റുമുണ്ട്.

അബൂദബി, ഷാര്‍ജ വിമാനത്താവളങ്ങളില്‍നിന്ന് ലോകകപ്പിനായി പ്രത്യേക സര്‍വിസുകളുണ്ട്. ഇവിടങ്ങളിലും തിരക്ക് സാധാരണയിലും വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ വിമാനയാത്ര ചെയ്യുന്നവര്‍ മൂന്നു മണിക്കൂര്‍ മുമ്ബെങ്കിലും എത്തിച്ചേര്‍ന്നില്ലെങ്കില്‍ പ്രയാസപ്പെടുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular