Saturday, April 20, 2024
HomeEditorialകേരളത്തില്‍ ബുദ്ധിജീവികള്‍ ഉണ്ടോ?

കേരളത്തില്‍ ബുദ്ധിജീവികള്‍ ഉണ്ടോ?

ഉണ്ട് + ഇല്ല = ഉണ്ടില്ല എന്നതുപോലെ ഒരുതീരുമാനം പറയേണ്ടിവരും. ബുദ്ധിജീവികള്‍ കുറെപേരുണ്ട.,് വിരലില്‍ എണ്ണാവുന്നത്ര മാത്രം., അധികവും കുബുദ്ധികളാണ്., ബുദ്ധിയുണ്ടെന്ന് സ്വയം അഭിമാനിക്കുന്നവരാണ് അവര്‍. ഈക്കൂട്ടരെ കൂടുതലായി കാണപ്പെടുന്നത് ചാനല്‍ ചര്‍ച്ചകളിലും സാഹിത്യസദസുകളിലും മറ്റുമാണ്. രാഷ്ട്രീയക്കാരെ പൊതുവെ ബുദ്ധിഹീനരായി കണക്കാക്കുന്നതുകൊണ്ട് സാധുജീവികളെ ഉപദ്രവിക്കുന്നില്ല. അവര്‍ രാജ്യനശീകരണം എന്ന വിനാശകരമായ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട് ചിക്കന്‍ബിരിയാണി തിന്ന് കഴിയട്ടെ. ബുദ്ധിയില്ലാത്ത മറ്റൊരുവിഭാഗമാണ് മതനേതാക്കള്‍. ഇവരുടെ പ്രഭാഷണങ്ങള്‍ സത്യമാണന്ന് വിശ്വസിച്ച് അനുയായികളായി കഴിയുന്നവരും മന്ദബുദ്ധികളാണ്. മേല്‍പറഞ്ഞവരെ ബുദ്ധിമാന്മാരാക്കാന്‍ വിദ്യാഭ്യാസത്തിനോ മറ്റേതെങ്കിലും അഭ്യാസംകൊണ്ടോ സാധിക്കില്ല.

വിദ്യാഭ്യാസംകൊണ്ട് ബുദ്ധിമാന്മാരാകാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ സാധിക്കുമായിരുന്നെങ്കില്‍ ബുദ്ധിജീവികളെമുട്ടി വഴിനടക്കുവാന്‍ കേരളത്തില്‍ കഴിയുമായിരുന്നില്ല. ഒരു ഡിഗ്രിയെടുത്ത് പി എസ്സിയും എഴുതി സര്‍ക്കാരുദ്യോഗസ്ഥനായാല്‍ അന്നുമുതല്‍ അവന്റെബുദ്ധി മുരടിക്കാന്‍ തുടങ്ങുന്നു. പിന്നീടവന്‍ എങ്ങനെ അഴിമതി നടത്തണമെന്നതിനെപറ്റിയുള്ള ഗവേഷണം ആരംഭിക്കയായി. കൈക്കൂലിവാങ്ങി പൊതുജനത്തെ ഉപദ്രവിക്കണമെന്ന ചിന്തമാത്രമെ അവനുള്ളു. റിട്ടയര്‍ ചെയ്യുന്നതുവരെ അവന്റെ തലച്ചോര്‍ കോള്‍ഡുസ്റ്റോറേജില്‍വച്ച് ഭദ്രമായി സൂക്ഷിക്കുന്നു. റിട്ടയര്‍ ചെയ്തുകഴിഞ്ഞാലും വീട്ടിലിരുന്ന് പത്രങ്ങള്‍ വായിച്ചും ടീവിയിലെ സീരിയലുകള്‍ കണ്ടും പേരക്കുട്ടികളെ കളിപ്പിച്ചും കഴിഞ്ഞുകൂടാനാണ് അവനിഷ്ടം.. ഇതിനെല്ലാം അപവാദമായി വളരെക്കുറച്ചുപേര്‍ മാത്രമെ ഉണ്ടാകുകയുള്ളു. അവര്‍ കിട്ടിയ അവസരം ഉപയോഗിച്ച് പുസ്തകങ്ങളും മറ്റുംവായിച്ച് അറിവ്‌സമ്പാദിക്കാന്‍ ശ്രമിക്കുന്നു.

(പണ്ട് നാട്ടിലായിരുന്നപ്പോള്‍ എന്റെപരിചയത്തില്‍പെട്ട ഒരുവന് സര്‍ക്കാരുദ്യോഗം കിട്ടിയതറിഞ്ഞ് ഞാന്‍ അഭിനന്ദിക്കയുണ്ടായി. അവന്റെമുഖത്ത് വലിയ സന്തോഷം കാണാഞ്ഞതിന്റെ കാരണംതിരക്കിയപ്പോള്‍ അവന്‍പറഞ്ഞു. കൈക്കൂലികിട്ടാന്‍ യാതൊരു സാധ്യതയുമില്ലാത്ത വകുപ്പിലാണ് പോസ്റ്റുചെയ്തിരിക്കുന്നത്. RTO യിലോ PWD യിലോ മറ്റോ ആയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.)
പാശ്ചാത്യരാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ ജോലിചെയ്യുന്ന പ്രൊഫസര്‍മാര്‍ ഗവേഷണങ്ങളില്‍ ഏര്‍പെട്ട് നോബല്‍സമ്മാനവും മറ്റും നേടുമ്പോള്‍ നമ്മുടെ യൂണിവേര്‍സിറ്റികളിടെ അദ്ധ്യാപകര്‍ വര്‍ഷത്തില്‍ ഇരുപതോ മുപ്പതോദിവസങ്ങള്‍ കുട്ടികളെ പഠിപ്പിച്ച് ബാക്കിയുള്ള ദിവസങ്ങളില്‍ വീട്ടിലിരുന്ന് പ്രൈവറ്റ് ട്യൂഷനെടുത്ത് പണമുണ്ടാക്കി യു ജി സി ശമ്പളവും വാങ്ങി സുഹമായി കഴിയുന്നു. ഇരുപതോ മുപ്പതോയെന്ന് പറയാന്‍കാരണം അത്രയും ദിവസങ്ങള്‍മാത്രമെ കോളജുകള്‍ പ്രവര്‍ത്തിക്കുന്നുള്ളു. വര്‍ഷത്തിന്റെ ബാക്കിദിവസങ്ങള്‍ വിദ്യാര്‍ഥി സംഘടനകളുടെയും അദ്ധ്യാപകരുടെയും സമരങ്ങളാണ്. ഗവേഷണമൊക്കെ സായിപ്പ് ചെയ്‌തോട്ടെ എന്നാണ് നമ്മുടെ പ്രൊഫസര്‍മാരുടെ അഭിപ്രായം.
ഒന്നോരണ്ടോ കവതകളോ ഒരുനോവലോ എഴുതിക്കഴിഞ്ഞാന്‍ ഒരുവന്‍ ബുദ്ധിജീവിയായി മാറുന്നു. പിന്നീടവന്‍ ആകാശത്തിനുകീഴിലുള്ള എല്ലാകാര്യങ്ങളെപറ്റിയും അഭിപ്രയം പറയും. ചാനല്‍ ചര്‍ച്ചകളിലെ നിറസാന്നിധ്യമായി മാറുന്നു. താന്‍പിടിച്ച മുയലിന് നാലുകൊമ്പ് എന്നരീതിയിലാണ് അവന്റെ അഭിപ്രായപ്രകടനം. താടിമീശ വളര്‍ത്തി നീളന്‍കുപ്പായവും തോളിലൊരു തുണിസഞ്ചിയും തൂക്കിയാല്‍ ബുദ്ധിജീവയാകുമെന്ന് കരുതുന്ന ചിലരുണ്ട്. താടിമീശ എന്തായാലും അത്യാവശ്യമാണ്. കേരളത്തിലെ ഒരു പ്രസാധകശാലയിലെത്തിയപ്പോള്‍ ഹോചിനിന്റെകൂട്ടുള്ള ഊശാന്‍താടി വളര്‍ത്തിയ ഒരാളെ കാണാന്‍ സാധിച്ചു. അദ്ദേഹവും ഒരു സാഹിത്യകാരനാണെന്നാണ് ഭാവിക്കുന്നത്. നല്ലത് വരട്ടെ.
സിനിമരംഗത്തും ബുദ്ധിജീവികളെന്ന് അഭിമാനിക്കുന്നവരുണ്ട്. അത് അവരുടെ കുഴപ്പമല്ല. അവരെ ബുദ്ധിമാന്മാരായി എഴുന്നെള്ളിച്ച് കൊണ്ടുനടക്കുന്നവരെ പറഞ്ഞാല്‍മതി. സര്‍വോജ്ഞപട്ടം തലയില്‍ ചാര്‍ത്തിയാല്‍ വേണ്ടന്ന് പറയുന്നവരില്ല. സിനിമാനടന്മാര്‍ ബുദ്ധിജീവികളായി നടക്കുന്നതുകൊണ്ട് സമൂഹത്തിന് ദോഷമൊന്നുമില്ല. ബോറടിപ്പിക്കുന്ന സിനിമകളില്‍ അഭിനയിക്കാതിരുന്നാല്‍ മതി.
സ്ത്രീകള്‍ക്ക് പൊതുവെ ബുദ്ധികുറവാണെന്നാണ് പുരുഷന്മാരുടെ പക്ഷം. അത് ശരിയാണന്ന് പറഞ്ഞാല്‍ സ്ത്രീകളെല്ലാംകൂടി എന്നെ കൊല്ലാന്‍വരുമെന്നുള്ളതുകൊണ്ട് ഞാനീനാട്ടുകാരനല്ല എന്നനയം സ്വീകരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നത്. പ്രായോഗികബുദ്ധി സ്ത്രീകള്‍ക്ക് കുറവാണെന്ന അഭിപ്രായം എനിക്കുമുണ്ട്. വിവരമുള്ള സ്ത്രീകള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അഭിപ്രായം പറയട്ടെ.
ലോകം അറിയുന്ന ശാസ്ത്രജ്ന്മാര്‍ മലയാളികളുടെ ഇടയിലില്ല. ഇന്‍ഡ്യയില്‍പോലും മലയാളികളായവര്‍ കുറവാണ്. ഒരുലിമിറ്റുകഴിഞ്ഞാല്‍ അതിനപ്പുറം ഉയരണമെന്ന ആഗ്രഹം ഇല്ലാത്തതാകാം കാരണം. ഒരുജോലികിട്ടി കുടുംബവും ആയിക്കഴിഞ്ഞാല്‍ അവന്‍ ജീവിതത്തില്‍ സംതൃപ്തനാണ്. സായിപ്പിന്റെകൂട്ടുള്ള ഡെഡിക്കേഷന്‍ മലയാളിക്കെന്നല്ല ഇന്‍ഡ്യാക്കാരനുമില്ല. അതുകൊണ്ടാണ് നോബല്‍സമ്മാനം ഇന്‍ഡ്യാക്കാരനെതേടി വരാത്തത്.
എന്റെ അറിവില്‍ കേരളത്തില്‍ ഒരുബുദ്ധിജീവിയുണ്ടെങ്കില്‍ അത് തിരുവനന്തപുരം യൂണവേഴ്‌സിറ്റി കോളജിലെ അദ്ധ്യാപകനായ സി. രവിചന്ദ്രനാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പലവിധ വിഷയങ്ങളെപറ്റിയുള്ളതാണ്. യുട്യൂബില്‍ കേട്ടിരിക്കാന്‍ രസമുള്ളതും അറിവ് സമ്പാദിക്കാന്‍ അവസരം നല്‍കുന്നതുമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍. കേട്ടിട്ടില്ലാത്തവര്‍ കേള്‍ക്കാന്‍ ശ്രമിക്കുക.

സാം നിലമ്പള്ളില്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular