Saturday, April 20, 2024
HomeKeralaതരൂരിനെ വിലക്കിയതിനെതിരെ അന്വേഷണം വേണം; ഹൈക്കമാന്റിന് കത്തയച്ച്‌ എം.കെ രാഘവന്‍

തരൂരിനെ വിലക്കിയതിനെതിരെ അന്വേഷണം വേണം; ഹൈക്കമാന്റിന് കത്തയച്ച്‌ എം.കെ രാഘവന്‍

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പരിപാടിയില്‍ നിന്ന് ശശി തരൂര്‍ എംപിയെ വിലക്കിയതിനെതിരെ കോഴിക്കോട് എംപി എം കെ രാഘവന്‍ ഹൈക്കമാന്റിന് പരാതി നല്‍കി.

പരിപാടിക്ക് വിലക്കിട്ടതിനു പിന്നില്‍ ആരാണെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി,കെ സുധാകരന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ രാഘവന്റെ നടപടി.

പരിപാടി മാറ്റിവയ്ക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന സമകാലിക പ്രധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യപ്പെടുന്ന സെമിനാര്‍ എന്തുകൊണ്ടാണ് മാറ്റിവെച്ചതെന്നും കാരണക്കാര്‍ ആരാണെന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്ക് യാതൊരു മുന്‍വിധിയുമില്ലെന്നും അന്വേഷിച്ചാലേ ആരാണ് കുറ്റക്കാരെന്ന് കണ്ടെത്താന്‍ കഴിയൂവെന്നും എം.കെ. രാഘവന്‍ പറഞ്ഞു.

ശശി തരൂര്‍ എം.പിയുടെ മലബാര്‍ സന്ദര്‍ശനത്തില്‍ വിഭാഗീയ പ്രവര്‍ത്തനമില്ലെന്ന് അദ്ദേഹം പറഞ്ഞു. “തങ്ങള്‍ എല്ലാവരേയും ബഹുമാനിക്കുന്നവരാണ്. കുത്തിയാല്‍ പൊട്ടുന്ന ബലൂണിനേയും സൂചിയേയും അത് പിടിക്കുന്ന കൈകളേയും ബഹുമാനിക്കുന്നു.” വി ഡി സതീശന്റെ പരാമര്‍ശങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. “ആരേയും എതിര്‍ക്കാനും നിരാകരിക്കാനും തങ്ങളില്ല. തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും. നേതൃത്വം വിളിച്ചാല്‍ സംസാരിക്കാന്‍ തയ്യാറാണ്. മാന്യമായ രാഷ്ട്രീയമാണ് തങ്ങള്‍ നടത്തുന്നത്.” രാഘവന്‍ പറഞ്ഞു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരല്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് താന്‍ തരൂരിനൊപ്പം നിലയുറപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular